ഡിസ്‌കൗണ്ടിട്ടാല്‍ ഇന്ത്യക്കാര്‍ വീഴും! 2 ലക്ഷം ഓഫറിട്ടതോടെ ഫാമിലി കാറിന് 2 വര്‍ഷത്തെ ഉയര്‍ന്ന വില്‍പ്പന
കഴിഞ്ഞ കുറച്ച് മാസങ്ങളായി സെയില്‍സ് ചാര്‍ട്ടുകള്‍ വിറപ്പിക്കുകയാണ് മുന്‍നിര എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്ര. പുത്തന്‍ ഇവികളുടെയടക്കം വരവോടെ ഹ്യുണ്ടായിയെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളാകാനും മഹീന്ദ്രക്ക് സാധിച്ചിരുന്നു. 2025 ജൂലൈ മാസം മഹീന്ദ്രയുടെ പ്രതിമാസ വില്‍പ്പന വീണ്ടും അരലക്ഷം യൂണിറ്റിന് തൊട്ടടുത്തെത്തി. കഴിഞ്ഞ മാസം 49871 യൂണിറ്റായിരുന്നു വില്‍പ്പന. 2024 ജൂലൈ മാസം വിറ്റ 41623 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. സ്‌കോര്‍പ്പിയോ മുതല്‍ ഥാര്‍, ബൊലേറോ എന്നിവയടക്കമുള്ള മഹീന്ദ്ര എസ്‌യുവികള്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്.
എന്നാല്‍ മഹീന്ദ്രയുടെ മോഡല്‍നിരയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വില്‍പ്പന ഏറെക്കുറെ നിലച്ചുപോയ ഒരു കാറുണ്ട്. അതെ പറഞ്ഞുവരുന്നത് മഹീന്ദ്ര മറാസോ എംപിവിയെ കുറിച്ച് തന്നെ. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മറാസോ വെബ്‌സൈറ്റില്‍ നിന്ന് നീക്കിയതോടെ മോഡല്‍ നിര്‍ത്തലാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അധികംവൈകാതെ വില വര്‍ധനവുമായി മറസോ വീണ്ടും വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. വില വര്‍ധനവ് കൂടി ആയതോടെ മറാസോയുടെ വില്‍പ്പന വീണ്ടും ഇടിഞ്ഞു.

ചില മാസങ്ങളില്‍ 0, 4, 6, 7, 8 യൂണിറ്റുകള്‍ മാത്രമായിരുന്നു വില്‍പ്പന. ഡ്രൈവ്‌സ്പാര്‍ക്ക് മലയാളത്തിന്റെ സ്ഥിരം സന്ദര്‍ശകര്‍ ഇത് വായിക്കുമ്പോള്‍ ഇതൊന്നും അത്ര പുതുമയുള്ള കാര്യമല്ലെല്ലോ എന്നായിരിക്കും ചിന്തിക്കുന്നത്. എന്നാല്‍, കഴിഞ്ഞ മാസം വില്‍പ്പന മൂന്നക്കം കടത്തി മറാസോ ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 2025 ജൂലൈ മാസത്തില്‍ 176 യൂണിറ്റ് വില്‍പ്പനയുമായാണ് മറാസോ രണ്ട് വര്‍ഷത്തെ മോശം പ്രകടനത്തിന് താല്‍ക്കാലികമായെങ്കിലും അറുതിവരുത്തിയത്.
2025 ജൂണില്‍ 17 യൂണിറ്റും 2024 ജൂലൈയില്‍ 14 യൂണിറ്റും മാത്രമായിരുന്നു ഈ എംപിവിയുടെ വില്‍പ്പന. വാര്‍ഷിക വളര്‍ച്ച 1000 ശതമാനത്തിന് മുകളില്‍ പോകും. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മറാസോയാണ് കമ്പനിയുടെ ഏറ്റവും കുറഞ്ഞ വില്‍പ്പനയുള്ള മോഡല്‍. വെറും 166 യൂണിറ്റുകള്‍ മാത്രമാണ് വില്‍പ്പന. പോയമാസം മറാസോയുടെ വില്‍പ്പന വര്‍ധിക്കാന്‍ കൃത്യമായ കാരണങ്ങള്‍ ഉണ്ട്.

