മഹീന്ദ്ര ഇവികൾക്ക് പുതിയ പവർ അപ്‌ഗ്രേഡ്! XEV 9e, BE 6 മോഡലുകൾക്ക് ബാറ്ററി ഓപ്ഷനായി മൂന്നാമൻ
ഇന്ത്യൻ വാഹനലോകത്ത് മാറുന്ന കാലത്തിന്റെ സാന്നിധ്യമായി മഹിന്ദ്ര അവതരിപ്പിച്ച രണ്ട് മോഡലുകളാണ് XEV 9e, BE 6. പുതുതലമുറ സാങ്കേതികവിദ്യകൾ കോർത്തിണക്കികൊണ്ടുള്ള യാത്രാ അനുഭവമാണ് ഈ ഇലക്ട്രിക് കാറുകൾ സമ്മാനിക്കുന്നത്. BE 6 അതിന്റെ കൂപ്പെ-സ്റ്റൈൽ ശൈലിയും ഉയർന്ന ബോഡി പ്രൊഫൈലും കൊണ്ട് ശ്രദ്ധേയമായപ്പോൾ XEV 9e കൂടുതൽ സുഖകരമായ ഡ്രൈവിംഗ് നൽകികൊണ്ടാണ് ഷൈൻ ചെയ്തത്. എന്നാൽ ഇപ്പോൾ കമ്പനി ഈ മോഡലുകൾക്കായി മൂന്നാമതൊരു ബാറ്ററി ഓപ്ഷനും കൂടെ കൊണ്ട് വരാൻ പദ്ധതിയിടുന്നു എന്ന വിവരമാണ് ഏറ്റവും ശ്രദ്ധാമായിരിക്കുന്നത്.
നിലവിൽ ഈ രണ്ടു മോഡലുകളിലും 59 kWh എന്ന സ്റ്റാൻഡേർഡ് ബാറ്ററിയും 79 kWh എന്ന ലോംഗ് റേഞ്ച് ബാറ്ററിയുമാണ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ മിഡ്-റേഞ്ച് എന്ന നിലയിൽ ഇവയ്ക്കിടയിലുള്ള ഒരു 70 kWh ബാറ്ററി പായ്ക്ക് കൂടി പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. ഇതേ ബാറ്ററി പായ്ക്ക് നിലവിൽ XEV 9s എന്ന മോഡലിൽ ലഭ്യമാണ്. അത് ഏകദേശം 600 കിലോമീറ്റർ വരെ റേഞ്ച് നൽകുന്നുണ്ട്.

ഇത് മുന്നിൽ കണ്ടുകൊണ്ടാണ് മഹിന്ദ്ര ഈ ഓപ്ഷൻ XEV 9e, BE 6 എന്നിവയിലും കൊണ്ടുവരാൻ ആലോചിക്കുന്നത്. താരതമ്യപെടുത്തുമ്പോൾ 59 kWh പായ്ക്ക് 521 കിലോമീറ്ററും 79 kWh പായ്ക്ക് 679 കിലോമീറ്ററും റേഞ്ച് നൽകുന്നുണ്ട്. അതായത് 70 kWh ബാറ്ററി ബേസിക് ഓപ്ഷനേക്കാൾ വലിയ റേഞ്ച് കൈവരിക്കുകയും അതോടൊപ്പം ഏറ്റവും വലിയ ബാറ്ററിയേക്കാൾ കുറഞ്ഞ വിലയും ലഭിക്കുന്നതാണ്.
പവർ സംബന്ധമായ കാര്യങ്ങളിലും പുതിയ ബാറ്ററി ഒരു നല്ല ഓപ്ഷനായി ഉയരാനുള്ള സാധ്യകളുണ്ട്. ഇതിനോടൊപ്പം വരുന്ന പിൻ വീൽ ഡ്രൈവ് മോട്ടോർ 241 bhp പവറും 380 Nm ടോർക്കും ഉൽപാദിപ്പിക്കുന്നതാണ്. ഇത് 59 kWh പതിപ്പിലെ 227 bhp പവറിനേക്കാൾ ശക്തവും 79 kWh കോൺഫിഗറേഷനിലെ 281 bhp പവറിനോട് അല്പം താഴെയുമാണ്. എന്നാൽ മൂന്ന് ഓപ്ഷനുകളും ഒരേ ഡ്രൈവ്ട്രെയിൻ ഉപയോഗിക്കുന്നതിനാൽ ഡ്രൈവിംഗ് ഫീലിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല.

