ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടി നിസാന്റെ 'ഒറ്റയാള്‍ പട്ടാളം'! ചെറിയൊരു ട്വിസ്റ്റുണ്ടേ...
ഇന്ത്യയില്‍ ഒറ്റക്ക് ഒരു കമ്പനിയെ തോളിലേറ്റി കൊണ്ടുപോകുന്ന കാര്‍ മോഡലാണ് നിസാന്‍ മാഗ്‌നൈറ്റ്. സബ് 4 മീറ്റര്‍ എസ്‌യുവി മാന്യമായ വില്‍പ്പന നേടുന്നതിനാലാണ് ജാപ്പനീസ് ബ്രാന്‍ഡ് ഇന്ത്യയില്‍ നിന്ന് കഞ്ഞികുടിച്ച് പോകുന്നത്. 2024 കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനം നിസാന്‍ മാഗ്‌നൈറ്റിന് ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിച്ചിരുന്നു. അകത്തും പുറത്തും ചില്ലറ പരിഷ്‌കാരങ്ങളുമായാണ് എസ്‌യുവി പുറത്തിറങ്ങിയത്. ഇപ്പോള്‍ അപ്‌ഡേറ്റഡ് നിസാന്‍ മാഗ്‌നൈറ്റിന്റെ ഗ്ലോബല്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാമിന് (GNCAP) കീഴില്‍ നടത്തിയ ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഈ കാര്‍ ഇടിക്കൂട്ടില്‍ 5 സ്റ്റാര്‍ നേടി തിളങ്ങിയെങ്കിലും ചെറിയൊരു ട്വിസ്റ്റുണ്ട്. അത് വിശദമായി വായിക്കാം.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്ലോബല്‍ NCAP അവരുടെ പഴയ ക്രാഷ് സുരക്ഷാ പരിശോധനാ പ്രോട്ടോക്കോളുകള്‍ അടിസ്ഥാനമാക്കി നിസാന്‍ മാഗ്‌നൈറ്റ് ക്രാഷ് ടെസ്റ്റ് ചെയ്തപ്പോള്‍ 4 സ്റ്റാര്‍ റേറ്റിംഗായിരുന്നു ലഭിച്ചത്. ഇത് മാന്യമായ ഫലമായിരുന്നു. പുതിയ പ്രോട്ടോക്കോള്‍ പ്രകാരം ഇടിക്കൂട്ടില്‍ കയറിയപ്പോള്‍ മാഗ്‌നൈറ്റ് 5 സ്റ്റാര്‍ റേറ്റിംഗ് വരെ നേടി ലെവല്‍ ഉയര്‍ത്തിയിരിക്കുകയാണ്.

അതെന്താണ് 5 സ്റ്റാര്‍ വരെയെന്ന് ചിന്തിച്ച് തലപുണ്ണാക്കണ്ട. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ ഈ എസ്‌യുവി യുടെ മൂന്ന് വ്യത്യസ്ത മോഡലുകളാണ് GNCAP ക്രാഷ് ടെസ്റ്റിന് അയച്ചത്. അതുകൊണ്ട് തന്നെ എസ്‌യുവിക്ക് ക്രാഷ് ടെസ്റ്റില്‍ വ്യത്യസ്തമായ സേഫ്റ്റി റേറ്റിംഗുകള്‍ ലഭിച്ചിട്ടുണ്ട്. 2 സ്റ്റാര്‍ മുതല്‍ 5 സ്റ്റാര്‍ വരെ റേറ്റിംഗുകളാണ് ഇവ നേടിയത്.
2024 ഒക്‌ടോബറിന് മുമ്പ് നിര്‍മിക്കപ്പെട്ട പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മാഗ്‌നൈറ്റ് എസ്‌യുവിക്ക് മുതിര്‍ന്നവരുടെ സുരക്ഷയ്ക്കും കുട്ടികളുടെ സുരക്ഷയ്ക്കും 2 സ്റ്റാര്‍ റേറ്റിംഗാണ് ലഭിച്ചത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 34-ല്‍ 24.49 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 18.39 പോയിന്റും ഈ മോഡല്‍ നേടി. 2 എയര്‍ബാഗുകള്‍ മാത്രം ലഭിച്ച ഈ മോഡലില്‍ ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോളും (ESC) ISOFIX ചൈല്‍ഡ് ആങ്കറേജുകളും സ്റ്റാന്‍ഡേര്‍ഡ് ആയി ലഭിച്ചിരുന്നില്ല.

