സുസുക്കി ജിംനി 5-ഡോറിന്റെ വില്‍പ്പന നിര്‍ത്തി! കാരണം അജ്ഞാതം, പണം മടക്കിക്കൊടുക്കാന്‍ നിര്‍ദേശം
ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം 2023-ലാണ് മാരുതി സുസുക്കി ഐതിഹാസിക മോഡലായ ജിപ്‌സിയുടെ പിന്‍ഗാമിയായി ജിംനി 5 ഡോര്‍ എസ്‌യുവി പുറത്തിറക്കിയത്. തുടക്കത്തിലുണ്ടായിരുന്ന ഹൈപ്പിനെ നീതീകരിക്കുന്ന വില്‍പ്പന കാറിന് ഇന്ത്യയില്‍ നിന്ന് നേടിയെടുക്കാന്‍ സാധിച്ചിരുന്നില്ല. മഹീന്ദ്ര ഥാര്‍ എന്ന മഹാമേരുവിനെതിരെ പോരാടാന്‍ ഇറങ്ങിയ ജിംനി കഴിവുറ്റ ഓഫ്‌റോഡര്‍ ആയിരുന്നിട്ട് കൂടി വിപണിയില്‍ പതറുകയാണ്. ഇന്ത്യന്‍ വിപണിയില്‍ തപ്പിത്തടയുകയാണെങ്കിലും വിദേശ വിപണികളില്‍ ജിംനി ചൂടപ്പം പോലെയാണ് വിറ്റഴിക്കപ്പെടുന്നത്. 5-ഡോര്‍ ജിംനി, ഇന്ത്യയില്‍ നിര്‍മ്മിച്ച് ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണാഫ്രിക്ക, ലാറ്റിന്‍ അമേരിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
ജിംനി നൊമേഡ് എന്ന പേരില്‍ ജപ്പാനില്‍ വില്‍പ്പനക്കെത്തുന്ന എസ്‌യുവിക്ക് വമ്പന്‍ ഡിമാന്‍ഡ് നേരിട്ടതിനെ തുടര്‍ന്ന് വില്‍പ്പന നിര്‍ത്തിവെക്കേണ്ട സാഹചര്യം വരെ വന്നു. ഇപ്പോള്‍ അജ്ഞാതമായ പ്രശ്‌നം കാരണം ജിംനി 5 ഡോറിന്റെ ഡെലിവറി താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നു അതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

തലക്കെട്ട് കണ്ട് ഇന്ത്യക്കാര്‍ ബേജാറാകേണ്ട കാര്യമില്ല. കാരണം ഓസ്‌ട്രേലിയയിലാണ് സുസുക്കി ജിംനി ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ 5 ഡോര്‍ പതിപ്പിന്റെ വിതരണം നിര്‍ത്തിയിരിക്കുന്നത്. ഡൗണ്‍ അണ്ടറില്‍ ജിംനി XL എന്ന പേരിലാണ് മെയിഡ് ഇന്‍ ഇന്ത്യ ജിംനി 5 ഡോര്‍ വില്‍പ്പനക്കെത്തുന്നത്. പ്രശ്‌നം എന്താണെന്ന് വ്യക്തമല്ലെങ്കിലും, ബുക്കിംഗ് തുകയും ഉപഭോക്താക്കളില്‍ നിന്ന് വാങ്ങിയ മറ്റ് തുകകളും 'ഉചിതമെങ്കില്‍' തിരികെ നല്‍കാന്‍ അംഗീകൃത ഡീലര്‍ഷിപ്പുകളോട് സുസുക്കി ഓസ്‌ട്രേലിയ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം ജിംനി XL മോഡലിന്റെ വില്‍പ്പന ഓസ്‌ട്രേലിയയില്‍ നിര്‍ത്തിവെച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്. പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ സ്വഭാവം ഇതുവരെ വെളിവായിട്ടില്ല. വില്‍പ്പന എന്ന് പുനരാരംഭിക്കുമെന്നതിനെക്കുറിച്ചും ഇപ്പോള്‍ വിവരമില്ല. നിലവിലുള്ള 5-ഡോര്‍ ജിംനി ഉടമകള്‍ക്ക് പ്രശ്‌നമല്ലെന്നും അവര്‍ക്ക് ആശങ്കകളില്ലാതെ വാഹനം തുടര്‍ന്നും ഓടിക്കാമെന്നും ഒരു മുതിര്‍ന്ന സുസുക്കി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി കാര്‍ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജിംനി 5-ഡോറിന്റെ ഇന്ത്യ സ്‌പെക്ക് മോഡലും ജിംനി XL മോഡലും തമ്മില്‍ എക്‌സ്റ്റീരിയറില്‍ വ്യത്യാസങ്ങള്‍ ഒന്നുമില്ല. രണ്ട് എസ്യുവികള്‍ക്കും ക്ലാസിക് ബോക്‌സി സിലൗട്ടും വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റുകളും ഫ്‌ലാറ്റ് ബോണറ്റും അപ്‌റൈറ്റ് പില്ലറുകളും വീതിയേറിയ വീല്‍ ആര്‍ച്ചുകളും ഉണ്ട്. കളര്‍ ഓപ്ഷനില്‍ മാത്രമാണ് ചെറിയ വ്യത്യാസമുള്ളത്.ഇന്റീരിയര്‍ നോക്കിയാലും രണ്ട് പതിപ്പുകളിലും മൊത്തത്തിലുള്ള രൂപകല്‍പ്പന സമാനമാണ്.
ലളിതവും ഉറപ്പുള്ളതുമായ ഡാഷ്ബോര്‍ഡ് ഡിസൈന്‍, വലിയ റോട്ടറി കണ്‍ട്രോളുകള്‍, മധ്യഭാഗത്ത് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഇതിലുണ്ട്. ഓസ്‌ട്രേലിയന്‍ സ്‌പെസിഫിക്കേഷനിലുള്ള മോഡല്‍ ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററിയും കൂടുതല്‍ പ്രീമിയം ടച്ചുകളും ഉള്ള ഒരു ഫുള്‍ ലോഡഡ് ട്രിമ്മില്‍ മാത്രമാണ് വില്‍ക്കുന്നത്. ഇന്ത്യന്‍ സ്‌പെസിഫിക്കേഷനിലുള്ള ജിംനിയില്‍, സീറ്റ അല്ലെങ്കില്‍ ആല്‍ഫാ വേരിയന്റ് തിരഞ്ഞെടുക്കുന്നതിനനുസരിച്ച് ലളിതമായ ക്യാബിന്‍ ലഭിക്കും.

