ഇലക്കും മുള്ളിനും അടുക്കാതെ മഹീന്ദ്ര! പെർഫോമൻസാണ് മുഖ്യം, CNG കാറുകൾ ഞങ്ങൾക്ക് വേണ്ടേ വേണ്ടാ
ഇന്ത്യൻ റോഡുകളിൽ പുത്തൻ മോഡലുകൾ ഇറക്കികൊണ്ട് മായാജാലം സൃഷ്ടിക്കുന്ന ഒരു ബ്രാൻഡാണ് മഹീന്ദ്ര. ICE കാറുകൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും ഒരു പോലെ ശ്രദ്ധ നൽകുന്ന ഒരു ബ്രാൻഡാണിത്. ഇവരുടെ ഥാർ, സ്കോർപിയോ എന്നീ മോഡലുകൾ ഇന്ന് ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളാണ്. കഴിഞ്ഞ വർഷം പുറത്തിറക്കിയ BE6, XEV 9e എന്നീ പുതിയ ഇലക്ട്രിക് എസ്‌യുവികൾ ഇവി വിപണിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പായിരുന്നു. എങ്കിലും കമ്പനി ഇതുവരെ ഒരു CNG കാറുപോലും അവതരിപ്പിക്കാത്തത് പലരുടേയും മനസ്സിൽ ഒരു ചോദ്യമായി ഉയരാറുണ്ട്.
ഇത്രയും വലിയ എസ്‌യുവി പോർട്ട്ഫോളിയോ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മഹീന്ദ്രയുടെ ഒരു പാസഞ്ചർ വാഹനത്തിലും ഇന്ന് വരെ CNG വേരിയന്റ് ലഭ്യമല്ലാത്തത് എന്നെല്ലാം ആളുകൾ മാറിമാറി ചോദിക്കുന്ന ചോദ്യങ്ങളാണ്. മാരുതി, ടാറ്റ, ഹ്യുണ്ടായി തുടങ്ങിയ ബ്രാൻഡുകൾ ഇതിനകംതന്നെ വിജയകരമായി CNG മോഡലുകൾ വിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാറുകൾക്ക് ഇന്ത്യയിൽ ഇപ്പോൾ നല്ല ഡിമാൻഡാണ് കാണാൻ കഴിയുന്നത്.

എന്നാൽ മഹീന്ദ്ര ഇതുവരെ CNG പവർട്രെയിനുകളിലേക്ക് എത്താതിരിക്കാനുള്ള ചില പ്രായോഗിക കാരണങ്ങൾ പറയുന്നുണ്ട്. ബിസിനസ് ടുഡേയ്ക്ക് നൽകിയ ഒരു മുൻ അഭിമുഖത്തിൽ കമ്പനിയുടെ ഓട്ടോമോട്ടീവ് വിഭാഗത്തിലെ അന്നത്തെ പ്രസിഡന്റ് അവരുടെ പാസഞ്ചർ വാഹനങ്ങളിൽ CNG പവർട്രെയിനുകൾ കൊണ്ടുവരാനുള്ള പദ്ധതികളൊന്നും ഇല്ലെന്ന് വ്യക്തമായി വെളിപ്പെടുത്തിയിരുന്നു. ഈ വർഷം ഏപ്രിലിൽ ഓട്ടോമോട്ടീവ് ബിസിനസിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ ആർ. വേലുസാമി ഡിസംബർ മാസത്തിൽ നൽകിയ പ്രസ്താവനയിലും ഇതേ കാര്യം തന്നെയാണ് ആവർത്തിച്ചത്.
മഹീന്ദ്ര എപ്പോഴും ശക്തമായ എഞ്ചിനുകളുള്ള പെർഫോമൻസ് ഫോക്കസ്ഡ് എസ്‌യുവികൾക്കാണ് പ്രധാന്യം നൽകാറുള്ളത്. അതിനാൽ CNG പവർട്രെയിൻ അവർ ലക്ഷ്യമിടുന്ന ദിശയുമായി പൊരുത്തപ്പെടുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. അതിനോടൊപ്പം കമ്പനി മുന്നോട്ടും എസ്‌യുവി സെഗ്മെൻ്റുളിലും ഉയർന്ന പ്രകടന ശേഷിയുള്ള പെട്രോൾ-ഡീസൽ എഞ്ചിനുകളിലും വളരുന്ന ഇലക്ട്രിക് വാഹന മേഖലയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രസിഡൻ്റ് വ്യക്തമാക്കി.

