GST 2.0: സെപ്റ്റംബര്‍ 22 വരെ കാത്തില്ല, സ്‌പോട്ടില്‍ എല്ലാ കാറുകള്‍ക്കും 1 ലക്ഷം വരെ കുറച്ച് മഹീന്ദ്ര
ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തിലാണ് ഇന്ത്യക്കാര്‍ക്കുള്ള ദീപാവലി സമ്മാനമായി വാഹനങ്ങള്‍ അടക്കമുള്ള നൂറിലേറെ വസ്തുക്കളുടെ ചരക്കുസേവന നികുതി കേന്ദ്ര സര്‍ക്കാര്‍ കുറച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹന വില്‍പ്പന നടക്കുന്ന ഉത്സവ സീസണിന് മുമ്പായി വന്ന പ്രഖ്യാപനം പൊതുജനങ്ങളെ മാത്രമല്ല വണ്ടിക്കമ്പനികളെയും സന്തോഷിപ്പിച്ചു. ജിഎസ്ടി പരിഷ്‌കരണം വഴി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൈമാറുമെന്ന് വാഹന നിര്‍മാതാക്കള്‍ പ്രഖ്യാപിച്ച് വരികയാണ്. ടാറ്റ മോട്ടോര്‍സ്, റെനോ തുടങ്ങിയ ബ്രാന്‍ഡുകള്‍ തങ്ങളുടെ മോഡലുകളുടെ പുതുക്കിയ വിലകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നാലെ ഇപ്പോള്‍ മഹീന്ദ്ര തങ്ങളുടെ വാഹന നിരയിലെ മോഡലുകളുടെ പുതിയ വിലകള്‍ പ്രഖ്യാപിച്ചു. അത് വിശദമായി പരിശോധിക്കാം.
ആദ്യം നമുക്ക് സര്‍ക്കാര്‍ ജിഎസ്ടിയില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ ഒന്ന് അറിഞ്ഞിരിക്കാം. നേരത്തെ ഉണ്ടായിരുന്ന 28 ശതമാനത്തില്‍ നിന്ന് ചെറിയ പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ്, സിഎന്‍ജി, എല്‍പിജി കാറുകളുടെ ജിഎസ്ടി ഇപ്പോള്‍ 18 ശതമാനമാക്കി കുറച്ചിരിക്കുകയാണ്. പെട്രോള്‍, സിഎന്‍ജി കാറുകള്‍ക്ക് 1200 സിസിയോ അതില്‍ കുറവോ ശേഷിയുള്ള എഞ്ചിന്‍ ഉണ്ടായിരിക്കണം എന്നതാണ് ഇതിനുള്ള വ്യവസ്ഥ. അല്ലെങ്കില്‍ ഈ കാറുകളുടെ നീളം 4 മീറ്ററില്‍ കൂടരുത്.

ഡീസല്‍, ഡീസല്‍ ഹൈബ്രിഡ് കാറുകള്‍ക്കും 18 ശതമാനം ജിഎസ്ടിയാക്കിയിട്ടുണ്ടെങ്കിലും 1500 സിസി വരെ ശേഷിയുള്ളതും 4 മീറ്റര്‍ വരെ നീളമുള്ളതുമായ കാറുകള്‍ക്ക് മാത്രമേ ഈ ഇളവ് ലഭ്യമാകൂ.മറുവശത്ത്, മിഡ്‌സൈസ്, ആഡംബര കാറുകള്‍ക്ക് 40 ശതമാനം നികുതി ചുമത്തുന്നു. അവയെ ആഡംബര വസ്തുക്കളായി കണക്കാക്കി 40 ശതമാനം ജിഎസ്ടി സ്ലാബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1200 സിസിയില്‍ കൂടുതലുള്ള പെട്രോള്‍ കാറുകളും 1500 സിസിയില്‍ കൂടുതലുള്ള ഡീസല്‍ കാറുകളും ഈ പരിധിയില്‍ വരും.
അത്തരമൊരു സാഹചര്യത്തില്‍, യൂട്ടിലിറ്റി വെഹിക്കിള്‍ (യുവി), സ്‌പോര്‍ട് യൂട്ടിലിറ്റി വെഹിക്കിള്‍ (എസ്‌യുവി , മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ (എംയുവി), മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ (എംപിവി) അല്ലെങ്കില്‍ ക്രോസ് ഓവര്‍ യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് 40 ശതമാനം ജിഎസ്ടി നല്‍കേണ്ടിവരും. 170 മില്ലിമീറ്ററില്‍ കൂടുതല്‍ ഗ്രൗണ്ട് ക്ലിയറന്‍സ് ഉള്ള വാഹനങ്ങളും ഈ വിഭാഗത്തില്‍ വരും. ആഡംബര കാറുകളുടെയും വലിയ കാറുകളുടെയും ജിഎസ്ടി സര്‍ക്കാര്‍ 40 ശതമാനമാക്കി വര്‍ധിപ്പിച്ചു.

