ആര്‍ക്കും വേണ്ടാതിരുന്ന കാറിന് 4.25 ലക്ഷം ഡിസ്‌കൗണ്ടിട്ടതോടെ കച്ചോടം കൂടി! കെടുന്നതിന് മുമ്പുള്ള ആളിക്കത്തലോ?
ഇന്ന് ഒരാള്‍ കാര്‍ വാങ്ങാന്‍ ഇറങ്ങിയാല്‍ ആദ്യം പരിഗണിക്കുന്നത് സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ (എസ്‌യുവി) ആയിരിക്കും. രാജ്യത്തെ മുന്‍നിര എസ്‌യുവി നിര്‍മാതാക്കളാണ് മഹീന്ദ്ര. ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ വിപണിയില്‍ എത്തിക്കുന്ന സ്‌കോര്‍പിയോ, ഥാര്‍, XUV700, XUV 3XO, ബൊലേറോ എന്നീ എസ്‌യുവികള്‍ ചൂടപ്പം പോലെയാണ് വിറ്റഴിക്കപ്പെടുന്നത്. കമ്പനി എംപിവി വിഭാഗത്തില്‍ മറാസോ (Mahindra Marazzo) എന്ന കാറും വില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ കാര്‍ എല്ലാ മാസവും വളരെ പരിമിതമായ അളവില്‍ മാത്രമാണ് വില്‍പ്പന നേടുന്നത്. ഇക്കാരണത്താല്‍, മറാസോ എപ്പോള്‍ വേണമെങ്കിലും വിപണിയില്‍ നിന്ന് പിന്‍വലിക്കാമെന്ന പ്രതീതിയാണ്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വെബ്‌സൈറ്റില്‍ നിന്ന് ഡീലിസ്റ്റ് ചെയ്ത ശേഷം മടങ്ങിയെത്തുകയായിരുന്നു. അധികം വൈകാതെ ഈ കാര്‍ മഹീന്ദ്ര എംപിവി നിര്‍ത്തലാക്കുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടെങ്കിലും കമ്പനി ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല. വില്‍പ്പന നന്നേ കുറവാണെങ്കിലും ഈ കാര്‍ ഉത്പാദനം തുടരുന്നു. ഇതിനിടെ ഏവരെയും ഞെട്ടിച്ച് കൊണ്ട് 2025 നവംബര്‍ മാസം വില്‍പ്പന വളര്‍ച്ച നേടിയിരിക്കുകയാണ് മറാസോ. ഇതിനെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നമുക്ക് ഈ ലേഖനത്തില്‍ പരിശോധിക്കാം.

ഇവികള്‍ അടക്കം നിലവില്‍ 9 കാറുകളാണ് മഹീന്ദ്ര ഇന്ത്യയില്‍ വിപണനം ചെയ്യുന്നത്. വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും ഇപ്പോഴും മഹീന്ദ്രയുടെ പോര്‍ട്‌ഫോളിയോയിലെ ഏറ്റവും കുറവ് വില്‍പ്പനയുള്ള കാര്‍ മറാസോയാണ്. റഷ്‌ലെയ്‌നില്‍ പങ്കുവെച്ച റിപ്പോര്‍ട്ട് പ്രകാരം 2025 നവംബര്‍ മാസം 47 യൂണിറ്റായിരുന്നു മറാസോയുടെ വില്‍പ്പന.
2024 നവംബറില്‍ വിറ്റ 9 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 38 യൂണിറ്റുകള്‍ അധികം വിറ്റ് 422.22 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാന്‍ എംപിവിക്കായി. എന്നിരുന്നാലും മഹീന്ദ്ര കാറുകളില്‍ നവംബര്‍ മാസം മൂന്നക്ക വില്‍പ്പന സംഖ്യ നേടാത്ത ഏക കാര്‍ മറാസോയാണ്. 2025 ഒക്‌ടോബര്‍ മാസവുമായി തട്ടിച്ച് നോക്കുമ്പോഴും മറാസോയുടെ വില്‍പ്പന കൂടി.

ദീപാവലി, ദസറ അടക്കമുള്ള ഉത്സവങ്ങള്‍ അരങ്ങേറിയ മാസമായിരുന്നിട്ട് കൂടി ഒക്‌ടോബറില്‍ മറാസോക്ക് വെറും 2 പുതിയ ഉപഭോക്താക്കളെ മാത്രമാണ് ലഭിച്ചത്. 45 യൂണിറ്റ് അധികം വിറ്റതോടെ 2250 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം എംപിവിക്ക് 4.25 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടിട്ട് വിറ്റഴിച്ചത് ഗുണകരമായി എന്ന് വേണം അനുമാനിക്കാന്‍.
മികച്ച യാത്രാ സുഖം, ഗുണനിലവാരമുള്ള ഇന്റീരിയര്‍ ഡിസൈന്‍, 4-സ്റ്റാര്‍ ഗ്ലോബല്‍ NCAP സുരക്ഷാ റേറ്റിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്ന മഹീന്ദ്ര മറാസോയില്‍ 8 പേര്‍ക്ക് വരെ സുഖമായി യാത്ര ചെയ്യാം. 121 bhp പവറും 300 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള മറാസോയിലെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. എംപിവിയുടെ ക്ലെയിംഡ് മൈലേജ് ലിറ്ററിന് 22 കിലോമീറ്റര്‍ വരെയാണ്.

മികച്ച ഫീച്ചറുകള്‍ നിറഞ്ഞ ഫാമിലി കാര്‍ കൂടിയാണ് മറാസോ. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിമോട്ട് കീ-ലെസ് എന്‍ട്രി, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, സെന്‍ട്രല്‍ എസി, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകള്‍. എല്ലാ വേരിയന്റുകളിലും സുരക്ഷയ്ക്കായി എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ തുടങ്ങിയ ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്.
മഹീന്ദ്രയുടെ മറ്റ് എസ്‌യുവികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വില്‍പ്പന കുറവാണെങ്കിലും മറാസോ ഇപ്പോള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലക്ഷങ്ങളുടെ ഓഫറിട്ടതോടെ കിയ കാരെന്‍സ്, മാരുതി എര്‍ട്ടിഗ/XL6 എന്നീ എതിരാളികള്‍ക്കെതിരെ മത്സരക്ഷമതയോടെ നില്‍ക്കാന്‍ മറാസോക്ക് സാധിച്ചിരുന്നു. മികച്ച ഫാമിലി കാര്‍ആയിരുന്നിട്ടും മറാസോയുടെ വില്‍പ്പന വളരെ കുറയാനുള്ള കാരണം വളരെക്കാലമായി ഇതിന് അപ്ഡേറ്റുകളൊന്നും ലഭിച്ചിട്ടില്ല എന്നതാണ്. മോഡേണ്‍ ഫീച്ചറുകള്‍ക്കൊപ്പം ഡിസൈന്‍ പരിഷ്‌കാരങ്ങളുമായി നവീകരിച്ചാല്‍ മറാസോക്ക് വമ്പന്‍ തിരിച്ചുവരവ് നടത്താനാകും.


Click it and Unblock the Notifications








