'മഹീന്ദ്രജാലം'... 5.51 ലക്ഷം എസ്‌യുവികള്‍ വിറ്റ് റെക്കോഡ്! കരുത്തായി റോക്‌സ്, XUV700, സ്‌കോര്‍പിയോ
2024-25 സാമ്പത്തിക വര്‍ഷം അവസാനിച്ചിരിക്കുകയാണ്. പുതിയ സാമ്പത്തിക വര്‍ഷം പിറന്നതോടെ വാഹന നിര്‍മാതാക്കള്‍ പോയ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ പുറത്ത് വിട്ട് തുടങ്ങി. 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ബ്രാന്‍ഡുകളില്‍ ഒന്നാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മഹീന്ദ്ര മൊത്തം 5,51,487 യൂണിറ്റ് വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. മഹീന്ദ്രയുടെ എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക വില്‍പ്പന കണക്കുകളാണ് ഇത്. മാത്രമല്ല ആദ്യമായാണ് മഹീന്ദ്ര ആഭ്യന്തര വിപണിയില്‍ 5 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടുന്നത്.
2023-2024 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 4,59,877 യൂണിറ്റുകളുടെ മൊത്തം വില്‍പ്പനയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 2024 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ മഹീന്ദ്ര 20 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ലോഞ്ച് ആയ മഹീന്ദ്ര ഥാര്‍ റോക്സ് ഈ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചു. കൂടെ സ്പോര്‍പിയോ, XUV700 എന്നീ മോഡലുകളും മികച്ച പിന്തുണ നല്‍കിയതോടെ മഹീന്ദ്ര കുതിക്കുകയായിരുന്നു.

2025 മാര്‍ച്ചില്‍ എസ്‌യുവി നിര്‍മ്മാതാക്കളുടെ മൊത്തം വില്‍പ്പന 50,835 യൂണിറ്റുകളായിരുന്നു. 2024 മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 23 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര വിപണിയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വിറ്റ 40,631 യൂണിറ്റുകളെ അപേക്ഷിച്ച് ആകെ 48,048 വാഹനങ്ങള്‍ വിറ്റു. ഇത് 18 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കിലേക്ക് നയിച്ചു. അതേസമയം ഈ മാസം 2,787 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു.
കഴിഞ്ഞ മാസം 23951 യൂണിറ്റ് വാണിജ്യ വാഹനങ്ങള്‍ കൂടി വിറ്റതോടെ മഹീന്ദ്രയുടെ മൊത്തം വില്‍പ്പന 83894 യൂണിറ്റായി. ഒന്നാം നമ്പര്‍ എസ്‌യുവി നിര്‍മാതാക്കളും വരുമാനത്തില്‍ രണ്ടാം സ്ഥാനത്തുള്ള പാസഞ്ചര്‍ വാഹന നിര്‍മ്മാതാവുമായതാണ് പോയ വര്‍ഷത്തെ പ്രധാന നേട്ടമെന്ന് മഹീന്ദ്ര വ്യക്തമാക്കി. എസ്‌യുവികള്‍ക്കുള്ള ഡിമാന്‍ഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ 2024 സെപ്റ്റംബറില്‍ ആദ്യമായി 50,000 പ്രതിമാസ വില്‍പ്പന (51,062 യൂണിറ്റുകള്‍) നേടിയിരുന്നു. ഉത്സവകാലത്ത് ഒക്ടോബറില്‍ എക്കാലത്തെയും മികച്ച വില്‍പ്പന (54,504 യൂണിറ്റുകള്‍) രേഖപ്പെടുത്തി.

അടുത്തിടെ BE 6, XEV 9e എന്നീ രണ്ട് ഇലക്ട്രിക് എസ്‌യുവികള്‍ അവതരിപ്പിച്ചത് വരും മാസങ്ങളില്‍ മഹീന്ദ്രയുടെ വില്‍പ്പന വീണ്ടും വര്‍ധിപ്പിക്കും. പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ കമ്പനിയുടെ വിഹിതം ഒരു വര്‍ഷം മുമ്പുള്ള 59 ശതമാനത്തില്‍ നിന്ന് 65 ശതമാനമായി ഉയര്‍ന്നിരുന്നു.
ബൊലേറോ, ബൊലേറോ നിയോ, ബൊലേറോ നിയോ+, സ്‌കോര്‍പിയോ N, സ്‌കോര്‍പിയോ ക്ലാസിക്, ഥാര്‍, ഥാര്‍ റോക്‌സ്, XUV 3XO, XUV700, XUV 400, BE 6, XEV 9e എന്നിവയടക്കം 12 എസ്‌യുവികള്‍ അടങ്ങുന്ന വിശാലമായ പോര്‍ട്ട്‌ഫോളിയോയുള്ള കമ്പനി ഇത്രയും മികച്ച നേട്ടം കൈവരിച്ചതില്‍ അതിശയിക്കാനില്ല. 2025 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡല്‍ സ്‌കോര്‍പിയോ ആണ്.

സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 11 മാസങ്ങളില്‍ 150,929 യൂണിറ്റുകള്‍ വിറ്റഴിച്ചു. XUV300 / 3XO ആണ് മഹീന്ദ്ര എസ്‌യുവികളില്‍ രണ്ടാം സ്ഥാനത്ത്. 2024 ഏപ്രിലില്‍ 749,000 രൂപയ്ക്ക് പുറത്തിറക്കിയ XUV300 സബ് 4 മീറ്റര്‍ എസ്‌യുവിയുടെ പുതുക്കിയ പതിപ്പായ XUV 3XO വില്‍പ്പനയില്‍ വന്‍ മുന്നേറ്റമുണ്ടാക്കി. 2024 ഏപ്രില്‍ മുതല്‍ 2025 ഫെബ്രുവരി വരെയുള്ള കാലയളവില്‍ മൊത്തം 93,851 യൂണിറ്റുകളുടെ വില്‍പ്പന നടത്തുകയും ചെയ്തു.
86,719 യൂണിറ്റുമായി ബൊലേറോ (ബൊലേറോയും ബൊലേറോ നിയോ പ്ലസ്), ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ XUV700 (86,231 യൂണിറ്റുകള്‍), ഥാര്‍-ഥാര്‍ റോക്‌സ് കോമ്പിനേഷന്‍ (75,898 യൂണിറ്റുകള്‍) എന്നിവയാണ് പിന്നിലുള്ളത് ഇന്ത്യന്‍ ടെസ്‌ലകള്‍ എന്ന് വിളിപ്പേര് നേടിയ XEV 9e, BE 6 എന്നിവയുടെ ഡെലിവറിയും മഹീന്ദ്ര ആരംഭിച്ചിട്ടുണ്ട്.
രണ്ട് എസ്‌യുവികളുടെയും ഉയര്‍ന്ന വേരിയന്റായ പായ്ക്ക് ത്രീ മാത്രമാണ് നിലവില്‍ വിതരണം ചെയ്യുന്നത്. മഹീന്ദ്ര XEV 9e പായ്ക്ക് ത്രീയുടെ വില 30.50 ലക്ഷത്തില്‍ ആരംഭിക്കുമ്പോള്‍, മഹീന്ദ്ര BE 6 പായ്ക്ക് ത്രീയുടെ വില 26.90 ലക്ഷമാണ്. ബേസ് വേരിയന്റുകളുടെ വിതരണം കൂടി തുടങ്ങുന്നതോടെ അത് മഹീന്ദ്രയുടെ വില്‍പ്പന നമ്പരുകളിലും പ്രതിഫലിക്കും.


Click it and Unblock the Notifications