കൂടാതെ പുതിയ ബാറ്ററി നിലവിലെ ബാറ്ററികൾ ഉപയോഗിക്കുന്ന ബ്ലേഡ്-സെൽ സാങ്കേതികവിദ്യ തന്നെയാണ് ആശ്രയിക്കുന്നത്. സെല്ലുകൾ നേരിട്ട് പായ്ക്കിൽ ചേർക്കുന്ന സെൽ-ടു-പാക്ക് ഡിസൈൻ ആണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. പൂനെയിലെ മഹീന്ദ്രയുടെ ചക്കൻ പ്ലാന്റിലാണ് ഈ ബാറ്ററികൾ അസംബിൾ ചെയ്യുന്നത്. ഇത്തരത്തിലുള്ള ഘടന ഉപയോഗിച്ചതിനാൽ ബാറ്ററിയുടെ കാര്യക്ഷമതയും ഊർജസാന്ദ്രതയും മെച്ചപ്പെട്ടതാകുന്നു.
വാറന്റി കാര്യത്തിൽ മഹീന്ദ്ര നൽകുന്ന ആനുകൂല്യം വളരെ ശ്രദ്ധേയമാണ്. ലൈഫ് ടൈം ബാറ്ററി വാറന്റി പുതിയ 70 kWh പായ്ക്കിനും ബാധകമാണ്. എന്നാൽ ഇത് സ്വകാര്യ രജിസ്ട്രേഷനിലുള്ള ആദ്യ ഉടമയ്ക്ക് മാത്രമേ ലഭിക്കൂ. വാഹനം വിൽക്കുകയാണെങ്കിൽ പുതിയ ഉടമയ്ക്ക് ഈ ലാഭം മുഴുവൻ ലഭിക്കുന്നതല്ല. അതായത് വിലകൊടുത്തു വാഹനം ആദ്യം വാങ്ങുന്ന ഉപഭോക്താവിന് ഏറ്റവും ശക്തമായ വാറന്റി സുരക്ഷ ലഭിക്കും. എന്നാൽ രണ്ടാം ഉടമയ്ക്കുള്ള ആനുകൂല്യം അത്ര വലുതല്ല എന്നർത്ഥം.

BE 6, XEV 9e എന്നീ മോഡലുകളെ നിർമ്മിച്ചിരിക്കുന്നത് INGLO ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ്. ഇതിൻ്റെ പ്രധാന ഹൈലൈറ്റ് എന്നുപറയുന്നത് അതിൻ്റെ ചാർജിംഗ് പ്രകടനമാണ്. ഈ ആർക്കിടെക്ചർ 2C ഫാസ്റ്റ് ചാർജിംഗിനെയാണ് പിന്തുണക്കുന്നത്. അതിനാൽ വലിയ ബാറ്ററി പായ്ക്ക് DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ വെറും 20 മിനിറ്റിനുള്ളിൽ 20 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും.
പുതിയ ബാറ്ററിയുടെ ചാർജിംഗ് സമയം ഇതിലേക്കാൾ കുറച്ചു വേഗത്തിലായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ മൂന്നാം ബാറ്ററി ഓപ്ഷൻ പരിഗണിക്കുന്നതിൻ്റെ പഠനത്തിലാണ് മഹീന്ദ്ര. കമ്പനി ഇത് വിപണിയിൽ അവതരിപ്പിക്കുകയാണെങ്കിൽ അത് ഒരു വലിയ പ്രത്യേക ലോഞ്ചായി കൊണ്ടുവരാനുള്ള സാധ്യത വളരെ കുറവാണ്. പകരം 2026-ൽ ഒരു ചെറിയ അപ്‌ഡേറ്റ് എന്ന രീതിയിൽ കൂട്ടിചേർക്കാനാണ് ചാൻസ്.


Click it and Unblock the Notifications








