മഹീന്ദ്രയുടെ 'പെരിയ സംഭവം' ലോഡിംഗ്! ഒറ്റ ടീസര്‍ കൊണ്ട് തന്നെ എതിരാളികള്‍ ഞെട്ടി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മഹീന്ദ്രയുടെ നിരവധി വാഹനങ്ങള്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്നത് നാം കണ്ടു. XUV700 ഫെയ്‌സ്‌ലിഫ്റ്റ്, പുതിയ തലമുറ ബെലേറോ എന്നിവ ടെസ്റ്റിംഗിനിടെ ക്യാമറയില്‍ പതിഞ്ഞതിനാല്‍ ഇവ അധികം വൈകാതെ പുറത്തിറങ്ങുമെന്ന് നമുക്ക് മനസിലായി. എന്നാല്‍ ഇതൊന്നുമല്ലാതെ അല്‍പ്പം വലിയ സംഗതി അണിയറയില്‍ പ്ലാന്‍ ചെയ്യുകയായിരുന്നു മഹീന്ദ്ര. ബ്രാന്‍ഡിന്റെ ഭാവി ഉല്‍പ്പന്നങ്ങള്‍ക്ക് അടിത്തറയാകാന്‍ പോകുന്ന പുത്തന്‍ പ്ലാറ്റ്‌ഫോമിന്റെ വരവുറപ്പിച്ച് കമ്പനി ടീസര്‍ പുറത്തുവിട്ടു. 2025 ഓഗസ്റ്റ് 15-ന്, അതായത് നമ്മുടെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍ കമ്പനി 'NFA' (ന്യൂ ഫെ്‌ലക്‌സിബിള്‍ ആര്‍ക്കിടെക്ചര്‍) എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന തങ്ങളുടെ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിക്കും.
മുംബൈയിലാണ് ഈ ചടങ്ങ് അരങ്ങേറുക. മഹീന്ദ്രയുടെ പുത്തന്‍ ടീസറില്‍ അടക്കം നിറഞ്ഞ് നില്‍ക്കുന്ന പദമാണ് ഫ്രീഡം NU. ഇത് പുതിയ പ്ലാറ്റ്ഫോമിന്റെ പേരായിരിക്കാമെന്ന സൂചന നല്‍കുന്നു. ടീസറിന്റെ അടിക്കുറിപ്പിലും ഹാഷ്ടാഗിലും ഇത് കാണാം. ടീസറിലൂടെ മറ്റ് ചില സംശയങ്ങളും നമുക്ക് ഉയരും. അതില്‍ ഒന്ന് ഇത് ഐസി എഞ്ചിന്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഉള്ള ഒറ്റ പ്ലാറ്റ്‌ഫോമാണോ എന്നതാണ്.

ടീസര്‍ മഹീന്ദ്ര ഓട്ടോമോട്ടീവ് ആണ് പങ്കുവെച്ചത്. ഐസിഇ അഥവാ പെട്രോള്‍-ഡീസല്‍ എഞ്ചിന്‍ വാഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ടീസറില്‍ മഹീന്ദ്ര ഇലക്ട്രിക് ഒറിജിന്‍ എസ്യുവി ലോഗോയും ഹാഷ്ടാഗും കാണാം. ഈ പുതിയ പ്ലാറ്റ്ഫോം പെട്രോള്‍, ഡീസല്‍, ഇലക്ട്രിക്, ഹൈബ്രിഡ് (പെട്രോള്‍ + ഇലക്ട്രിക്) തുടങ്ങിയ നാല് ഓപ്ഷനുകളെയും പിന്തുണയ്ക്കുന്ന ഒരു മള്‍ട്ടി-പവര്‍ട്രെയിന്‍ ആര്‍ക്കിടെക്ചറായിരിക്കാം.
ഈ പുതിയ ഫ്‌ലെക്‌സിബിള്‍ ആര്‍ക്കിടെക്ചര്‍ നിരവധി പുതിയ വാഹനങ്ങള്‍ക്ക് അടിസ്ഥാനമാവുമെന്നാണ് കരുതുന്നത്. പരീക്ഷണയോട്ടം നടത്തുന്ന പുതിയ ബൊലേറോ എസ്യുവി ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കാം. പുതിയ ഥാര്‍ വേരിയന്റുകളും ഈ പ്ലാറ്റ്ഫോമില്‍ പുറത്തിറങ്ങാന്‍ സാധ്യതയുണ്ട്. BE റാല്‍-E, XUV3XO ഇവി തുടങ്ങിയ ഇവി മോഡലുകളും ഇതേ പ്ലാറ്റ്ഫോമില്‍ പുറത്തിറങ്ങാന്‍ സാധ്യതയുണ്ട്.