ഫീച്ചറുകളുടെ കാര്യത്തില്‍ രണ്ട് മോഡലുകളും തമ്മില്‍ വലിയ വ്യത്യാസങ്ങളില്ല. രണ്ട് വിപണികളിലും ലഭ്യമായ മോഡലുകളില്‍ 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി-ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ (MID) ഉള്ള അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോ എസി, കീലെസ് എന്‍ട്രി, പവര്‍ വിന്‍ഡോകള്‍, ഹെഡ്ലാമ്പ് വാഷറുകള്‍ എന്നിവയുണ്ട്. എന്നാല്‍ സുരക്ഷാ സ്യൂട്ടില്‍ വ്യത്യാസമുണ്ട്.
ഓസ്‌ട്രേലിയന്‍ സ്‌പെക്ക് ജിംനിയില്‍ ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഹൈ-ബീം അസിസ്റ്റ് എന്നിവയുള്‍പ്പെടെയുള്ള ADAS ഫംഗ്ഷനുകളുള്ള ഫുള്‍ സ്യൂട്ട് ലഭ്യമാണ്. അതേസമയം, ഇന്ത്യന്‍ സ്‌പെക്ക് ജിംനിയില്‍ ഈ ഡ്രൈവര്‍-അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ കാണാനാകില്ല. സ്റ്റാന്‍ഡേര്‍ഡായി ആറ് എയര്‍ബാഗുകള്‍, ഇഎസ്പി, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍ എന്നിവയാണ് ഇതിലെ പ്രധാന സേഫ്റ്റി ഫീച്ചറുകള്‍.

ഇന്ത്യന്‍, ഓസ്‌ട്രേലിയന്‍ സ്‌പെസിഫിക്കേഷനിലുള്ള മോഡലുകളില്‍ ഒരേ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ സ്‌പെക്കില്‍ പെര്‍ഫോമന്‍സ് നമ്പറുകള്‍ കുറയും. ഇന്ത്യ സ്‌പെക്ക് ജിംനി 105 PS പവറും 134 Nm പീക്ക് ടോര്‍ക്കും നല്‍കുമ്പോള്‍ ജിംനി XL-ല്‍ ഇത് യഥാക്രമം 102 PS, 130 Nm ആണ്. രണ്ടിലും 5 സ്പീഡ് മാനുവല്‍ 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭിക്കുന്നു.
ഫോര്‍ വീല്‍ ഡ്രൈവ് (4WD) സ്റ്റാന്‍ഡേര്‍ഡ് ആണ്. ഇന്ത്യയിൽ ജിംനി 5-ഡോറിന്റെ വില 12.76 ലക്ഷം രൂപ മുതല്‍ 14.96 ലക്ഷം രൂപ വരെയാണ്. മഹീന്ദ്ര ഥാര്‍, ഥാര്‍ റോക്‌സ്, ഫോഴ്‌സ് ഗൂര്‍ഖ 3-ഡോര്‍, ഗൂര്‍ഖ 5-ഡോര്‍ എന്നിവയാണ് എതിരാളികൾ. ഓസ്‌ട്രേലിയയില്‍ ജിംനി XL മാനുവലിന് 39490 ഡോളറും (ഏകദേശം 22.41 ലക്ഷം രൂപ) ഓട്ടോമാറ്റിക്കിന് 41990 ഡോളറുമാണ് (ഏകദേശം 23.83 ലക്ഷം രൂപ) വില.


Click it and Unblock the Notifications








