ഇന്ത്യക്കാര്‍ക്ക് വേണ്ടെങ്കില്‍ ഞങ്ങള്‍ എടുക്കാമെന്ന് ജപ്പാന്‍കാര്‍... ജിംനി കയറ്റിയയച്ച് സുസുക്കി
മാരുതി സുസുക്കി 3 ഡോര്‍ ജിംനി ഇന്ത്യയില്‍ നിര്‍മിച്ച് വിദേശ രാജ്യത്തേക്ക് കയറ്റി അയച്ചപ്പോള്‍ നോക്കി നില്‍ക്കാനാണ് നമുക്ക് കഴിഞ്ഞത്. 3 ഡോര്‍ പതിപ്പിന് പകരം കൂടുതല്‍ പ്രായോഗികമായ 5 ഡോര്‍ ജിംനി ഇന്ത്യക്കാര്‍ക്ക് സമ്മാനിക്കുമെന്ന് പറഞ്ഞ വാക്ക് അവര്‍ 2023-ല്‍ പാലിച്ചു. ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിച്ച വിജയമാകാന്‍ സാധിച്ചില്ലെങ്കിലും മെയിഡ് ഇന്‍ ഇന്ത്യ ജിംനിക്ക് വിദേശ വിപണികളില്‍ വമ്പന്‍ ഡിമാന്‍ഡ് ആണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാരുതി സുസുക്കി ഇന്ത്യയില്‍ നിന്ന് ഫ്രോങ്ക്‌സ് ക്രോസ്ഓവര്‍ എസ്‌യുവി ജപ്പാനിലേക്ക് കയറ്റി അയക്കാന്‍ തുടങ്ങിയിരുന്നു. ഫ്രോങ്ക്‌സിന് ജാപ്പനീസ് വിപണിയില്‍ അതിഗംഭീര സ്വീകരണമാണ് ലഭിച്ചത്.
ഇപ്പോള്‍ സുസുക്കി മെയിഡ് ഇന്‍ ഇന്ത്യ ജിംനി 5 ഡോര്‍ എസ്‌യുവിയും മാതൃരാജ്യത്ത് ലോഞ്ച് ചെയ്യാന്‍ പോകുകയാണ്. ഇന്ത്യയില്‍ എക്‌സ്‌ക്ലൂസീവായി നിര്‍മിക്കുന്ന ജിംനി 5 ഡോര്‍ ഇതിനോടകം തന്നെ നിരവധി റൈറ്റ് ഹാന്‍ഡ് ഡ്രൈവ് (RHD), ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് (LHD) മാര്‍ക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. നിലവില്‍ ജപ്പാനില്‍ സുസുക്കി തദ്ദേശീയമായി നിര്‍മിക്കുന്ന ജിംനി 3 ഡോര്‍ വില്‍ക്കുന്നുണ്ട്. ഇതിന്റെ കൂടെയാകും ജിംനി 5 ഡോര്‍ ഇനി ഷോറൂമുകളില്‍ അണിനിരക്കുക.

'ജിംനി നൊമാഡ്' എന്നാണ് 5 ഡോര്‍ മോഡലിനെ വിളിക്കുക. മുകളില്‍ സൂചിപ്പിച്ച പോലെ ഫ്രോങ്ക്‌സിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ജപ്പാനില്‍ വില്‍പ്പനക്കെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ നിര്‍മ്മിത സുസുക്കി ഉല്‍പ്പന്നമാണ് ജിംനി നൊമാഡ്. ജിംനി നോമാഡിന്റെ ആദ്യ ഷിപ്പ്മെന്റ് ഇതിനകം ജപ്പാനില്‍ എത്തിയിട്ടുണ്ടെന്നും ദിവസങ്ങള്‍ക്കുള്ളില്‍ എസ്യുവി ഷോറൂമുകളിലെത്തുമെന്നും ജാപ്പനീസ് സ്രോതസ്സുകളെ ഉദ്ധരിച്ച് പ്രമുഖ ഓട്ടോമൊബൈല്‍ പ്രസിദ്ധീകരണമായ ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സുസുക്കിയുടെ കൊസായ് പ്ലാന്റിലാണ് ജാപ്പനീസ് വിപണിക്കുളള ജിംനി 3-ഡോര്‍ നിര്‍മിക്കുന്നത്. 600 സിസി എഞ്ചിനുള്ള ജിംനി സ്റ്റാന്‍ഡേര്‍ഡ്, 1.5 ലിറ്റര്‍ എഞ്ചിന്‍ ഉള്ള ജിംനി സിയറ എന്നിവയാണ് ജപ്പാനില്‍ സുസുക്കി നിലവില്‍ വില്‍ക്കുന്നത്. ജിംനി സിയറയെ അടിസ്ഥാനമാക്കിയാണ് യഥാര്‍ത്ഥത്തില്‍ സുസുക്കി 5 ഡോര്‍ ജിംനി പണിതിരിക്കുന്നത്. എങ്കിലും ഉപഭോക്താക്കള്‍ക്ക് എളുപ്പം തിരിച്ചറിയാനും ആശയക്കുഴപ്പം ഒഴിവാക്കാനും വേണ്ടി ജിംനി നൊമാഡ് എന്ന് ഇതിന് പേര് നല്‍കിയത്.

