ഇനി ഏത് ചെളിക്കുണ്ടില്‍ വേണേലും ഇറക്കാം! ജനം പറഞ്ഞ് ചെയ്യിപ്പിച്ച മാറ്റവുമായി ഥാര്‍ റോക്‌സ് ഷോറൂമിലെത്തി
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിപണി ഇളക്കിമറിച്ച് കൊണ്ട് പുറത്തിറങ്ങിയ ഒരു എസ്‌യുവിയാണ് മഹീന്ദ്ര ഥാര്‍ റോക്‌സ്. ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി സെഗ്‌മെന്റ് ലീഡറായ ഥാറിന്റെ 5 ഡോര്‍ പതിപ്പായ റോക്‌സ് കഴിഞ്ഞ സ്വതന്ത്ര്യ ദിനത്തില്‍ നമ്മുടെ സ്വന്തം കൊച്ചിയില്‍ സംഘടിപ്പിച്ച ഇവന്റില്‍ വെച്ചാണ് മഹീന്ദ്ര അവതരിപ്പിച്ചത്. ലോഞ്ച് സമയത്ത് ഐവറി കളറിലുള്ള ഇന്റീരിയറിലായിരുന്നു റോക്‌സ് എത്തിയത്. എന്നാല്‍ ലോഞ്ചിന് പിന്നാലെ നടന്ന മീഡിയ ഡ്രൈവിനിടെ ഏറ്റവും കൂടുതല്‍ പേര്‍ ചൂണ്ടിക്കാണിച്ച പോരായ്മയും ഇത് തന്നെയായിരുന്നു. ഇളംനിറത്തിലുള്ള ഈ കളറില്‍ എളുപ്പത്തില്‍ അഴുക്കാകുമെന്നായിരുന്നു വിമര്‍ശനം.
എന്നാല്‍ കറ പറ്റിയാലും അത് എളുപ്പത്തില്‍ നീക്കം ചെയ്യാവുന്ന മെറ്റീരിയലുകളാണ് റോക്‌സില്‍ ഉപയോഗിച്ചതെന്നായിരുന്നു മഹീന്ദ്രയുടെ വാദം. എന്നിരുന്നാലും അധികം വാദിക്കാന്‍ നില്‍ക്കാതെ ഉപഭോക്താക്കളുടെ ആശങ്ക കണ്ടറിഞ്ഞ് കമ്പനി രണ്ടാമതൊരു ഇന്റീരിയര്‍ കളര്‍ ഓപ്ഷന്‍ കൂടി അവതരിപ്പിച്ചു. നേരത്തെ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഐവറി കളര്‍ തന്നെയാണ് ലഭിച്ചത്. ഇപ്പോള്‍ പുതിയ മോക്ക ബ്രൗണ്‍ നിറത്തിലുള്ള ഇന്റീരിയര്‍ നിറവുമായി വരുന്ന ഥാര്‍ റോക്‌സ് മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലേക്ക് അയച്ച് തുടങ്ങിയിട്ടുണ്ട്.

ഇതിനെ കുറിച്ചുള്ള വിശദമായ വാക്കറൗണ്ട് വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടു. സ്റ്റെല്‍ത്ത് ബ്ലാക്ക് നിറത്തില്‍ പൂര്‍ത്തിയാക്കിയ 2025 ഥാര്‍ റോക്‌സ് ആണ് വേ്‌ലാഗര്‍ വീഡിയോയില്‍ കാണിക്കുന്നത്. AX7L ഡീസല്‍ 4X4 വേരിയന്റായിരുന്നു അത്. എക്‌സ്റ്റീരിയര്‍ സ്റ്റാന്‍ഡേര്‍ഡ് റോക്‌സിന് സമാനമായി കാണപ്പെടുന്നതിനാല്‍ നമുക്ക് ഇന്റീരിയറിലേക്ക് പോകാം. ഇവിടെ വേ്‌ലാഗര്‍ ആദ്യം എസ്‌യുവിയുടെ ബൂട്ട് തുറക്കുകയാണ് ചെയ്യുന്നത്. ബൂട്ട് ബ്ലാക്ക് കളറിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
റിയര്‍ പാസഞ്ചര്‍ സീറ്റില്‍ കയറിയ അദ്ദേഹം മധ്യഭാഗത്ത് ടെക്‌സ്ചര്‍ ചെയ്ത മോക്കാ ബ്രൗണ്‍ ഹാര്‍ഡ് പ്ലാസ്റ്റിക് ലഭിക്കുന്ന ഡോര്‍ പാഡ് കാണിച്ചു. ഇതിനുപുറമെ ഡോറിന്റെ ബാക്കി ഭാഗം ബ്ലാക്ക് പ്ലാസ്റ്റിക്കില്‍ ഫിനിഷ് ചെയ്തിരിക്കുന്നു. സോഫ്റ്റ്-ടച്ച് ബ്ലാക്ക് മെറ്റീരിയല്‍ ഉപയോഗിച്ചാണ് റിയര്‍ പാസഞ്ചര്‍ ഹാന്‍ഡ് റെസ്റ്റ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. വിന്‍ഡോ കണ്‍ട്രോളിന്റെ ചുറ്റും ഗ്ലോസ് ബ്ലാക്ക് നിറമാണ്. മോക്കാ ബ്രൗണ്‍, ബ്ലാക്ക് ലെതര്‍ നിറങ്ങളിലാണ് എസ്‌യുവിയുടെ റിയര്‍ സീറ്റുകള്‍ വരുന്നത്.

