കൊറിയക്കാര്‍ ഇനി വിലസണ്ട, ഇന്ത്യക്കാരുണ്ട്! മഹീന്ദ്ര തുടര്‍ച്ചയായി മൂന്നാം മാസവും സെക്കന്‍ഡ്
ഏഴുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്റ്റീല്‍ വീല്‍പ്പനയിലൂടെ തുടക്കം കുറിച്ചവരാണ് മഹീന്ദ്ര ഗ്രൂപ്പ്. നിലവില്‍ ഓട്ടോമോട്ടീവ്, എയ്‌റോസ്‌പേസ്, കാര്‍ഷികം, ഊര്‍ജം, പ്രതിരോധം, ഫിനാന്‍സ്, ഇന്‍ഷൂറന്‍സ്, ഐടി, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്‌സ്, റിയല്‍ എസ്‌റേറ്റ്, റീട്ടെയില്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര മേഖലകളിലായി മഹീന്ദ്രയുടെ സാമ്രാജ്യം വ്യാപിച്ചിരിക്കുന്നു. വാണിജ്യ വാഹനങ്ങള്‍ നിര്‍മിച്ച് കൊണ്ട് ഓട്ടോമോട്ടീവ് വിപണിയില്‍ പ്രവേശിച്ച മഹീന്ദ്ര ഇന്ന് പാസഞ്ചര്‍ വാഹന വിപണിയിലെ ചില സെഗ്‌മെന്റുകള്‍ അടക്കി ഭരിക്കുകയാണ്. ഇപ്പോള്‍ തുടര്‍ച്ചയായ മൂന്നാം മാസവും ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയെയും ടാറ്റ മോട്ടോര്‍സിനെയും പിന്തള്ളി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, രാജ്യത്തെ രണ്ടാമത്തെ വലിയ വാഹന നിര്‍മ്മാതാക്കളായി മാറിയിരിക്കുകയാണ്.
ഇന്ത്യയിലെ മറ്റ് മുന്‍നിര വാഹന നിര്‍മാതാക്കള്‍ വിവിധ ബോഡിസ്‌റ്റൈലിലുള്ള നിരവധി വാഹനങ്ങള്‍ വിപണനം ചെയ്യുമ്പോള്‍ മഹീന്ദ്ര സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ (എസ്‌യുവി) മാത്രമാണ് വില്‍പ്പനക്കെത്തിക്കുന്നത്. വര്‍ഷങ്ങളായി കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായിയായിരുന്നു മാരുതി സുസുക്കിക്ക് പിന്നില്‍ രണ്ടാം സ്ഥാനം അലങ്കരിച്ചിരുന്നത്. എന്നാല്‍ സമീപകാലത്തായി വമ്പന്‍ കുതിപ്പ് നടത്തുന്ന മഹീന്ദ്ര ഹ്യുണ്ടായിയെ തെറുപ്പിച്ച് രണ്ടാം സ്ഥാനം തുടര്‍ച്ചയായി കൈയ്യടക്കുകയാണ്.

നമ്പര്‍ വണ്‍ എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്ര 2025 ജൂണ്‍ മാസത്തില്‍ 47,306 യൂണിറ്റ് വാഹനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്. അതേസമയം ഹ്യുണ്ടായ്ക്ക് 44,024 യൂണിറ്റുകള്‍ മാത്രമാണ് വില്‍ക്കാന്‍ സാധിച്ചത്. മറ്റൊരു പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റയുടെ ജൂണിലെ വില്‍പ്പന 37,083 യൂണിറ്റുകളില്‍ ഒതുങ്ങി.വാര്‍ഷികാടിസ്ഥാനത്തില്‍ മഹീന്ദ്ര ഇരട്ട അക്കത്തിലുള്ള വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ ഐസി എഞ്ചിന്‍, ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുന്ന മഹീന്ദ്ര യൂടിലിറ്റി വാഹന വിഭാഗത്തില്‍ വ്യക്തമായ മേധാവിത്തം നേടി. 2024 ജൂണില്‍ വിറ്റ 40022 യൂണിറ്റുകളെ അപേക്ഷിച്ച് 18 ശതമാനം വളര്‍ച്ചയാണ് മഹീന്ദ്ര രേഖപ്പെടുത്തിയത്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 152067 യൂണിറ്റുകള്‍ വിറ്റ് 22 ശതമാനം വളര്‍ച്ച നേടി. 2024 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കമ്പനിയുടെ വില്‍പ്പന 124248 യൂണിറ്റ് മാത്രമായിരുന്നു.
| കമ്പനി | ജൂണ്‍ 2025 | മെയ് 2025 | ഏപ്രില്‍ 2025 |
| മഹീന്ദ്ര | 47,306 യൂണിറ്റ് | 52,431 യൂണിറ്റ് | 52,330 യൂണിറ്റ് |
| ഹ്യുണ്ടായി | 44,024 യൂണിറ്റ് | 43,861 യൂണിറ്റ് | 44,374 യൂണിറ്റ് |
| ടാറ്റ | 37,083 യൂണിറ്റ് | 41,557 യൂണിറ്റ് | 45,199 യൂണിറ്റ് |
മഹീന്ദ്രയുടെ ഐസി എഞ്ചിന്‍ ലൈനപ്പില്‍ ബൊലേറോ, ബൊലേറോ നിയോ, XUV 3XO, ഥാര്‍, ഥാര്‍ റോക്‌സ്, സ്‌കോര്‍പിയോ ക്ലാസിക്, സ്‌കോര്‍പിയോ N, XUV700 തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്നു. കൂടാതെ XUV400, BE 6, XUV 9e എന്നീ ഇലക്ട്രിക് വാഹനങ്ങളും ഉള്‍പ്പെടുന്നു.
2025 മെയ് മാസത്തില്‍, ബൊലേറോയുടെയും ബൊലേറോ നിയോയുടെയും ബോള്‍ഡ് പതിപ്പും കമ്പനി പോര്‍ട്ട്ഫോളിയോയില്‍ ഇടം നേടി. തുടര്‍ച്ചയായി മൂന്നു മാസങ്ങളില്‍ മഹീന്ദ്രയുടെ മികച്ച പ്രകടനം വിപണിയില്‍ ശ്രദ്ധേയമായി. എസ്‌യുവി മോഡലുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ഇതിന് പ്രധാന കാരണം.ജൂണില്‍ മഹീന്ദ്ര 2634 വാഹനങ്ങള്‍ കയറ്റുമതി ചെയ്തു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 1 ശതമാനം വര്‍ധന. കഴിഞ്ഞ മാസം മാത്രം 2634 വാഹനങ്ങള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞ പാദത്തില്‍ മാത്രം 9667 വാഹനങ്ങള്‍ കപ്പല്‍ കയറ്റി അയച്ചിട്ടുണ്ട്. കാര്‍ഷിക വാഹനങ്ങളുടെ വില്‍പ്പനയിലും മഹീന്ദ്ര പിന്നിലല്ല. കഴിഞ്ഞ മാസം മാത്രം ആകെ 51,769 ട്രാക്ടറുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വില്‍പ്പനയേക്കാള്‍ 13 ശതമാനം കൂടുതലാണിത്. ആകെ 1623 ട്രാക്ടറുകള്‍ കയറ്റുമതി ചെയ്തു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