കാല്‍നടയാത്രക്കാരുടെ സുരക്ഷാമാനദണ്ഡങ്ങളും ഇത് പാലിച്ചില്ല. സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റായി 6 എയര്‍ബാഗുകളും ഇലക്‌ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാമും ലഭിക്കുന്ന ഇന്ത്യയിലും ആഫ്രിക്കയിലും വില്‍ക്കുന്ന മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്‍േറതായിരുന്നു അടുത്ത ഊഴം. ഇത് മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ 34-ല്‍ 26.51 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 36 പോയിന്റും നേടി 4 സ്റ്റാര്‍ കരസ്ഥമാക്കി.
ഇതില്‍ 6 എയര്‍ബാഗുകള്‍, ഇഎസ്പി, ബെല്‍റ്റ് പ്രെറ്റെന്‍ഷനര്‍, ബെല്‍റ്റ് ലോഡ് ലിമിറ്റര്‍, ISOFIX മൗണ്ടുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നിവയടക്കമുള്ള സവിശേഷതകള്‍ ഉണ്ടായിരുന്നു. മാഗ്‌നൈറ്റിന്റെ 4 സ്റ്റാര്‍ റേറ്റിംഗില്‍ സംതൃപ്തരാകാത്ത നിസാന്‍ കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ വരുത്തി ഒന്ന് കൂടി ടെസ്റ്റിന് അയക്കുകയായിരുന്നു.

മാഗ്‌നൈറ്റിന്റെ ടോപ് സ്‌പെക് വേരിയന്റ് മൂന്നാം റൗണ്ടില്‍ 5 സ്റ്റാര്‍ റേറ്റിംഗുമായാണ് മടങ്ങിയത്. ഇതിന് മുതിര്‍ന്നവരുടെ സുരക്ഷയില്‍ 34-ല്‍ 32.31 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 33.64 പോയിന്റും നേടാനായി. ഇന്ത്യയുടെ തദ്ദേശീയ ക്രാഷ് ടെസ്റ്റായ ഭാരത് NCAP-ല്‍ മാഗ്‌നൈറ്റ് ഇതുവരെ പരീക്ഷിച്ചിട്ടില്ല. കുറഞ്ഞ ബജറ്റില്‍ ഒരു എസ്‌യുവി ആഗ്രഹിക്കുന്നവര്‍ക്ക് നിസാന്‍ മാഗ്‌നൈറ്റ് നല്ലൊരു ഓപ്ഷനാണ്.
നിലവില്‍ 6.14 ലക്ഷം രൂപ മുതലാണ് മാഗ്‌നൈറ്റിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. എസ്‌യുവി 1.0 ലിറ്റര്‍, 3-സിലിണ്ടര്‍ NA, 1.0 ലിറ്റര്‍, 3-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. NA വേരിയന്റില്‍ മാനുവല്‍, AMT ഓപ്ഷനുകള്‍ ലഭ്യമാണ്. അതേസമയം ടര്‍ബോ വേരിയന്റ് മാനുവല്‍, CVT ഓപ്ഷനുകളില്‍ വാങ്ങാം. ഫീച്ചര്‍ സമ്പന്നമായ ക്യാബിനും ഇതിന് ലഭിക്കുന്നു.


Click it and Unblock the Notifications








