മഹീന്ദ്ര സ്‌കൂളിലെ 'ഉഴപ്പന്‍'! ഏപ്രിലില്‍ ഈ കാര്‍ വാങ്ങിയത് വെറും 6 പേര്‍
ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ഇപ്പോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. 2025 ഏപ്രില്‍ മാസത്തില്‍ ഒരിക്കല്‍ കൂടി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളായി മാറിയ മഹീന്ദ്ര ഹ്യുണ്ടായിയെയും ടാറ്റയെയും പിന്തള്ളി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മഹീന്ദ്ര കൊണ്ടുവന്ന പുത്തന്‍ എസ്‌യുവികള്‍ക്ക് ലഭിക്കുന്ന വമ്പന്‍ സ്വീകാര്യതയാണ് വില്‍പ്പനയില്‍ പ്രതിഫലിക്കുന്നത്. സ്‌കോര്‍പിയോ, ഥാര്‍, ബൊലേറോ, 3X0, XUV 700 എന്നീ മോഡലുകളെല്ലാം മികച്ച വില്‍പ്പനയാണ് നേടുന്നത്. മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ ഇലക്ട്രിക് എസ്‌യുവികളും ഹിറ്റായി മാറിയിട്ടുണ്ടെങ്കിലും അവയുടെ ഡെലിവറി പൂര്‍ണ തോതിലായിട്ടില്ല.
മഹീന്ദ്രയുടെ ഐസി എഞ്ചിന്‍ വാഹനങ്ങളുടെ വില്‍പ്പന കണക്കുകള്‍ മാത്രം പരിശോധിക്കുമ്പോള്‍ അതില്‍ അഞ്ച് മോഡലുകള്‍ 5000 യൂണിറ്റിന് മുകളില്‍ വില്‍പ്പന നേടിയിട്ടുണ്ട്. എന്നാല്‍ ഒരു മോഡല്‍ മാത്രം 2025 ഏപ്രില്‍ മാസത്തില്‍ വില്‍പ്പന ഒറ്റയക്കത്തിലൊതുങ്ങി. അത് ഏതാണെന്ന് ചുവടെ വിശദമായി പറയാം.

ആമുഖത്തില്‍ നിന്ന് തന്നെ കുറച്ച് പോര്‍ക്കെങ്കിലും ഈ കാര്‍ ഏതാണെന്ന് പിടികിട്ടിക്കാണും. എംപിവി മോഡല്‍ ആയ മറാസോയാണ് (Mahindra Marazzo) ഇപ്പോള്‍ മഹീന്ദ്ര മോഡല്‍ നിരയിലെ ഏക 'ഉഴപ്പന്‍'. കഴിഞ്ഞ മാസവും ഈ കാറിന്റെ വില്‍പ്പന ഗണ്യമായി കുറഞ്ഞു. 2025 ഏപ്രിലില്‍ വെറും 6 പേര്‍ മാത്രമാണ് ഈ കാര്‍ വാങ്ങാനായി മഹീന്ദ്ര ഷോറൂമിലെത്തിയത്. 2024 ഏപ്രില്‍ മാസത്തില്‍ മറാസോയുടെ 20 യൂണിറ്റുകള്‍ വിറ്റ്‌പോയിരുന്നു.
ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ 14 യൂണിറ്റാണ് വില്‍പ്പന ഇടിവ്. വില്‍പ്പന ചാര്‍ട്ട് നോക്കുമ്പോള്‍ ഇത് കുറേ മാസങ്ങളായി തുടരുന്ന പ്രതിഭാസമാണെന്ന് മനസ്സിലാകും. 2025 കലണ്ടര്‍ വര്‍ഷം ആരംഭിച്ച് ഇത് വരെ 33 മറാസോ മാത്രമാണ് മഹീന്ദ്രക്ക് വില്‍ക്കാന്‍ സാധിച്ചത്. ഇതില്‍ ജനുവരി മാസം വില്‍പ്പന 0 യൂണിറ്റായിരുന്നു. ഫെബ്രുവരിയില്‍ 17 യൂണിറ്റും മാര്‍ച്ചില്‍ 10 യൂണിറ്റുമായിരുന്നു വില്‍പ്പന. എന്നാല്‍ ഏപ്രിലില്‍ വില്‍പ്പന വീണ്ടും ഒറ്റയക്കത്തില്‍ എത്തിയിരിക്കുകയാണ്.

