മഹീന്ദ്രയുടെ ഇലക്ട്രിക് വാണിജ്യ വാഹനങ്ങള്‍ വാങ്ങാനും 'കൂട്ടയിടി'! 3 ലക്ഷം വില്‍പ്പന നേടുന്ന ആദ്യ കമ്പനി
ഇന്ത്യയിലെ മുന്‍നിര സ്‌പോര്‍ട് യൂടിലിറ്റി വാഹന (എസ്‌യുവി) നിര്‍മാതാക്കളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ഇലക്ട്രിക് വാഹന വിഭാഗത്തില്‍ നിലവില്‍ മൂന്ന് മോഡലുകള്‍ മാത്രമാണ് കമ്പനി വില്‍പ്പനക്കെത്തിക്കുന്നതെങ്കിലും രാജ്യത്ത് ഇലക്ട്രിക് വാണിജ്യ വാഹന വിഭാഗത്തില്‍ ഒന്നാമന്‍മാരാണ് മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് (MLMML). ഇപ്പോള്‍ 3 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിച്ച് കൊമേഴ്ഷ്യല്‍ ഇവി വിപണിയില്‍ എംഎല്‍എംഎംഎല്‍ ചരിത്രം രചിച്ചിരിക്കുകയാണ്. ഇന്ത്യയിലെ വാണിജ്യ ഇലക്ട്രിക് വാഹന വിഭാഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കമ്പനിയാണ് മഹീന്ദ്ര.
സുസ്ഥിരമായ ലാസ്റ്റ് മൈല്‍ മൊബിലിറ്റി വിഭാഗത്തില്‍ മഹീന്ദ്രയുടെ നേതൃസ്ഥാനം ഉയര്‍ത്തിക്കാണിക്കുന്നതാണ് ഈ നേട്ടം. ട്രിയോ, സോര്‍ ഗ്രാന്‍ഡ്, ഇ-ആല്‍ഫ ഇലക്ട്രിക് ത്രീ വീലറുകളും ചെറു ഇലക്ട്രിക് ഫോര്‍വീലറുമായ സിയോ എന്നിവയുള്‍പ്പെടെ മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ധിച്ചുവരുന്ന ജനപ്രീതിയെ ഈ നേട്ടം അടിവരയിടുന്നു.

ഈ ഇലക്ട്രിക് വാഹനങ്ങള്‍ ഒരുമിച്ച് 500 ദശലക്ഷം കിലോമീറ്ററിലധികം സഞ്ചരിച്ചുവെന്നും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് (CO2) പുറംതള്ളല്‍ 185 കിലോ മെട്രിക് ടണ്‍ കുറച്ചുവെന്നും മഹീന്ദ്ര പറഞ്ഞു. ഇത് 4.3 ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് തുല്യമാണ്. വാണിജ്യ ഇലക്ട്രിക് വാഹന വിഭാഗത്തില്‍ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി അതിന്റെ ആധിപത്യം നിലനിര്‍ത്തിക്കൊണ്ട് കഴിഞ്ഞ 12 മാസത്തിനുള്ളില്‍ മാത്രം 1 ലക്ഷത്തിലധികം വാഹനങ്ങളാണ് വിറ്റഴിച്ചത്.
കഴിഞ്ഞ വര്‍ഷം അതിന്റെ ഉല്‍പ്പന്ന നിര വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തതിനാലാണ് ഏറ്റവും വേഗതയേറിയ വളര്‍ച്ച രേഖപ്പെടുത്താനായത്. ഷീറ്റ് മെറ്റല്‍ ബോഡിയോട് കൂടിയ ട്രിയോ പ്ലസ്, ഇ-ആല്‍ഫ പ്ലസ്, സോര്‍ ഗ്രാന്‍ഡ് റേഞ്ച് പ്ലസ്, സിയോ തുടങ്ങിയ പുതിയ ഇലക്ട്രിക് വാണിജ്യ വാഹനങ്ങളാണ് കമ്പനി അടുത്തകാലത്തായി വിപണിയില്‍ അവതരിപ്പിച്ചത്. ഈ വാഹനങ്ങള്‍ ലാസ്റ്റ് മൈല്‍ ഡെലിവറി സര്‍വീസുകളും മറ്റും നടത്തുന്ന സ്ഥാപനങ്ങളുടെ കാര്യക്ഷമതയും, ഉല്‍പ്പാദനക്ഷമതയുമെല്ലാം മെച്ചപ്പെടുത്തുന്നു.