മഹീന്ദ്ര സ്‌കോര്‍പിയോക്കും ഇതേ നിറം ലഭിക്കുന്നതായി വേ്‌ലാഗര്‍ എടുത്ത് പറയുന്നു. ശേഷം വേ്‌ലാഗര്‍ കാറിന്റെ ഡാഷ്‌ബോര്‍ഡ് ആണ് കാണിക്കുന്നത്. അതിന്റെ താഴ്ഭാഗത്ത് മോക്കാ ബ്രൗണും മുകളില്‍ ബ്ലാക്ക് കളറുമാണ് ലഭിക്കുന്നത്. മൊത്തത്തിലുള്ള ലേഔട്ട് ഥാര്‍ റോക്സിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറമുള്ള ഇന്റീരിയറിന് സമാനമാണ്.
ഫ്രണ്ട് സീറ്റില്‍ ഇരുന്ന് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന്റെയും 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെയും ഫംഗ്ഷനുകള്‍ വിശദീകരിച്ച് തരുന്നുണ്ട്. സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ കാര്‍ കൂടുതല്‍ റെസ്‌പോണ്‍സീവ് ആയി മാറിയിട്ടുണ്ടെന്നും യൂട്യൂബര്‍ സൂചിപ്പിക്കുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ തുടങ്ങി നിരവധി സവിശേഷതകളുള്ള വേരിയന്റ് ആണ് യൂട്യൂബര്‍ പരിചയപ്പെടുത്തിയത്.

ഥാര്‍ റോക്സിന്റെ മുന്‍വശത്ത് എല്‍ഇഡി ഡിആര്‍എല്ലുകളുള്ള വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, സവിശേഷമായ ഡബിള്‍-സ്ലോട്ടഡ് ഗ്രില്‍, എല്‍ഇഡി ഫോഗ് ലൈറ്റുകള്‍ എന്നിവയുണ്ട്. സൈഡ് പ്രൊഫൈലില്‍ വലിയ 19 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകളും പവര്‍ഡ് ഒആര്‍വിഎമ്മുകളും കാണാം. പിന്നില്‍ സി ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റുകളും ഒരു സ്‌പെയര്‍ 19 ഇഞ്ച് അലോയ് വീലും ഉണ്ട്. 2.2 ലിറ്റര്‍ എംഹോക് ഡീസല്‍, 2.0 ലിറ്റര്‍ എംസ്റ്റാലിയണ്‍ പെട്രോള്‍ എഞ്ചിനുകളാണ് മഹീന്ദ്ര ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്.
മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ക്കൊപ്പം ലഭ്യമാണ്. എന്നാല്‍ ഫോര്‍-വീല്‍ ഡ്രൈവ്‌ട്രെയിന്‍ ഓപ്ഷന്‍ ഡീസല്‍ എഞ്ചിന്‍ ചോയ്സില്‍ മാത്രമേ ലഭ്യമാകൂ, അതേസമയം ഥാര്‍ റോക്‌സ് RWD പതിപ്പ് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലും ലഭ്യമാണ്. ബേസ് പെട്രോള്‍ വേരിയന്റിന് 12.99 ലക്ഷം രൂപയും എന്‍ട്രി ലെവല്‍ ഡീസലിന് 13.99 ലക്ഷം രൂപയിലുമാണ് വില്. ടോപ്പ് എന്‍ഡ് 4WD വേരിയന്റിന് 23.09 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്.


Click it and Unblock the Notifications








