10 മാസത്തിനുള്ളില്‍ എത്തിയത് 1.45 ലക്ഷം വീടുകളില്‍! 2002-ല്‍ പുറത്തിറങ്ങിയ എസ്‌യുവിയുടെ ഏഴയലത്തില്ല മറ്റുള്ളവ
ഇന്ത്യയിലെ മുന്‍നിര സ്പോര്‍ട് യൂടിലിറ്റി വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ ബെസ്റ്റ് സെല്ലര്‍ മോഡലുകളില്‍ ഒന്നാണ് സ്‌കോര്‍പിയോ. വിപണിയില്‍ എത്തി വര്‍ഷങ്ങള്‍ ഏറെയായിട്ടും സ്‌കോര്‍പിയോ വാങ്ങാനായി ഇപ്പോഴും ആയിരങ്ങളാണ് ഓരോ മാസവും മഹീന്ദ്ര ഷോറൂമില്‍ എത്തുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടോപ് 10 കാറുകളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് സ്‌കോര്‍പിയോയുടെ സ്ഥാനം. ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള 10 മാസക്കാലയളവില്‍ ഇത് കമ്പനിയുടെ ഒന്നാം നമ്പര്‍ മോഡലായി മാറി. രണ്ടാം സ്ഥാനത്തുള്ള മോഡല്‍ സ്‌കോര്‍പിയോയുടെ ഏഴയലത്ത് പോലും എത്തിയിട്ടില്ല എന്നത് ഈ മോഡലിന്റെ ജനപ്രീതി വിളിച്ചോതുന്നു.
ഇന്ത്യന്‍ വിപണിയില്‍ സ്‌കോര്‍പിയോ N, ക്ലാസിക് എന്നീ രണ്ട് മോഡലുകളിലാണ് ഈ മിഡ്സൈസ് എസ്‌യുവി വിപണനം ചെയ്യുന്നത്. ഈ കലണ്ടര്‍ വര്‍ഷത്തിന്റെ 10 മാസങ്ങള്‍ പിന്നിട്ടപ്പോള്‍ മഹീന്ദ്ര സ്‌കോര്‍പിയോ മോഡലുകളുടെ സംയോജിത വില്‍പ്പന 1,45,487 യൂണിറ്റുകള്‍ ആയിരുന്നു. 2024 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 1,41,465 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചത്. കമ്പനിയുടെ മൊത്തം വിപണി വിഹിതത്തിന്റെ 28.1% സ്‌കോര്‍പിയോ സ്വന്തമാക്കി.

4.4 മീറ്റര്‍ മുതല്‍ 4.7 മീറ്റര്‍ വരെ നീളമുള്ള എസ്‌യുവികളുടെ വില്‍പ്പനയില്‍ 2025 ഒക്ടോബര്‍ മാസം സ്‌കോര്‍പിയോ ഒന്നാമതെത്തി. 17880 യൂണിറ്റ് വില്‍പ്പനയുമായി സ്‌കോര്‍പിയോ 14.05 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. 2024 ഒക്ടോബര്‍ മാസം വിറ്റ 15677 യൂണിറ്റിനേക്കാള്‍ 2203 സ്‌കോര്‍പിയോകള്‍ അധികം വില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചു. മഹീന്ദ്ര XUV700 (10139), ടാറ്റ ഹാരിയര്‍ (4483), മഹീന്ദ്ര XEV 9e (2708), ടാറ്റ സഫാരി (2510) എന്നിവയാണ് സ്‌കോര്‍പിയോക്ക് പിന്നില്‍.
വാഹനത്തില്‍ ഒരു പുത്തന്‍ സിംഗിള്‍ ഗ്രില്‍ ആണ് കമ്പനി നല്‍കിയിരിക്കുന്നത്. ക്രോം ഫിനിഷോടുകൂടിയ ഈ ഗ്രില്ലില്‍ കമ്പനിയുടെ പുതിയ ലോഗോ ശോഭയോടെ കാണാം. ഇത് വാഹനത്തിന്റെ മുന്‍ഭാഗത്തിന് പ്രത്യേക മനോഹാരിത നല്‍കുന്നു. പുതിയ ഡിസൈനിലുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, റീഡിസൈന്‍ ചെയ്ത ഫ്രണ്ട് ബമ്പര്‍, സി-ആകൃതിയിലുള്ള എല്‍ഇഡി ഡേ-ടൈം റണ്ണിംഗ് ലൈറ്റുകള്‍, വീതിയേറിയ സെന്‍ട്രല്‍ എയര്‍ ഇന്‍ലെറ്റ് എന്നിവയും ഇതിലുണ്ട്.

പുതുതായി രൂപകല്‍പ്പന ചെയ്ത ഡ്യുവല്‍-ടോണ്‍ വീലുകളാണ് എസ്‌യുവിയുടെ മറ്റൊരു ആകര്‍ഷണം. ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, ക്രോം വിന്‍ഡോ ലൈന്‍, റൂഫ് റെയിലുകള്‍, പരിഷ്‌കരിച്ച ബോണറ്റ്, സൈഡ് ഹിന്‍ഡ് ഡോറുകളോടുകൂടിയ ബൂട്ട്ലിഡ്, അപ്ഡേറ്റ് ചെയ്ത റിയര്‍ ബമ്പര്‍, പുതിയ വെര്‍ട്ടിക്കല്‍ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് എക്‌സ്റ്റീരിയറിലെ മറ്റ് പ്രധാന ഹൈലൈറ്റുകള്‍.
സ്‌കോര്‍പിയോ N മോഡലില്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍ ഉള്‍പ്പെടെ നിരവധി നൂതന ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡാഷ്ബോര്‍ഡ്, സെന്‍ട്രല്‍ കണ്‍സോള്‍, അപ്ഡേറ്റ് ചെയ്ത സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, റൂഫ്-മൗണ്ടഡ് സ്പീക്കറുകള്‍, ലെതര്‍ സീറ്റുകള്‍, ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകള്‍, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സണ്‍റൂഫ് എന്നിവയെല്ലാം ഇതില്‍ ലഭ്യമാണ്.

ആറ് എയര്‍ബാഗുകള്‍, റിവേഴ്സ് ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും സ്‌കോര്‍പിയോ N-ല്‍ ഉണ്ട്. ഈ ഫീച്ചറുകള്‍ യാത്രക്കാര്‍ക്ക് മികച്ച സുരക്ഷ ഉറപ്പാക്കുന്നു. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിൽ ഈ കാര്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്. ഇത് വാഹനത്തിന്റെ സേഫ്റ്റി എടുത്തു കാണിക്കുന്നു.
മഹീന്ദ്ര സ്‌കോര്‍പിയോ N എസ്‌യുവിയില്‍ ഥാറിലെയും XUV700 എസ്‌യുവിയിലെയും എഞ്ചിനുകള്‍ക്ക് സമാനമായ പവര്‍ പ്രതീക്ഷിക്കാം. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എംസ്റ്റാലിയണ്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എംഹോക് ഡീസല്‍ എഞ്ചിനുകളാണ് ഇതില്‍ വരുന്നത്. ഈ എഞ്ചിനുകള്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. സ്‌കോര്‍പിയോ N-ന്റെ ടോപ്പ്-എന്‍ഡ് വേരിയന്റുകള്‍ക്ക് ഫോര്‍-വീല്‍ ഡ്രൈവ് (4WD) സിസ്റ്റം ലഭിക്കുന്നു.


Click it and Unblock the Notifications








