'ഹര്‍ ഘര്‍ ഡിഫെന്‍ഡര്‍ യോജന' ആണോ? ഇന്ത്യയിലെ സ്‌റ്റോക്ക് കണ്ടാല്‍ ആരും ചോദിച്ചുപോകും
എസ്‌യുവികള്‍ ആധിപത്യം പുലര്‍ത്തുന്ന ഒരു രാജ്യത്ത്, വാഹന പ്രേമികളുടെ ഹൃദയം കവര്‍ന്ന ഒരു യഥാര്‍ത്ഥ ഐക്കണ്‍ ആണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. തിരക്കേറിയ നഗരവീഥികള്‍ മാത്രമല്ല ഹിമാലയം കീഴടക്കാന്‍ വരെ പോന്ന ഡിഫെന്‍ഡര്‍ കരുത്തിന്റെയും ആഡംബരത്തിന്റെയും സംയോജനം വാഗ്ദാനം ചെയ്യുന്നു. നിലവില്‍ ഇന്ത്യന്‍ റോഡുകളിലെ സാഹസികതയുടെയും പദവിയുടെയും പ്രതീകമായി ഈ ബ്രിട്ടീഷ് എസ്‌യുവി മാറിയിരിക്കുകയാണ്. ഐതിഹാസികമായ ഓഫ്-റോഡ് കഴിവുകളെ ആധുനിക ആഡംബരവും നൂതന സാങ്കേതികവിദ്യയും സംയോജിപ്പിച്ചുകൊണ്ട്, ഡിഫെന്‍ഡര്‍ ഇന്ത്യന്‍ വാഹനപ്രേമികള്‍ക്കിടയില്‍ സ്വന്തമായി ഒരു ഇടം നേടിയിട്ടുണ്ട്, ഇന്ത്യയിലെ സെലിബ്രിറ്റികള്‍ ഈ കാര്‍ വാങ്ങാനായി മത്സരിക്കുകയാണ്.
ഡ്രൈവ്സ്പാര്‍ക്ക് മലയാളം സൈറ്റിലെ സ്ഥിരം സന്ദര്‍ശകര്‍ക്ക് ഇത് അറിയാവുന്ന കാര്യമാണ്. ഓരോ മാസവും ഒരു സെലിബ്രിറ്റിയെങ്കിലും ഈ കാറിന്റെ ഡെലിവറിയെടുക്കുന്നുണ്ട്. മലയാള സിനിമാ ലോകത്തും വളരെ ജനപ്രിയമായ ഒരു വാഹനമാണ് ഡിഫെന്‍ഡര്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ യുവതാരമായ ആസിഫലിയുടെ പക്കല്‍ വരെ ഈ എസ്‌യുവിയുണ്ട്. ചെറുപ്രായത്തില്‍ തന്നെ കോടീശ്വരന്‍മാരാകുന്ന യംഗ് പ്രഫഷനലുകള്‍ ആദ്യം പരിഗണിക്കുന്ന കാറുകളില്‍ ഒന്നും കൂടിയാണ് ഡിഫെന്‍ഡര്‍.

ഇപ്പോള്‍ ഡിഫെന്‍ഡറിന് ഇന്ത്യയിലുള്ള ജനപ്രീതിക്ക് തെളിവായി ഇന്ത്യയില്‍ വില്‍ക്കാനായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഒരുക്കിവെച്ചിരിക്കുന്ന ഡിഫെന്‍ഡറിന്റെ വമ്പന്‍ സ്്റ്റോക്ക് കാണിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധിക്കപ്പെടുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് rohitsaroj9053 എന്ന അക്കൗണ്ട് വഴി driftxp എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഡിഫെന്‍ഡര്‍ സ്റ്റോക്കിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'ഹര്‍ ഘര്‍ ഡിഫെന്‍ഡര്‍ യോജന' ആണോ എന്ന അടിക്കുറിപ്പുമായാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കോടികള്‍ വിലമതിക്കുന്ന ഈ കാറിന്റെ ഇത്രയും വലിയ ശേഖരം കണ്ടാല്‍ ആരായാലും ഇതേ ചോദ്യം ചോദിച്ച് പോകും. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാഡില്‍ നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് കമന്റ്ബോകസില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്നത്. നിലവില്‍ 1.05 കോടി മുതല്‍ 2.59 കോടി രൂപ വരെയാണ് ഡിഫെന്‍ഡറിന്റെ വില പോകുന്നത്. ഡിഫെന്‍ഡര്‍ ഇന്ത്യയില്‍ ഇത്ര ജനപ്രിയമാകാനുള്ള കാരണങ്ങളില്‍ ചിലത് നമുക്ക് വിശദമായി പരിശോധിക്കാം.
ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ നിലവില്‍ മൂന്ന് ബോഡി സ്‌റ്റൈലുകളില്‍ ഇന്ത്യയില്‍ ലഭ്യമാണ്. ഇതില്‍ ആദ്യത്തേത് സാധാരണ മോഡലായ 110 ആണ്. രണ്ടാമത്തേത് 7 പേര്‍ക്ക് വരെ യാത്ര ചെയ്യാന്‍ സാധിക്കുന്ന നീളം കൂടിയ 130 ആണ്. അവസാനമായി ഏറ്റവും ചെറിയ ഡിഫന്‍ഡര്‍ 90-യും ലഭ്യമാണ്. ഈ മോഡലുകള്‍ക്കെല്ലാം ഒരേ രൂപകല്‍പ്പനയാണുള്ളത്. പ്രധാന വ്യത്യാസം അവയുടെ നീളമാണ്.
പുതിയ ഡിഫെന്‍ഡര്‍ അതിന്റെ ഐതിഹാസികമായ രൂപവും ആധുനിക ഡിസൈന്‍ ഘടകങ്ങളും സമന്വയിപ്പിച്ച് ആകര്‍ഷകമായാണ് വരുന്നത്. മിനിമലായ ഫ്രണ്ട്, റിയര്‍ ഓവര്‍ഹാംഗുകള്‍, ആല്‍പൈന്‍ ലൈറ്റ് വിന്‍ഡോകള്‍, സൈഡ്-ഹിംഗഡ് റിയര്‍ ടെയില്‍ഗേറ്റ്, എക്സ്റ്റേണലി മൗണ്ടഡ് സ്പെയര്‍ വീല്‍ തുടങ്ങിയ സവിശേഷതകള്‍ പഴയ മോഡലിന്റെ സ്വഭാവം നിലനിര്‍ത്തുന്നു. എക്സ്പ്ലോറര്‍, അഡ്വഞ്ചര്‍, കണ്‍ട്രി, അര്‍ബന്‍ തുടങ്ങിയ ആക്സസറി പാക്കുകള്‍, വൈവിധ്യമാര്‍ന്ന എക്സ്റ്റീരിയര്‍ നിറങ്ങള്‍, വീല്‍ ഡിസൈനുകള്‍ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഡിഫെന്‍ഡര്‍ കസ്റ്റമൈസ് ചെയ്യാം.

ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലുകള്‍, മികച്ച സീറ്റിംഗ്, സ്മാര്‍ട്ട് സ്റ്റോറേജ് എന്നിവ ഡിഫന്‍ഡറിന്റെ ഇന്റീരിയറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. മുന്‍ നിരയിലെ ജമ്പ് സീറ്റ് പോലുള്ള ഓപ്ഷണല്‍ ഫീച്ചറുകള്‍ സീറ്റിംഗ് ക്രമീകരണങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്നു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉപയോഗിക്കാന്‍ എളുപ്പമാണ്. കണക്റ്റഡ് നാവിഗേഷന്‍ പ്രോ, സോഫ്‌റ്റ്വെയര്‍ ഓവര്‍ ദി എയര്‍ (SOTA) അപ്‌ഡേറ്റുകള്‍ എന്നിവ ഇതില്‍ ലഭ്യമാണ്.