എന്നിരുന്നാലും, പഴയ ജിഎസ്ടി സ്ലാബിനെ അപേക്ഷിച്ച് ഇത് കുറവാണ് എന്നതാണ് വാസ്തവം. മുമ്പ് ആഡംബര കാറുകള്‍ക്ക് 28 ശതമാനം ജിഎസ്ടിയും 22 ശതമാനം സെസും ഈടാക്കിയിരുന്നു. ഈ രീതിയില്‍ ഉപഭോക്താക്കള്‍ ആകെ 50 ശതമാനം നികുതി നല്‍കേണ്ടി വന്നു. പുതിയ ജിഎസ്ടി സ്ലാബില്‍ ഇത് ആകെ 40 ശതമാനമായി കുറയുന്നു. 28 ശതമാനമുണ്ടായിരുന്ന ജിഎസ്ടി 18 ശതമാനമായി കുറച്ചെങ്കിലും 22 ശതമാനം സെസില്‍ മാറ്റമില്ല.
ഇന്ത്യയിലെ മുന്‍നിര എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്രയുടെ വാഹനങ്ങളെയും നികുതി പരിഷ്‌കരണം ബാധിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 22 മുതലാണ് സര്‍ക്കാര്‍ പുതിയ ജിഎസ്ടി നടപ്പിലാക്കാന്‍ പോകുന്നതെങ്കിലും മഹീന്ദ്ര ഇന്ന് മുതല്‍ തന്നെ പുതിയ വിലകള്‍ നടപ്പിലാക്കി. ഓരേ കാറുകളുടെയും വേരിയന്റ് തിരിച്ചുള്ള വിലകള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. നിങ്ങള്‍ മഹീന്ദ്രയുടെ പുതിയ എസ്‌യുവി വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്ന വ്യക്തിയാണെങ്കില്‍ താഴെ കാണുന്ന പട്ടിക പരിശോധിക്കാവുന്നതാണ്.
| മോഡൽ | നിലവിലെ GST + സെസ് | പുതിയ GST | ആനുകൂല്യം |
| ബൊലേറോ/നിയോ | 31% | 18% | ₹1.27 ലക്ഷം |
| XUV3XO (പെട്രോൾ) | 29% | 18% | ₹ 1.40 ലക്ഷം |
| XUV3XO (ഡീസൽ) | 31% | 18% | ₹1.56 ലക്ഷം |
| ഥാർ 2WD (ഡീസൽ) | 31% | 18% | ₹1.35 ലക്ഷം |
| ഥാർ 4WD (ഡീസൽ) | 48% | 40% | ₹ 1.01 ലക്ഷം |
| സ്കോർപിയോ ക്ലാസിക് | 48% | 40% | ₹ 1.01 ലക്ഷം |
| സ്കോർപിയോ-N | 48% | 40% | ₹1.45 ലക്ഷം |
| ഥാർ റോക്സ് | 48% | 40% | ₹1.33 ലക്ഷം |
| XUV700 | 48% | 40% | ₹1.43 ലക്ഷം |
ഇപ്പോള്‍ മഹീന്ദ്ര കാറുകള്‍ക്ക് 1.56 ലക്ഷം രൂപ വരെ കുറഞ്ഞിരിക്കുകയാണ്. കമ്പനിയുടെ എല്ലാ കാറുകള്‍ക്കും ലക്ഷത്തില്‍ കൂടുതല്‍ ആനുകൂല്യം ലഭിക്കും എന്നതാണ് പ്രത്യേകത. ജിഎസ്ടി പരിഷ്‌കാരങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് XUV 3XO ഡീസല്‍ വേരിയന്റുകള്‍ക്കാണ്. കോംപാക്ട് എസ്‌യുവിയുടെ ഡീസല്‍ വേരിയന്റുകള്‍ക്ക് 1.56 ലക്ഷം രൂപയാണ് കുറവ് വരുന്നത്. അതേസമയം ഇതേ കാറിന്റെ പെട്രോള്‍ വേരിയന്റുകള്‍ വാങ്ങുമ്പോള്‍ ഇനി 1.40 ലക്ഷം രൂപ കുറച്ച് കൊടുത്താല്‍ മതി.
തൊട്ടുപിറകില്‍ സ്‌കോര്‍പിയേ N (1.45 ലക്ഷം രൂപ), XUV700 (1.43 ലക്ഷം രൂപ) എന്നിവയാണ്. ഥാര്‍ റോക്‌സിന് 1.33 ലക്ഷം രൂപയും ഥാര്‍ 2WD വേരിയന്റിന് (ഡീസല്‍) 1.35 ലക്ഷം രൂപ കുറയും. ബെലേറോ, ബൊലേറോ നിയോ എന്നിവയ്ക്ക് 1.27 ലക്ഷം രൂപ വിലക്കുറവ് ലഭിക്കുന്നു. 1.01 ലക്ഷം രൂപ കുറവില്‍ ലഭിക്കാന്‍ പോകുന്ന ഥാര്‍ 4WD (ഡീസല്‍), സ്‌കോര്‍പിയോ ക്ലാസിക് എന്നിവയ്ക്കാണ് കുറഞ്ഞ വില പരിഷ്‌കരണം ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications








