സർപ്രൈസ് പൊട്ടിച്ച് മഹീന്ദ്ര; ഇന്ത്യൻ ടെസ്‌ലകളുടെ വിലകൾ കേട്ടാൽ ലോകം തന്നെ ഞെട്ടും!
ഇന്ത്യ കാത്തിരിക്കുന്ന വാഹന മാമാങ്കമായ ഭാരത് മൊബിലിറ്റി എക്‌സ്‌പോയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ, BE 6, XEV 9e എന്നീ ഇലക്ട്രിക് എസ്‌യുവികളുടെ വിലകളും വേരിയൻ്റ് വിശദാംശങ്ങളും മഹീന്ദ്ര വെളിപ്പെടുത്തിയിരിക്കുകയാണ്. 2024 ജനുവരി 7 -ന് സംഘടിപ്പിച്ച 'ടെക് ഡേ' എന്ന ചടങ്ങിലാണ് ഇന്ത്യൻ കാർ നിർമ്മാതാക്കൾ ഇവ പ്രസ്താവിച്ചത്. രണ്ട് എസ്‌യുവികളും പായ്ക്ക് 1, പായ്ക്ക് 2, പായ്ക്ക് 3 എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ ലഭ്യമാണ്. ആദ്യമായി വെളിപ്പെടുത്തിയ കാലം മുതൽ വമ്പൻ ഫാൻബേസാണ് ഈ മഹീന്ദ്ര ഇവികൾക്കുള്ളത്. പ്രാദേശികമായി മാത്രമല്ല അന്താരാഷ്ട്ര തലത്തിലും ഇവ രണ്ടും കാര്യമായ ശ്രദ്ധ ആകർഷിച്ചു.
മുകളിൽ സൂചിപ്പിച്ചതു പോലെ പാക്ക് 1, പാക്ക് 2, പാക്ക് 3 എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലായാണ് BE 6 വരുന്നത്. ബേസ് -സ്പെക്ക് പാക്ക് 1 -ന് 18.9 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില രുന്നത്. ഇതാണ് BE മോഡൽ റേഞ്ചിന്റെ പ്രാരംഭ വില. അടിസ്ഥാന വേരിയൻ്റിന് 59 kWh ബാറ്ററി പാക്ക് മാത്രമാണ് ലഭിക്കുന്നത്.

20.40 ലക്ഷം രൂപയാണ് പാക്ക് 2 -ന്റെ 59 kWh പതിപ്പിൻ്റെ എക്‌സ്‌ഷോറൂം വില. ഇതിന്റെ തന്നെ 79 kWh വേരിയൻ്റിന് 21.90 ലക്ഷം രൂപ എക്‌സ്-ഷോറൂം വില വരുന്നു. ടോപ്പ് -ഓഫ് -ലൈൻ പായ്ക്ക് 3 -യും രണ്ട് ബാറ്ററി ചോയ്‌സുകളുമായാണ് വരുന്നത്.
ഇതിൽ ചെറിയ 59 kWh പതിപ്പിന് 21.90 ലക്ഷം രൂപയോളം ചിലവാകും. പാക്ക് 3 -യുടെ 79 kWh വേരിയൻ്റ് ടെക് പായ്ക്ക്ഡാണ്. 26.9 ലക്ഷം രൂപയാണ് ഇതിൻ്റെ എക്സ്-ഷോറൂം വില. ഈ വിലകൾ തികച്ചും മത്സരാധിഷ്ടിതമാണ് എന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.
| BE 6 | 59 kWh Price | 79 kWh Price |
| Pack 1 | ₹18.90 Lakh | NA |
| Pack 2 | ₹20.40 Lakh | ₹21.90 Lakh |
| Pack 3 | ₹21.90 Lakh | ₹26.90 Lakh |
BE 6 -ൽ വരുന്നതു പോലെ പോലെ, XEV 9e -യും പാക്ക് 2 ട്രിം മുതൽ വലിയ 79 kWh ബാറ്ററി വാഗ്ദാനം ചെയ്യുന്നു. ബേസ്-സ്പെക്ക് പാക്ക് 1 -ന് 59 kWh യൂണിറ്റാണ് വരുന്നത്, ഇതിൻ്റെ എക്സ്-ഷോറൂം വില 21.9 ലക്ഷം രൂപയാണ്.
പാക്ക് 2 -ൽ 59 kWh പതിപ്പിൻ്റെ എക്‌സ്‌ഷോറൂം വില 23.40 ലക്ഷം രൂപയാണ്, അതേസമയം 79 kWh ബാറ്ററി ഓപ്ഷനുമായി എത്തുന്ന മോഡലിന്റെ വില 24.90 ലക്ഷമായി ഉയരും. ടോപ്പ്-സ്പെക്ക് പാക്ക് 3 -യുടെ 59 kWh ബാറ്ററി പാക്ക് മോഡലിന് 24.90 ലക്ഷവും 79 kWh ബാറ്ററിയോടൊപ്പം വരുന്ന പതിപ്പി 30.50 ലക്ഷം രൂപയും ചിലവാകും.