മറാസോ മാരുതി എര്‍ട്ടിഗ, കിയ കാരെന്‍സ്, ടൊയോട്ട റൂമിയോണ്‍ തുടങ്ങിയ മോഡലുകളുമായാണ് മത്സരിക്കുന്നത്. എക്‌സ്-ഷോറൂം വില 14.59 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെ പോകുന്നു. 7, 8 സീറ്റര്‍ ഓപ്ഷനുകളില്‍ ഇത് വാങ്ങാം. 121 bhp പവറും 300 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മറാസോയുടെ ഹൃദയം. സുഗമമായ ഷിഫ്റ്റുകളും മെച്ചപ്പെട്ട ഡ്രൈവിംഗ് സുഖവും ഉറപ്പാക്കുന്ന 6-സ്പീഡ് ഗിയര്‍ബോക്സാണ് ഇതിലുള്ളത്.
മറാസോയുടെ എല്ലാ വേരിയന്റുകളിലും എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നതിനാല്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന ഉപഭോക്താക്കള്‍ക്ക് ധൈര്യമായി പരിഗണിക്കാം. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിമോട്ട് കീലെസ് എന്‍ട്രി, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, 17 ഇഞ്ച് അലോയ് വീലുകള്‍ തുടങ്ങിയ നിരവധി സവിശേഷതകളും മറാസോയില്‍ ലഭ്യമാണ്.

ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് പറ്റിയ ഫാമിലി കാറായിട്ടും മറാസോയ്ക്ക് വിപണിയില്‍ കാലിടറുകയാണ്. അതിന്റെ ഒരു കാരണം ഇന്ത്യയിലെ സമ്പന്നമായ 7 സീറ്റര്‍ കാര്‍ വിഭാഗമാണ്. എംപിവി വിഭാഗത്തില്‍ തന്നെ മറാസോയുടെ എതിരാളികളായ എര്‍ട്ടിഗ, കാരെന്‍സ്, റൂമിയോണ്‍ എന്നിവ സമാനമായതോ അല്ലെങ്കില്‍ അതിന് മുകളില്‍ നില്‍ക്കുന്നതോ ആയ ഫീച്ചര്‍ ലിസ്റ്റ് വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്രയുടെ സമീപകാല ലോഞ്ചുകളുമായി തട്ടിച്ച്‌നോക്കുമ്പോള്‍ 'ഔട്ട്‌ഡേറ്റഡ്' ആണ് മറാസോ എന്ന് പറയേണ്ടി വരും.
7 സീറ്റര്‍ വേിഭാഗത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി മഹീന്ദ്ര മറാസോ ഉപഭോക്തൃ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ നവീകരണങ്ങള്‍ക്ക് വിധേയമാകേണ്ടതുണ്ട്. മത്സരാധിഷ്ഠിത വിലനിര്‍ണയവും ഫീച്ചര്‍ റിച്ചായ ക്യാബിന്‍ ഉണ്ടായിട്ടും വാഹനത്തിന്റെ വില്‍പ്പന ഇടിയുന്നത് ഇന്‍ഡസ്ട്രിയുടെ ചലനാത്മകവും പ്രവചനാതീതവുമായ സ്വഭാവത്തെ എടുത്തുകാണിക്കുന്നു. ഇത് നന്നായി അറിയാവുന്ന മഹീന്ദ്ര ഒന്നുകില്‍ ഈ കാര്‍ നിര്‍ത്തലാക്കും അല്ലെങ്കില്‍ ഒരു വമ്പന്‍ അപ്‌ഡേറ്റ് സമ്മാനിക്കുമെന്നാണ് തോന്നുന്നത്.


Click it and Unblock the Notifications