മുമ്പ് ഏകദേശം 50,000 രൂപ ഡിസ്‌കൗണ്ട് നല്‍കിയിരുന്ന കാറില്‍ ആദ്യമായി കമ്പനി 2 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്തത് ജൂലൈയിലാണ്. ഈ വമ്പന്‍ ഡിസ്‌കൗണ്ടാണ് വില്‍പ്പനയിലെ കുതിച്ചുചാട്ടത്തിന് കാരണം. ഒരുപക്ഷേ സ്‌റ്റോക്ക് തീര്‍ത്ത് കാര്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനുള്ള നീക്കമായി വേണമെങ്കില്‍ ഇതിനെ വ്യാഖ്യാനിക്കാം. 2024, 2025 വര്‍ഷങ്ങളില്‍ ജനുവരി മുതല്‍ ജൂലൈ വരെ മാസങ്ങളിലെ മറാസോയുടെ വില്‍പ്പന ചുവടെയുള്ള പട്ടികയില്‍ പരിശോധിക്കാം.
| മാസം | 2024 | 2025 |
| ജനുവരി | 32 | 0 |
| ഫെബ്രുവരി | 51 | 17 |
| മാര്‍ച്ച് | 51 | 10 |
| ഏപ്രില്‍ | 20 | 6 |
| മെയ് | 16 | 4 |
| ജൂണ്‍ | 12 | 17 |
| ജൂലൈ | 14 | 176 |
മികച്ച ഫീച്ചറുകള്‍ നിറഞ്ഞ ഫാമിലി കാര്‍ ആണ് മറാസോ. എംപിവിയുടെ എല്ലാ വേരിയന്റുകളിലും സുരക്ഷയ്ക്കായി എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ തുടങ്ങിയ ഫീച്ചറുകള്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിമോട്ട് കീ-ലെസ് എന്‍ട്രി, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, സെന്‍ട്രല്‍ എസി, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് ഇതിലെ പ്രധാന സവിശേഷതകള്‍.

മറാസോയിലെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 121 bhp പവറും 300 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ്. എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മറാസോ ലിറ്ററിന് 18 കിലോമീറ്റര്‍ മുതല്‍ 22 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. 7, 8 സീറ്റിംഗ് ഓപ്ഷനില്‍ വാങ്ങാവുന്ന മറാസോയുടെ നിലവിലെ എക്‌സ്‌ഷോറൂം വില 14.59 മുതല്‍ 17 ലക്ഷം രൂപ വരെയാണെന്ന് മഹീന്ദ്രയുടെ വെബ്‌സൈറ്റില്‍ പറയുന്നു.
ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് പറ്റിയ കാറായിട്ടും മറാസോയ്ക്ക് കാര്യമായ വില്‍പ്പനയില്ലാതിരിക്കാന്‍ ഒന്നിലേറെ കാരണങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് അപ്‌ഡേറ്റുകളുടെ അഭാവമാണ്. ഇന്ത്യയിലെ സമ്പന്നമായ 7 സീറ്റര്‍ കാര്‍ വിഭാഗത്തില്‍ മാരുതി എര്‍ട്ടിഗ, കിയ കാരെന്‍സ്, ടൊയോട്ട റൂമിയോണ്‍ എന്നിവ മറാസോയേക്കാള്‍ മികച്ച ഫീച്ചര്‍ ലിസ്റ്റ് വാഗ്ദാനം ചെയ്യുന്നു. വിപണിയില്‍ മത്സരം കടുത്തതും ഉപഭോക്തൃ മുന്‍ഗണന മാറിയതും മറാസോയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ഒന്നുകില്‍ ഇത് നിര്‍ത്തലാക്കുകയോ അല്ലെങ്കില്‍ അപ്‌ഡേറ്റ് വരുത്തി പുറത്തിറക്കാനോ ആയിരിക്കും മഹീന്ദ്രയുടെ പ്ലാന്‍.


Click it and Unblock the Notifications