മഹീന്ദ്ര ഹൈബ്രിഡ് സെഗ്മെന്റിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുകയാണെന്നുള്ളതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഇതൊരു സാധാരണ 'മൈല്‍ഡ് ഹൈബ്രിഡ്' ആയിരിക്കില്ല. ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന PHEV (പ്ലഗ്ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിള്‍) സിസ്റ്റമായിരിക്കും. അതായത് ഈ ഹൈബ്രിഡ് കാറില്‍ നിശ്ചിത ദൂരം പ്യുവര്‍ ഇവി മോഡില്‍ സഞ്ചരിക്കാന്‍ സാധിക്കും. സ്‌ട്രോംഗ് ഹൈബ്രിഡ് കാറുകളേക്കാള്‍ ദൂരം ഇവ ഇവി മോഡില്‍ ഓടിക്കാം. ഇതുപോലെയുള്ള റേഞ്ച്-എക്‌സ്റ്റെന്‍ഡര്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ ഇന്ത്യയില്‍ ഇതുവരെ പ്രചാരത്തില്‍ വന്നിട്ടില്ല.
നിലവില്‍ പ്രീമിയം വാഹനങ്ങളില്‍ മാത്രമാണ് പ്ലഗ് ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭ്യമാകുന്നത്. മഹീന്ദ്ര ഇത് യാഥാര്‍ത്ഥ്യമാക്കുകയാണെങ്കില്‍ PHEV ജനപ്രിയമാക്കുന്ന ആദ്യ ബ്രാന്‍ഡായിരിക്കും ഇത്. ഈ ഓഗസ്റ്റ് 15-ന്് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ മഹീന്ദ്ര ഓട്ടോ 'ഫ്രീഡം NU' എന്ന പേരില്‍ ഭാവി പ്ലാറ്റ്‌ഫോമിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കും. ഇത് സാങ്കേതിക വിപ്ലവത്തിന്റെ പ്രതീകം മാത്രമല്ല, ആഗോള ഓട്ടോമൊബൈല്‍ ഇന്നൊവേഷന്‍ ഭൂപടത്തില്‍ ഇന്ത്യയെ കൂടുതല്‍ ശക്തമായി സ്ഥാപിക്കുകയും ചെയ്യും.

ഇന്ത്യയ്ക്ക് നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമല്ല, വിവിധ ഇന്ധന ഓപ്ഷനുകളുള്ള വാഹനങ്ങളും ആവശ്യമാണ്. മഹീന്ദ്ര ഇത് തിരിച്ചറിഞ്ഞ് ഈ പ്ലാറ്റ്ഫോം സൃഷ്ടിച്ചു. ലോഞ്ചില്‍ നിങ്ങള്‍ക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഓഗസ്റ്റ് 15 ആകാന്‍ ഇനി ഏതാനും ആഴ്ചകള്‍ കൂടിയുള്ളതിനാല്‍ കൃത്യമായ ഇടവേളകളില്‍ മഹീന്ദ്ര ഫ്രീഡം NU പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ പങ്കുവെച്ചേക്കാം. അത് ഞങ്ങള്‍ നിങ്ങളിലേക്കെത്തിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








