1.4 ടണ്‍ ലോഡ് കയറ്റാം, 19 കിലോമീറ്റര്‍ മൈലേജുമുണ്ട്! വീറോടെ മഹീന്ദ്ര വീറോ സിഎന്‍ജി വിപണിയില്‍
ഇന്ത്യയിലെ യൂടിലിറ്റി വാഹന വിഭാഗത്തിലെ മുന്‍നിരക്കാരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (Mahindra & Mahindra) നിരവധി വാണിജ്യ വാഹനങ്ങളും വില്‍പ്പനക്കെത്തിക്കുന്നുണ്ട്. സബ് 3.5 ടണ്‍ ലൈറ്റ് കൊമേഴ്ഷ്യല്‍ വെഹിക്കിള്‍ (എല്‍സിവി) വിഭാഗത്തിലെ പ്രധാനിയാണ് മഹീന്ദ്ര. പെട്രോള്‍/ഡീസല്‍ വാഹനങ്ങള്‍ക്ക് പുറമെ സിഎന്‍ജി പോലുള്ള ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ വാഹനങ്ങളും മഹീന്ദ്ര പുറത്തിറക്കുന്നു. ഈ സാഹചര്യത്തില്‍, മഹീന്ദ്ര ഇപ്പോള്‍ പുതിയ വീറോ സിഎന്‍ജി (Mahindra Veero CNG) വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. പുതിയ വാഹനത്തെ കുറുച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചുവടെ വായിക്കാം.
അടുത്തിടെ സമാപിച്ച 2025 ഓട്ടോ എക്സ്പോയില്‍ മഹീന്ദ്ര നിരവധി വാണിജ്യ വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വാഹന മാമാങ്കത്തിന് ശേഷമാണ് മഹീന്ദ്ര ഇപ്പോള്‍ പുതിയ വീറോ സിഎന്‍ജി വാഹനത്തിന്റെ വില പ്രഖ്യാപിച്ചിരിക്കുന്നത്. 2024 സെപ്റ്റംബറില്‍ ആദ്യമായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച വീറോ സിഎന്‍ജി വാഹനം ഇപ്പോള്‍ ഔദ്യോഗികമായി പുറത്തിറക്കി. വീറോ ഇതിനോടകം വിപണിയില്‍ ലഭ്യമായിരുന്നെങ്കിലും സിഎന്‍ജി ഓപ്ഷനോടെ പുതുതായി അവതരിപ്പിക്കുകയായിരുന്നു.

V2, V4 (A) എന്നീ രണ്ട് വേരിയന്റുകളില്‍ ഇത് വാങ്ങാം. വീറോ സിഎന്‍ജിയുടെ V2 വേരിയന്റിന്റെ വില 8.99 ലക്ഷം രൂപയാണ്. അതേസമയം V4 (A) വേരിയന്റിന്റെ വില 9.39 ലക്ഷം രൂപയായി നിശ്ചയിച്ചിരിക്കുന്നു. എക്‌സ്-ഷോറൂം വിലകളാണിത്. മഹീന്ദ്രയുടെ മോഡുലാര്‍ അര്‍ബന്‍ പ്രോസ്പര്‍ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഈ സിഎന്‍ജി വാഹനം കാര്യക്ഷമതയ്ക്ക് മാത്രമല്ല സുഖകരമായ യാത്ര കൂടി പ്രദാനം ചെയ്യുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന വിശാലമായ ക്യാബിന്‍, എയര്‍കണ്ടീഷണര്‍, ചാരിയിരിക്കുന്ന ഡ്രൈവര്‍ സീറ്റ്, സെഗ്മെന്റിലെ ആദ്യ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ഉള്‍പ്പെടുന്ന വീറോ സിഎന്‍ജിയില്‍ സുഖസൗകര്യങ്ങള്‍ക്കും അര്‍ഹമായ ശ്രദ്ധ നല്‍കിയിട്ടുണ്ട്. വീറോ സിഎന്‍ജി വാഹനത്തില്‍ ടര്‍ബോ സിഎന്‍ജി എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു. ഇത് പരമാവധി 67 kW പവറും 210 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്.

കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് ആയ സിഎന്‍ജിയുടെ വില ഡീസലിനേക്കാള്‍ കുറവാണ്. സിഎന്‍ജി പവര്‍ട്രെയിനിന് പെട്രോള്‍/ഡീസല്‍ എഞ്ചിനുകളേക്കാള്‍ മലിനീകരണവും കുറവാണ്. കൂടാതെ സിഎന്‍ജി വാഹനങ്ങള്‍ ഉയര്‍ന്ന മൈലേജും വാഗ്ദാനം ചെയ്യുന്നതിനാല്‍ വാണിജ്യ വാഹന വിഭാഗത്തിലും ഇപ്പോള്‍ ആവശ്യക്കാര്‍ കൂടുതലാണ്. പുതിയ വീറോ സിഎന്‍ജി വാഹനത്തിന്റെ മൈലേജും ഒരു കിലോക്ക് 19.2 കിലോമീറ്ററാണ്.
150 ലിറ്റര്‍ സിഎന്‍ജി ടാങ്ക് പൂര്‍ണമായും നിറച്ചാല്‍ ഈ വാഹനം 480 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്താനായി വീറോയില്‍ 4.5 ലിറ്റര്‍ ശേഷിയുള്ള ഒരു ചെറിയ പെട്രോള്‍ ടാങ്കും നല്‍കിയിട്ടുണ്ട്. അതും കൂടി ചേര്‍ക്കുമ്പോള്‍ ഈ വാഹനത്തിന്റെ റേഞ്ച് 500 കിലോമീറ്ററിന് മുകളില്‍ പോകും. ഇത് ഇന്‍ട്രാ സിറ്റി, ഇന്റര്‍സിറ്റി ഗതാഗതത്തിന് അനുയോജ്യമായ വാഹനമായി മഹീന്ദ്ര വീറോ സിഎന്‍ജിയെ മാറ്റുന്നു.

3035 mm കാര്‍ഗോ ലെംഗ്ത് ഉള്ള ഈ വാഹനത്തിന് 1.4 ടണ്‍ പേലോഡ് കപാസിറ്റി ഉണ്ട്. എഞ്ചിന്‍ സ്റ്റോപ്പ്-സ്റ്റാര്‍ട്ട്, പവര്‍ മോഡ്, ഡ്രൈവര്‍ ഫ്യൂവല്‍ കോച്ചിംഗ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുകയും മൊത്തത്തിലുള്ള ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. ഈ വാഹനം 20,000 കിലോമീറ്റര്‍ സര്‍വീസ് ഇടവേള വാഗ്ദാനം ചെയ്യുന്നതിനാല്‍ പ്രവര്‍ത്തന ചെലവും ഗണ്യമായി കുറയുന്നു.
ഡ്രൈവര്‍-സൈഡ് എയര്‍ബാഗുകള്‍, കരുത്തുറ്റ സ്റ്റീല്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണം എന്നിവക്കൊപ്പം AIS096 ക്രാഷ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക കൂടി ചെയ്യുന്നതിനാല്‍ സേഫ്റ്റി വശം പേടിക്കാനില്ല. ദൃശ്യപരത മെച്ചപ്പെടുത്തിയതിനൊപ്പം അധിക സുരക്ഷക്കായി ഫാള്‍സ് സ്റ്റാര്‍ട്ട് അവോയ്ഡന്‍സ് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. മൊത്തത്തില്‍ കുറഞ്ഞ ചെലവില്‍ മികച്ച ഇന്ധനക്ഷമതയും സേഫ്റ്റിയുമുള്ള എല്‍സിവി തേടുന്നവര്‍ക്ക് പരിഗണിക്കാവുന്ന ഓപ്ഷനാണ് മഹീന്ദ്ര വീറോ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








