ഹാരിയര്‍ ഇവിയേക്കാള്‍ കമ്മി വിലയില്‍ ഇന്ത്യന്‍ ടെസ്‌ലകള്‍ക്ക് അപ്‌ഡേറ്റ്!വലിയ ബാറ്ററിക്ക് 500Km റേഞ്ച് ഉറപ്പ്
ഹാരിയര്‍ ഇലക്ട്രിക് എസ്‌യുവി പുറത്തിറങ്ങിയതോടെ ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിഭാഗത്തില്‍ ടാറ്റ മോട്ടോര്‍സും മഹീന്ദ്രയും തമ്മില്‍ തുറന്ന യുദ്ധത്തിന് സാഹചര്യമൊരുങ്ങിയിരിക്കുകയാണ്. 2025 ജൂലൈ രണ്ടിന് ഹാരിയര്‍ ഇവിയുടെ ബുക്കിംഗ് ടാറ്റ ആരംഭിച്ചിരുന്നു. ബേസ് വേരിയന്റ് വരെ സുസജ്ജമാക്കി ഇറക്കിയ ഹാരിയറിനോട് കട്ടക്ക് നില്‍ക്കാനായി മഹീന്ദ്ര തങ്ങളുടെ BE 6, XEV 9e എന്നീ മോഡലുകള്‍ ഇപ്പോള്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ്. ഇലക്ട്രിക് എസ്‌യുവികളുടെ പായ്ക്ക് 2 ട്രിമ്മിന്റെ വിലയും ഡെലിവറി ടൈംലൈനും മഹീന്ദ്ര വെളിപ്പെടുത്തിയിരിക്കുകയാണ്. അതിനെ കുറിച്ച് താഴെ വിശദമായി വായിക്കാം.
മഹീന്ദ്ര BE 6, XEV 9e എന്നീ മോഡലുകള്‍ ഇപ്പോള്‍ 59kWh, 79kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളില്‍ തെരഞ്ഞെടുക്കാം. നേരത്തെ വലിയ ബാറ്ററി പായ്ക്ക് ടോപ് സ്‌പെക്ക് പായ്ക്ക് 3-യില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. പായ്ക്ക് 2 ട്രിം ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരം പ്രയോജനപ്പെടുത്താം. 79kWh ബാറ്ററിയുള്ള മഹീന്ദ്രയുടെ ഈ മോഡലുകള്‍ സമാന ഫീച്ചറുകളുള്ള ഹാരിയര്‍ ഇവിയേക്കാള്‍ താങ്ങാവുന്ന വിലയില്‍ ലഭിക്കുമെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്.

പായ്ക്ക് 2 വേരിയന്റുകളുടെ കസ്റ്റമര്‍ ഡെലിവറി ജൂലൈ അവസാനത്തോടെ ആരംഭിക്കും.മഹീന്ദ്ര BE 6 പായ്ക്ക് 2 ട്രിമ്മിന്റെ 59kWh പതിപ്പിന് 21.90 ലക്ഷം രൂപയാണ് വില. അതേസമയം 79kWh വേരിയന്റിന് 23.50 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എക്‌സ്‌ഷോറൂം വിലകള്‍ ആണിത്. ചെറിയ ബാറ്ററിക്ക് 400 കിലോമീറ്റര്‍ വരെയും വലിയ ബാറ്ററിക്ക് 500 കിലോമീറ്റര്‍ വരെയുമാണ് ട്രൂ റേഞ്ച് എന്നാണ് മഹീന്ദ്ര പറയുന്നത്.
ഇലക്ട്രിക് എസ്‌യുവിയുടെ പായ്ക്ക് 2 വേരിയന്റുകള്‍ മികച്ച സവിശേഷതകളാല്‍ സമ്പന്നം കൂടിയാണ്. ഫുള്‍ ഗ്ലാസ് റൂഫ്, ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS), റേസ്-റെഡി ഡിജിറ്റല്‍ കോക്ക്പിറ്റ് തുടങ്ങിയവ ലഭിക്കുന്നു. പായ്ക്ക് 3-യിലുള്ള അതേ പ്രീമിയം സേജ് ലെതറെറ്റ് ഇന്റീരിയറാണ് പാക്ക് 2 ഗ്രേഡിനുമുള്ളത്. ഡോള്‍ബി അറ്റ്മോസുള്ള 16 സ്പീക്കര്‍ ഹാര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റവും വാഹനത്തില്‍ മഹീന്ദ്ര നല്‍കിയിരിക്കുന്നു.