ക്ലിയര്‍സൈറ്റ് റിയര്‍ വ്യൂ, ക്ലിയര്‍സൈറ്റ് ഗ്രൗണ്ട് വ്യൂ (3D സറൗണ്ട് ക്യാമറ സിസ്റ്റത്തിന്റെ ഭാഗം) എന്നിവ ഡ്രൈവര്‍മാര്‍ക്ക് മികച്ച ദൃശ്യപരത നല്‍കുന്നു, ഇത് ഓഫ്-റോഡ് യാത്രകളില്‍ വളരെ പ്രയോജനകരമാണ്. ഡിഫെന്‍ഡര്‍ യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കിയിട്ടുണ്ട്.
അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയിന്‍ കീപ്പ് അസിസ്റ്റ് തുടങ്ങിയ നിരവധി സുരക്ഷാ ഫീച്ചറുകള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. 4-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹീറ്റിംഗ്, കൂളിംഗ് ഫംഗ്ഷനുകളുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍, മെറിഡിയന്‍ സൗണ്ട് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD) തുടങ്ങിയ ഫീച്ചറുകള്‍ ഡിഫെന്‍ഡറിലെ യാത്ര കൂടുതല്‍ സുഖകരമാക്കുന്നു.
2.0-ലിറ്റര്‍, 3.0-ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകള്‍, 3.0-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, 5.0-ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിന്‍ എന്നിങ്ങനെ നിരവധി എഞ്ചിന്‍ ഓപ്ഷനുകളില്‍ നിന്ന് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ഓഫ്റോഡ്, ഓണ്‍റോഡ് യാത്രകള്‍ക്ക് വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്ത 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നു.

കോണ്‍ഫിഗറബിള്‍ ടെറൈന്‍ റെസ്‌പോണ്‍സ്, ടെറൈന്‍ റെസ്‌പോണ്‍സ് 2 സിസ്റ്റങ്ങള്‍ എന്നിവ ഉപയോഗിച്ച് മരുഭൂമിയായാലും മഞ്ഞ് മൂടിയ മലനിരകള്‍ ആയാലും പാറക്കെട്ടുകള്‍ നിറഞ്ഞ ഭൂപ്രദേശങ്ങള്‍ ആയാലും അവയ്ക്കെല്ലാം അനുയോജ്യമായ രീതിയില്‍ വാഹനത്തിന്റെ ക്രമീകരണങ്ങള്‍ മാറ്റാന്‍ കഴിയും. 291 mm ഗ്രൗണ്ട് ക്ലിയറന്‍സും 900 mm വാട്ടര്‍വാഡിംഗ് ഡെപ്തും ഉള്ള ഡിഫെന്‍ഡറിന് ഏത് തടസങ്ങളെയും എളുപ്പത്തില്‍ മറികടക്കാന്‍ കഴിയും.
ഐതിഹാസികമായ ഓഫ്-റോഡ് കരുത്തും ആധുനിക ആഡംബരവും സാങ്കേതികവിദ്യയും ചേര്‍ന്ന ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഇന്ത്യന്‍ വിപണിയില്‍ വളരെ വേഗത്തില്‍ പ്രചാരം നേടുന്നു. അതിനുള്ള തെളിവാണ് നമ്മള്‍ മുകളില്‍ കണ്ട വീഡിയോ. ഇന്ത്യയും യുകെയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെച്ചതോടെ ഡിഫെന്‍ഡര്‍ അടക്കമുള്ള ബ്രിട്ടീഷ് കാറുകളുടെ വില കുറയാന്‍ പോകുകയാണ്. അങ്ങിനെ വന്നാല്‍ ഇന്ത്യയില്‍ ഡിഫെന്‍ഡറിന്റെ വില്‍പ്പന പൊടിപൊടിക്കും.


Click it and Unblock the Notifications








