7-സീറ്റര്‍ MPV, മാരക മൈലേജുള്ള SUV, ഇവി... 2026 ജനുവരിയില്‍ തന്നെ ഇത്രയധികം ലോഞ്ചുകളോ!

2025-നോട് ബൈ പറഞ്ഞ് 2026 കലണ്ടര്‍ വര്‍ഷത്തെ വരവേല്‍ക്കാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് ലോകം. 2025 വിട പറയാന്‍ ഇനി 10 ദിവസത്തില്‍ താഴെ മാത്രമാണ് ബാക്കി. വര്‍ഷത്തിലെ അവസാന മാസമായ ഡിസംബറില്‍ മുഴുവന്‍ സ്‌റ്റോക്കും വിറ്റഴിച്ച് മികച്ച രീതിയില്‍ അവസാനിപ്പിക്കാനാണ് എല്ല കമ്പനികളുടെയും ശ്രമം. പുതുവര്‍ഷത്തിലെ ആദ്യ മാസമായ ജനുവരിയില്‍ സാധാരണയായി നിരവധി പുത്തന്‍ വാഹനങ്ങള്‍ പുറത്തിറങ്ങാറുണ്ട്. 2026 ജനുവരി മാസവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. പുതുവര്‍ഷാരംഭത്തില്‍ 7 പുതിയ കാറുകളാണ് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ആ കിടിലന്‍ മോഡലുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

രണ്ടാം തലമുറ കിയ സെല്‍റ്റോസ്

ഈ മാസം മറനീക്കി പുറത്തുകൊണ്ടുവന്ന രണ്ടാം തലമുറ കിയ സെല്‍റ്റോസ് എസ്‌യുവിയാണ് അടുത്ത വര്‍ഷം ആദ്യം പുറത്തിറങ്ങാന്‍ പോകുന്ന കാറുകളില്‍ ഒന്ന്. ഇതിനോടകം ബുക്കിംഗ് ആരംഭിച്ച 2026 സെല്‍റ്റോസ് താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 25,000 രൂപ ടോക്കണ്‍ തുക നല്‍കി റിസര്‍വ് ചെയ്യാം. കിയയുടെ K3 പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച രണ്ടാം തലമുറ സെല്‍റ്റോസ് അകത്തും പുറത്തും നിരവധി നവീകരണങ്ങളുമായാണ് എത്തുന്നത്.

2026 kia seltos

ഗ്ലോബല്‍ കിയ എസ്‌യുവികള്‍ക്ക് സമാനമായ ഡിസൈന്‍ ഭാഷയില്‍ വരുന്ന പുതിയ സെല്‍റ്റോസിന് ഔട്ട്‌ഗോയിംഗ് മോഡലിനെക്കാള്‍ 95 mm നീളവും 30 mm വീതിയും 80 mm ഗ്രൗണ്ട് ക്ലിയറന്‍സും അധികമുണ്ട്. എഞ്ചിന്‍ ഓപ്ഷനുകളില്‍ 1.5 ലിറ്റര്‍ നാചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍, 1.5 ലിറ്റര്‍ TGDI പെട്രോള്‍ എന്നിവ ഉള്‍പ്പെടുന്നു. ജനുവരി രണ്ടിന് വില പ്രഖ്യാപിക്കുന്ന ന്യൂജെന്‍ സെല്‍റ്റോസിന്റെ ഡെലിവറി തൊട്ടുപിന്നാലെ ആരംഭിക്കും.