ജപ്പാന്‍ സ്‌പെക്ക് ജിംനി 5 ഡോറിന് ഇന്ത്യയില്‍ നിര്‍മ്മിച്ച എസ്‌യുവിയെക്കാള്‍ ചെറിയ മാറ്റങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വ്യത്യസ്ത ബാഡ്ജിംഗുകള്‍ക്കൊപ്പം ജപ്പാനിലെ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള മാറ്റങ്ങളും കാറില്‍ വരുത്തിയേക്കും. ജിംനി നൊമാഡിന്റെ കളര്‍ ഓപ്ഷനുകളും ഫീച്ചര്‍ ലിസ്റ്റും ഇന്ത്യ സ്‌പെക്കിന് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഹുഡിന് കീഴില്‍ മാറ്റങ്ങള്‍ ഒന്നും ഉണ്ടായിരിക്കില്ല. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയ അതേ 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും സുസുക്കി ജിംനി നൊമാഡിന് തുടിപ്പേകുക. വിപണിയിലെത്തുന്ന മറ്റെല്ലാ ജിംനികളെയും പോലെ എല്ലാ വേരിയന്റുകളിലും സുസുക്കി ഓള്‍ഗ്രിപ്പ് പാര്‍ട്ട്-ടൈം 4WD സഹിതമായിരിക്കും ജിംനി നൊമാഡും എത്തുക.

ലോഞ്ചിന് മുന്നോടിയായി ജപ്പാനില്‍ സുസുക്കി ജിംനി നൊമാഡ് 5 ഡോര്‍ എസ്‌യുവിയുടെ ബുക്കിംഗ് സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ജിംനി സിയറ 3-ഡോര്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ജിംനി നൊമാഡിലേക്ക് 'അപ്ഗ്രേഡ്' ചെയ്യാനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ഡെലിവറിയിലും മുന്‍ഗണന ലഭിക്കും. ജാപ്പനീസ് വിപണി പിടിച്ച് കുലുക്കാന്‍ പോകുന്ന മെയിഡ് ഇന്‍ ഇന്ത്യ ജിംനി നൊമാഡിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലോഞ്ച് വേളയില്‍ സുസുക്കി പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം.
ജിംനി മാത്രമല്ല 2025 ഓട്ടോ എക്‌സ്‌പോയിലൂടെ മാരുതി സുസുക്കി അവതരിപ്പിച്ച ഇ-വിറ്റാര ഇലക്ട്രിക് എസ്‌യുവിയുടെ ഉത്പാദന കേന്ദ്രവും ഇന്ത്യയാണ്. ഇവിടെ നിന്ന് ലോകത്തെ 100-ലധികം രാജ്യങ്ങളിലേക്ക് ഇ-വിറ്റാര കയറ്റി അയക്കും. ഇ-വിറ്റാര ഈ വര്‍ഷം അവസാനത്തോടെ ജപ്പാനിലെത്തുമെന്നാണ് വിവരം. സുസുക്കി ഇന്ത്യന്‍ നിര്‍മിത വാഹനങ്ങള്‍ ആഗോള വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനമാകും. പുതിയ ജിംനി നൊമാഡും ജപ്പാനില്‍ വലിയ വിജയമായി മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








