ബിരിയാണിയും മന്തിയും ഒരുമിച്ച് കിട്ടുന്ന പോലെ ആയല്ലോ! നവംബര്‍ 26-ന് മഹീന്ദ്രയുടെ സര്‍പ്രൈസ് വാഹനമെത്തും
കലണ്ടര്‍ വര്‍ഷം അവസാനിക്കാറായെങ്കിലും ഇന്ത്യയില്‍ പുത്തന്‍ കാറുകളുടെ ലോഞ്ച് മേളം അവസാനിക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഈ മാസം അവസാനവും അടുത്ത മാസം തുടക്കത്തിലുമായി ഒത്തിരി പുത്തന്‍ ലോഞ്ചുകള്‍ക്കാണ് ഇന്ത്യന്‍ കാര്‍ വിപണി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് 7-സീറ്റര്‍ കാറായ XEV 9S നവംബര്‍ 27 ന് പുറത്തിറക്കാന്‍ പോകുകയാണ്. നിലവില്‍ XUV400, BE 6, XEV 9e എന്നീ കാറുകള്‍ ഉള്‍പ്പെടുന്ന ബ്രാന്‍ഡിന്റെ ഇലക്ട്രിക് ലൈനപ്പ് വിപുലീകരിക്കാന്‍ പോകുന്ന കാര്‍ ബെംഗളൂരുവില്‍ നടക്കുന്ന സ്‌ക്രം ഇലക്ട്രിക് ഇവന്റില്‍ വെച്ചാണ് അവതരിപ്പിക്കുന്നത്.
പുത്തന്‍ ഇലക്ട്രിക് എസ്‌യുവിയുടെ ഹൈപ്പ് ഉയര്‍ത്തിക്കൊണ്ട് കഴിഞ്ഞ കുറച്ച് ദിവസമായി കൃത്യമായ ഇടവേളകളില്‍ കമ്പനി ടീസറുകള്‍ പുറത്തുവിടുന്നുണ്ട്. എന്നാല്‍ ഇതിനിടെ മഹീന്ദ്ര പുറത്തുവിട്ട പുതിയ ടീസര്‍ പക്ഷേ വരാന്‍ പോകുന്ന 7-സീറ്റര്‍ എസ്‌യുവിയുടേതല്ലായിരുന്നു. പുതിയ ടീസറില്‍ നവംബര്‍ 26-ന് ഒരു ഇലക്ട്രിക് എസ്യുവി പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. പുതിയ 7 സീറ്റര്‍ ഇലക്ട്രിക് എസ്‌യുവി പ്രതീക്ഷിച്ചിരിക്കുന്ന ആരാധകര്‍ക്ക് സര്‍പ്രൈസായിരുന്നു പുതിയ ടീസര്‍.

ഡിസൈന്‍ നോക്കുമ്പോള്‍ ടീസറിലുള്ള BE6 ഇലക്ട്രിക് എസ്‌യുവിയാണെന്നാണ് തോന്നുന്നത്. വരാന്‍ പോകുന്ന കാര്‍ BE6 ഇവിയുടെ സ്‌പെഷ്യല്‍ എഡിഷന്‍ ആയിരിക്കാമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. നേരത്തെ മഹീന്ദ്ര BE6 ബാറ്റ്മാന്‍ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍ എത്തിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വരാന്‍ പോകുന്ന സ്‌പെഷ്യല്‍ എഡിഷന്‍ മഹീന്ദ്രയുടെ ഫോര്‍മുല E യാത്രക്ക് ആദരമര്‍പ്പിച്ചുള്ളതായിരിക്കുമെന്നും പറയപ്പെടുന്നു.
പുതിയ കാറില്‍ മഹീന്ദ്ര ഫോര്‍മുല E ടീമിന്റെ നേട്ടങ്ങള്‍ സ്‌പെഷ്യല്‍ കളര്‍, ബാഡ്ജിംഗ്, ഗ്രാഫിക്‌സ് എന്നിവയിലൂടെ കോറിയിടുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, ടീസറില്‍ കാണുന്ന ഇവി ഫയര്‍സ്‌റ്റോം ഓറഞ്ച് നിറത്തിലാണ് കാണപ്പെടുന്നത്. അതിനാല്‍ ബാറ്റ്മാന്‍ എഡിഷന്‍ പോലെ ഇത് ഡെഡ്പൂള്‍ എഡിഷനാകാന്‍ സാധ്യതയുണ്ടെന്ന് ചിലര്‍ പറയുന്നു. 23 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ടീസറില്‍ ചെറിയ ഹെഡ്ലാമ്പുകളും എല്‍ഇഡി ഡിആര്‍എല്ലുകളും ഉള്ള BE 06 ആണ് കാണിച്ചിരിക്കുന്നത്.