| XEV 9e | 59 kWh Price | 79 kWh Price |
| Pack 1 | ₹21.90 Lakh | NA |
| Pack 2 | ₹23.40 Lakh | ₹24.90 Lakh |
| Pack 3 | ₹24.90 Lakh | ₹30.50 Lakh |
ഈ എക്‌സ്-ഷോറൂം വിലകളിൽ ചാർജറും ഇൻസ്റ്റലേഷൻ ചെലവും ഉൾപ്പെടുന്നില്ല എന്നത് ശ്രദ്ധിക്കണം. കൂടാതെ ഇലക്‌ട്രിക് എസ്‌യുവി ഉടമകൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നതിന്, മഹീന്ദ്ര ME പ്രോഗ്രാമും ആകർഷകമായ ഫിനാൻസിംഗ് ഓപ്ഷനുകളും അവതരിപ്പിച്ചിട്ടുണ്ട്. ഒരു വ്യക്തിയ്ക്ക് മികച്ച CIBIL സ്കോർ ഉണ്ടെങ്കിൽ, പാക്ക് 1 -ൻ്റെ അതേ EMI -യോടെ പാക്ക് 3 സ്വന്തമാക്കാനാകുമെന്ന് കാർ നിർമ്മാതാക്കൾ പറയുന്നു.
THREE For ME എന്ന പ്രോഗ്രാമിനു കീഴിലാണിത്. ഇവിടെ EMI 8.99 ശതമാനം പലിശ നിരക്കിൽ 45,450 രൂപയാകാം. എന്നാൽ ഈ ഓഫർ പ്രയോജനപ്പെടുത്തുന്നതിന്, മഹീന്ദ്ര ഫിനാൻസുമായി മാത്രം ബന്ധപ്പെടണം എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത. 2025 ഫെബ്രുവരി 14 -ന് ടോപ്പ് -സ്പെക്ക് 79 kWh പാക്ക് 3 വേരിയൻ്റുകളുടെ ബുക്കിംഗ് തങ്ങൾ ഔദ്യോഗികമായി സ്വീകരിക്കാൻ തുടങ്ങും എന്ന് മഹീന്ദ്ര വ്യക്തമാക്കി.
ശേഷിക്കുന്ന വേരിയൻ്റുകളുടെ ബുക്കിംഗ് വിശദാംശങ്ങൾ മാർച്ചോടെ പുറത്തുവരും എന്ന് പ്രതീക്ഷിക്കുന്നു. BE 6, XEV 9e എന്നിവയുടെ ടെസ്റ്റ് ഡ്രൈവുകളും ഘട്ടം ഘട്ടമായി കാർ നിർമ്മാതാക്കൾ ആരംഭിക്കും. ഡെമോ, ടെസ്റ്റ് ഡ്രൈവ് വാഹനങ്ങൾ ഡീലർഷിപ്പുകളിൽ ഇതിനോടകം എത്തിത്തുടങ്ങിയിട്ടുണ്ട്. ടെസ്റ്റ് ഡ്രൈവുകൾ ആരംഭിക്കുന്നതിന് 3 ഘട്ടങ്ങളുണ്ടാകും എന്നതും ശ്രദ്ധിക്കണം.
ഒന്നാം ഘട്ടത്തിൽ ഡൽഹി NCR, മുംബൈ, ബാംഗ്ലൂർ, പൂനെ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടും. ആദ്യഘട്ട ടെസ്റ്റ് ഡ്രൈവുകൾ ജനുവരി 14 മുതൽ ആരംഭിക്കും എന്നും കമ്പനി അറിയിച്ചു. അഹമ്മദാബാദ്, കൊച്ചിൻ, ഭോപ്പാൽ, കോയമ്പത്തൂർ, ഗോവ, ഹൗറ, ഇൻഡോർ, കൊൽക്കത്ത, ജയ്പൂർ, ജലന്ധർ, സൂറത്ത്, ലുധിയാന, ലഖ്‌നൗ, ട്രിസിറ്റി, ചണ്ഡീഗഡ്, വഡോദര എന്നീ 15 നഗരങ്ങളെയാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നത്. ഇവിടങ്ങളിലുള്ള ഡ്രൈവുകൾ 2025 ജനുവരി 24-ന് ആരംഭിക്കും.
മൂന്നാം ഘട്ടത്തിൽ 2024 ഫെബ്രുവരി 7 മുതൽ ആരംഭിക്കുന്ന പാൻ -ഇന്ത്യ ടെസ്റ്റ് ഡ്രൈവുകൾ ഉണ്ടായിരിക്കും. ഒന്നും രണ്ടും ഘട്ടങ്ങളിലെ എല്ലാ നഗരങ്ങളും ഇതിൽ ഉൾപ്പെടും, കൂടാതെ നിരവധി അധിക ഇടങ്ങളും ഇതോടൊപ്പം കൂട്ടിച്ചേർക്കും. 2025 മാർച്ച് ആദ്യം മുതൽ ഇവികളുടെ ഡെലിവറികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും ടോപ്പ് -സ്പെക്ക് 79 kWh വേരിയൻ്റുകളായിരിക്കും ഉടമകളിലേക്ക് ആദ്യം എത്തുന്നത്.


Click it and Unblock the Notifications