മാരുതി ഇ-വിറ്റാര

ഈ വര്‍ഷം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന മാരുതിയുടെ ആദ്യ ഇലക്ട്രിക് കാറായ ഇ-വിറ്റാരയുടെ വില പ്രഖ്യാപനം അടുത്ത മാസം നടക്കുമെന്നാണ് വിവരം. വില ഒഴികെ ഇലക്ട്രിക് എസ്‌യുവിയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ എല്ലാം കമ്പനി ഇതിനോടകം വെളിപ്പെടുത്തിയിരുന്നു. ഡെല്‍റ്റ, സീറ്റ, ആല്‍ഫ വേരിയന്റുകളില്‍ ഇ-വിറ്റാര ലഭ്യമാകും. മാരുതി ഇവിറ്റാര 49 kWh, 61 kWh എന്നീ ബാറ്ററി ഓപ്ഷനുകളിലാണ് ലഭ്യമാകുക.

maruti suzuki e-vitara

വലിയ ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 543 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഫ്രണ്ട്-വീല്‍ ഡ്രൈവ് ഓപ്ഷനോടു കൂടിയ ഇലക്ട്രിക് എസ്‌യുവി 172 bhp പവറും 193 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 100-ലേറെ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ പോകുന്ന ഇവിയുടെ ആഗോള നിര്‍മാണ കേന്ദ്രം ഗുജറാത്തിലെ ഹന്‍സല്‍പൂരിലുള്ള സുസുക്കി പ്ലാന്റാണ്. ഇ-വിറ്റാരയുടെ കയറ്റുമതി കമ്പനി ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

ന്യൂജെന്‍ റെനോ ഡസ്റ്റര്‍

ഇന്ത്യയില്‍ മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിന് തുടക്കം കുറിച്ച റെനോ ഡസ്റ്റര്‍ എന്ന മോഡല്‍ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം പുത്തന്‍ അവതാരത്തില്‍ റീ എന്‍ട്രി നടത്താന്‍ പോകുകയാണ്. ഇതിനോടകം ആഗോള വിപണിയില്‍ ലഭ്യമായ പുതിയ റെനോ ഡസ്റ്റര്‍ റിപബ്ലിക്ക് ദിനത്തിന്റെ അന്ന് അതായത് 2026 ജനുവരി 26-ന് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കും. ലോഞ്ച് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

new gen renault duster

CMF-B പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഈ കാറിന് 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 154 bhp പവറും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനും കമ്പനി അവതരിപ്പിച്ചേക്കും. പുതിയ റെനോ ഡസ്റ്ററിന്റെ ഗ്ലോബല്‍ സ്‌പെക്കിന് സമാനമായി ഇത് ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്. 5-സീറ്റര്‍ പതിപ്പ് പുറത്തിറങ്ങി ഏതാനും മാസങ്ങള്‍ കഴിഞ്ഞ് എസ്‌യുവിയുടെ 3 വരി പതിപ്പും പുറത്തിറക്കും.

സ്‌കോഡ കുഷാഖ് ഫെയ്സ്ലിഫ്റ്റ്

ചെക്ക് ബ്രാന്‍ഡ് തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ കുഷാഖിന് ജനുവരിയില്‍ മിഡ്-ലൈഫ് അപ്ഡേറ്റ് നല്‍കാന്‍ പോകുകയാണ്. ഫ്രണ്ട് ഫാസിയ, അലോയ് വീലുകള്‍, റിയര്‍ എന്നിവ പരിഷ്‌കരിക്കുന്നതിനൊപ്പം എസ്‌യുവിയുടെ ക്യാബിനുള്ളിലും മാറ്റങ്ങളുണ്ടാകും. പനോരമിക് സണ്‍റൂഫ്, 360-ഡിഗ്രി ക്യാമറ, ലെവല്‍ 2 ADAS എന്നിവ കൂട്ടിച്ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. നിലവിലുള്ള 1.0 ലിറ്റര്‍ TSI, 1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളോടെ ലഭ്യമാകും.