XEV 9e ഇലക്ട്രിക് എസ്‌യുവിയിലേക്ക് വന്നാല്‍ 59 kWh ബാറ്ററി പായ്ക്കുമായി വരുന്ന പായ്ക്ക് 2 ട്രിമ്മിന് 24.90 ലക്ഷം രൂപയും 79 kWh വേരിയന്റിന് 26.50 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഈ ഇലക്ട്രിക് എസ്‌യുവി റിയര്‍ വീല്‍ ഡ്രൈവ് മോഡലാണ്. ഇതിന്റെ പിന്‍ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള മോട്ടോര്‍ 79 kWh ബാറ്ററി പായ്ക്കില്‍ 282bhp പവറും 380Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 59 kWh യൂണിറ്റിലും പവര്‍ ഔട്ട്പുട്ട് സമാനമാണ്.
രണ്ട് ഇവികളും 11.2kW എസി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. ട്രിപ്പിള്‍-സ്‌ക്രീന്‍ വൈഡ് സിനിമാസ്‌കോപ്പ്, പനോരമിക് ഗ്ലാസ് റൂഫ്, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 16-സ്പീക്കര്‍ ഹാര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ, വയര്‍ലെസ് ചാര്‍ജര്‍, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്‍ എസി വെന്റുകള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, പ്രീ-ഇന്‍സ്റ്റാള്‍ഡ് ഒടിടി തുടങ്ങിയ ഫീച്ചറുകള്‍ ഇതിലുണ്ട്. മികച്ച ശബ്ദാനുഭവം നല്‍കുന്നതിന് അക്കോസ്റ്റിക് ലാമിനേറ്റഡ് ഡോര്‍ ഗ്ലാസും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

BE 6, XEV 9e എന്നീ രണ്ട് മോഡലുകളുടെയും പായ്ക്ക് 2 ട്രിമ്മുകളുടെ വില, ഹാരിയര്‍ ഇവിയുടെ ഫിയര്‍ലെസ് പ്ലസ്, എംപവേര്‍ഡ് വേരിയന്റുകളേക്കാള്‍ കുറവാണ്. എംപവേര്‍ഡ് 75-ന് 27.49 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം XEV 9e പായ്ക്ക് 2 വേരിയന്റിന് ഇതിനേക്കാള്‍ ഒരു ലക്ഷം രൂപ കുറച്ച് മുടക്കിയാല്‍ മതി. BE 6 പായ്ക്ക് 2-വിന് ഫിയര്‍ലെസ് പ്ലസ് 65 വേരിയന്റിനെക്കാള്‍ 49,000 രൂപ കുറവാണ്.
ടാറ്റ വേരിയന്റിന്റെ വില 23.99 ലക്ഷം രൂപയാണ്. ഫിയര്‍ലെസ് പ്ലസ് 75 വേരിയന്റുമായി താരതമ്യം ചെയ്യുമ്പോള്‍ വിലയില്‍ 1.49 ലക്ഷം രൂപയുടെ വ്യത്യാസമുണ്ട്. ഫിയര്‍ലെസ് പ്ലസ് 75-ന്റെ എക്‌സ്‌ഷോറൂം വില 24.99 ലക്ഷം രൂപയാണ്. പുത്തന്‍ ബാറ്ററി പായ്ക്ക് ഉള്‍പ്പെടുത്തുകയും ആകര്‍ഷകമായ വില നിര്‍ണയം നടത്തുകയും ചെയ്തത് വഴി രണ്ട് ഇവികളുടെയും ആകര്‍ഷണം വര്‍ധിപ്പിക്കാന്‍ മഹീന്ദ്രക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