CNG പവർട്രെയിനുകളുടെ പ്രധാന ലക്ഷ്യം കുറഞ്ഞ ചിലവിൽ കൂടുതൽ ഇന്ധനക്ഷമത നൽകുക എന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരം കാറുകൾ പൊതുവെ ടാക്സി, വാണിജ്യ ഉപഭോക്താക്കൾക്കിടയിലാണ് കൂടുതലായി കാണപ്പെടുന്നത്. പലർക്കും CNG കാറുകൾ എന്നുകേൾട്ടുമ്പോൾ ആദ്യം മനസ്സിൽ വരുന്ന ഇതുപോലുള്ള കാറുകൾ ആയിരിക്കും. ഈ ഇമേജാണ് മഹീന്ദ്ര ഒഴിവാക്കാൻ ആഗ്രഹിക്കുന്നത്. കാരണം മഹീന്ദ്ര എല്ലായിപ്പോഴും അഡ്വഞ്ചർ, പെർഫോമൻസ്, ബോൾഡ്നെസ് എന്നിവക്കാണ് കൂടുതൽ മുൻഗണന നൽകുന്നത്.
XUV 3XO പോലെയുള്ള ചെറിയ മോഡലുകളിൽപോലും ശക്തമായ ടർബോ-പെട്രോൾ, ഡീസൽ എഞ്ചിനുകൾ നൽകുന്നത് ഇതിന്റെ ഉദാഹരണമാണ്. അതുപോലെ ഥാർ, സ്കോർപിയോ തുടങ്ങിയ വലിയ മോഡലുകളിൽ 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോ-പെട്രോൾ പോലുള്ള കൂടുതൽ ശക്തമായ എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്. ഇവയെല്ലാം ഓടിക്കുമ്പോൾ മികച്ച പവറും ശക്തമായ ആക്സിലറേഷനും ഡ്രൈവിംഗിൽ ഒരു പ്രത്യേക ഉന്മേഷവും ലഭിക്കുന്നുണ്ട്.

ഈ പ്രകടനത്തിന് മുൻഗണന നൽകുന്ന സമീപനം മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ്‌യുവികളായ BE6, XEV 9S, XEV 9e എന്നീ മോഡലുകളിലും തുടരുന്നു. അതായത് ഇന്ധനം കുറച്ച് ഉപയോഗിക്കുന്ന വാഹനം എന്നതിലുപരി ശക്തിയും സ്പോർട്ടി ഡ്രൈവിംഗും നൽകുന്ന വാഹനങ്ങളാണ് കമ്പനിയുടെ ലക്ഷ്യം. അതുകൊണ്ടാണ് CNG മോഡലുകൾ മഹീന്ദ്രയുടെ ഈ തത്വചിന്തയ്‌ക്ക് യോജിക്കാത്തതിന്റെ പ്രധാന കാരണം. CNG ഉപയോഗിക്കുന്ന കാറുകൾ സാധാരണയായി പെട്രോൾ വാഹനങ്ങളെക്കാൾ കുറച്ച് പവർ മാത്രമെ നൽകുന്നുള്ളു.
കാരണം CNG-യിൽ ലഭിക്കുന്ന ഊർജ്ജം വളരെ കുറവാണ്. അതിനാൽ സാധാരണ യാത്രക്കോ അല്ലെങ്കിൽ നഗരത്തിൽ അല്പം സാവധാനമായ ഓട്ടത്തിനോ ഇത് അനുയോജ്യമായിരിക്കും. മഹീന്ദ്ര അവരുടെ വാഹനങ്ങൾ നൽകുന്ന പവർഫുൾ ഡ്രൈവ് അനുഭവം കുറയ്ക്കാനും ബ്രാൻഡിന്റെ ശക്തമായ ഇമേജ് മാറ്റാനും താത്പര്യപ്പെടുന്നില്ല. അതുകൊണ്ടാണ് CNG അപ്ലിക്കേഷനുകൾ മഹീന്ദ്രയുടെ വാഹനങ്ങളിൽ ഉപയോഗിക്കാത്തത്. മാത്രവുമല്ല എല്ലാകാര്യങ്ങൾക്കും ഉപരി മാറുന്ന ഉപഭോക്തൃ മുൻഗണകൾക്കും മഹീന്ദ്ര പ്രാധാന്യം നൽകുന്നുണ്ട്.


Click it and Unblock the Notifications