മഹീന്ദ്ര XUV 7XO

മഹീന്ദ്ര തങ്ങളുടെ XUV 700 എസ്‌യുവിക്ക് മിഡ്-ലൈഫ് അപ്ഡേറ്റ് നല്‍കുകയാണ്. മഹീന്ദ്ര XUV 7XO എന്ന് പുനര്‍നാമകരണം ചെയ്ത് വരുന്ന മോഡല്‍ ജനുവരി അഞ്ചിന് പുറത്തിറങ്ങും. പുത്തന്‍ എസ്‌യുവിയുടെ അകത്തും പുറത്തും കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നാണ് ടീസര്‍ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ കമ്പനി വിപണിയില്‍ എത്തിച്ച 7 സീറ്റര്‍ ഇലക്ട്രിക് എസ്‌യുവിയായ മഹീന്ദ്ര XUV 9S ഇവിയുമായി ഡിസൈനിംഗിലും ഫീച്ചര്‍ ലിസ്റ്റിലും സാമ്യത പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ത്രീ സ്‌ക്രീന്‍ ഡാഷ്ബോര്‍ഡ് സെറ്റപ്പ്, മസാജ് ഫംഗ്ഷനോട് കൂടിയ ഫ്രണ്ട് സീറ്റുകള്‍, പിന്നില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, 6 സീറ്റര്‍ കോണ്‍ഫിഗറേഷന്‍, പ്രീമിയം സൗണ്ട് സിസ്റ്റം, മള്‍ട്ടി-കളര്‍ ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് എസ്‌യുവിയില്‍ പ്രതീക്ഷിക്കുന്ന പ്രധാന സവിശേഷതകള്‍. മുന്‍ഗാമിയെ പോലെ പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളില്‍ XUV 7XO വാങ്ങാം.

nissan gravite mpv

നിസാന്‍ ഗ്രാവൈറ്റ് എംപിവി

ജനുവരിയില്‍ നിസാന്‍ ഗ്രാവൈറ്റ് എന്ന പേരില്‍ പുതിയ കോംപാക്റ്റ് 7 സീറ്റര്‍ എംപിവി അവതരിപ്പിക്കാന്‍ പോകുകയാണ്. CMF-A+ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഗ്രാവൈറ്റിന് അകത്തും പുറത്തും റെനോ ട്രൈബറിനോട് സാമ്യതയുണ്ട്. 76 hp പവറും 95 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനായിരിക്കും ഹൃദയം. ജനുവരിയില്‍ അരങ്ങേറുന്ന എംപിവി മാര്‍ച്ചില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് കരുതുന്നു.

ടാറ്റ പഞ്ച് ഫെയ്സ്ലിഫ്റ്റ്

ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ജനപ്രിയ മൈക്രോ എസ്‌യുവിയായ പഞ്ചിന് മിഡ്-ലൈഫ് അപ്ഡേറ്റ് സമ്മാനിക്കുകയാണ്. ഇതിനോടകം നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണില്‍ പതിഞ്ഞ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത മാസം പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പുതിയ സ്റ്റിയറിംഗ് വീല്‍, ഡാഷ്ബോര്‍ഡ് ലേഔട്ട്, 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയടക്കം വരുന്ന കാറിന് പവര്‍ട്രെയിന്‍ വശം മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.

തുടക്കം ഗംഭീരമായാല്‍ ബാക്കി ഓക്കെ ആയിക്കോളും എന്ന് പറയുന്നത് പോലെ പുത്തന്‍ ലോഞ്ചുകളുമായി പുതുവര്‍ഷത്തിലേ തന്നെ കളംനിറയാനാണ് വണ്ടിക്കമ്പനികളുടെ പ്ലാന്‍. 2026 ജനുവരിയില്‍ 7 കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇവയില്‍ ചില മോഡലുകളുടെ അവതരണം മാത്രമായിരിക്കും നടക്കുക. ഏതായാലും വാഹനപ്രേമികളെ ആവേശം കൊള്ളിക്കാന്‍ പോകുന്ന പുത്തന്‍ ലോഞ്ചുകളെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ വരുംദിവസങ്ങളില്‍ അറിയാം.

More from DriveSpark

Article Published On: Monday, December 22, 2025, 9:10 [IST]
English summary
List of cars set to launch and debut in 2026 january from new gen kia seltos to tata punch facelift
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X