മഹീന്ദ്ര ഇതുവരെ പേര് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇതിനെ 'റേസിംഗ് എഡിഷന്‍' എന്ന് വിളിക്കാമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ ലിമിറ്റഡ് എഡിഷന്‍ മോഡലിന്റെ നിര്‍മാണവും പരിമിതമായ സംഖ്യകളില്‍ മാത്രമാകും. സാധാരണ BE 06 ഇലക്ട്രിക് എസ്‌യുവിയില്‍ നിന്ന് വ്യത്യസ്തമാക്കുന്നതിനായി ഇതിന് പ്രത്യേക ബാഡ്ജിംഗുകളുള്ള ഇന്റീരിയറുകളും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മഹീന്ദ്ര പുറത്തിറക്കിയ പുതിയ തലമുറ ഇലക്ടിക് കാറുകള്‍ ഇതിനകം തന്നെ ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍ വിജയമാണ്. വെറും ഏഴ് മാസത്തിനുള്ളില്‍ കമ്പനി BE 6, XEV 9e ഇലക്ട്രിക് എസ്‌യുവികളുടെ 30000 യൂണിറ്റുകള്‍ ഡെലിവറി ചെയ്ത് കഴിഞ്ഞു. 'ഇന്ത്യന്‍ ടെസ്‌ലകള്‍' എന്ന് വിളിക്കപ്പെടുന്ന ഈ മോഡലുകള്‍ താരതമ്യേന കുറഞ്ഞ വിലയില്‍ പ്രീമിയം സവിശേഷതകള്‍ വാഗ്ദാനം ചെയ്ത് ഉപയോക്താക്കള്‍ക്ക് ഒരു ആഡംബര കാറിന്റെ അനുഭവം നല്‍കുന്നു.
ഐസി എഞ്ചിന്‍ സ്‌പോര്‍ട്‌സ് കാര്‍ പോലെ തന്നെ അസാധാരണമായ പെര്‍ഫോമന്‍സും ഇവ നല്‍കുന്നു. പരമാവധി 280 PS പവറും 380 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറുകളാണ് ഇവയുടെ കരുത്ത്. 79 kWh, 59 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുമായാണ് ഇവികള്‍ വരുന്നത്. BE 06 ഇവിക്ക് പരമാവധി 682 കിലോമീറ്ററും XEV 9e മോഡലിന് 656 കിലോമീറ്ററുമാണ് റേഞ്ച് പറയുന്നത്.
വരാനിരിക്കുന്ന 7 സീറ്റര്‍ ഇലക്ട്രിക് എസ്‌യുവിയായ XEV 9S മഹീന്ദ്രയുടെ നൂതന INGLO പ്ലാറ്റ്ഫോമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. സമാനമായ ഡ്രൈവിംഗ് റേഞ്ചും കൂടുതല്‍ ആഡംബര സവിശേഷതകളും ഇവി വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഏതായാലും പുത്തന്‍ ഇവികളുടെ വരവിനായി ഇനി അധിക ദിവസം കാത്തിരിപ്പില്ല.


Click it and Unblock the Notifications