നേരത്തെ, ഇലക്ട്രിക് വാഹന വില്‍പ്പന 2 ലക്ഷം യൂണിറ്റ് പിന്നിട്ടപ്പോള്‍ മഹീന്ദ്ര ഡ്രൈവര്‍മാര്‍ക്കായി UDAY NXT എന്ന പ്രത്യേക സംരംഭം ആരംഭിച്ചിരുന്നു. 20 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. ഇപ്പോള്‍, 3 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് അടയാളപ്പെടുത്തുന്നതിനായി കമ്പനി മെച്ചപ്പെടുത്തിയ NEMO (നെക്സ്റ്റ്-ജനറേഷന്‍ മൊബിലിറ്റി) പ്ലാറ്റ്ഫോം ആരംഭിച്ചു.
ഇത് ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്. മെച്ചപ്പെടുത്തിയ NEMO പ്ലാറ്റ്ഫോം മള്‍ട്ടി-വെഹിക്കിള്‍ മാനേജ്മെന്റ്, റിയല്‍-ടൈം ജിയോ-ട്രാക്കിംഗ്, സര്‍വീസ് ബുക്കിംഗ്, റോഡ്സൈഡ് അസിസ്റ്റന്‍സ്, വളര്‍ന്നുവരുന്ന ചാര്‍ജിംഗ് നെറ്റ്വര്‍ക്കിലേക്കുള്ള ആക്സസ് എന്നിവ പോലുള്ള സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഡ്രൈവര്‍മാരെയും കമ്പനികളെയും അവരുടെ വാഹനങ്ങളുടെ കാര്യക്ഷമതയും പ്രവര്‍ത്തനക്ഷമതയും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
'സുസ്ഥിര മൊബിലിറ്റിയിലേക്കുള്ള ഞങ്ങളുടെ യാത്രയില്‍ 3 ലക്ഷം ഇലക്ട്രിക് വാഹന വില്‍പ്പന നാഴികക്കല്ല് പിന്നിട്ടത് അഭിമാനകരമായ നിമിഷമാണ്. ഇത് ഞങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതിഫലനമാണ്. ഞങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുക മാത്രമല്ല ഉപജീവനമാര്‍ഗങ്ങള്‍ സൃഷ്ടിക്കുകയും ശുദ്ധമായ ഭാവി രൂപപ്പെടുത്തുകയും ചെയ്യുന്നു. നൂതന ഉല്‍പ്പന്നങ്ങളിലൂടെ ഇലക്ട്രിക് മൊബിലിറ്റി പ്രായോഗികവും എല്ലാവര്‍ക്കും പ്രാപ്യവുമാക്കുന്നതിനുള്ള പ്രതിബദ്ധത ഞങ്ങള്‍ ശക്തിപ്പെടുത്തുന്നത് തുടരുന്നു' എംഎല്‍എംഎംഎല്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സുമന്‍ മിശ്ര പറഞ്ഞു.
മഹീന്ദ്രയുടെ ഉല്‍പ്പന്നങ്ങളില്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസവും അതിന്റെ ശക്തമായ വില്‍പ്പനാനന്തര സേവനങ്ങളും ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങളുമാണ് ദ്രുതഗതിയിലുള്ള ഈ വളര്‍ച്ചക്ക് വളമായി മാറിയത്. ഇന്ത്യയിലെ ജനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് മാത്രമല്ല വാണിജ്യ ആവശ്യത്തിനും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ തുടങ്ങിയിരിക്കുന്നുവെന്നതിന് തെളിവാണ് ഇത്. ലാസ്റ്റ്‌മൈല്‍ ഡെലിവറി സേവനങ്ങള്‍ക്ക് പരമാവധി ഇവികള്‍ പോലുള്ള ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് പ്രകൃതിക്ക് മാത്രമല്ല പോക്കറ്റിനും നല്ലതാണ്.


Click it and Unblock the Notifications








