ഇടിക്കൂട്ടിലും തിളങ്ങി മഹീന്ദ്രയുടെ 'ടെസ്‌ലകള്‍'! ക്രാഷ് ടെസ്റ്റില്‍ ടാറ്റക്ക് പോലുമില്ലാത്ത ഉയര്‍ന്ന സ്‌കോര്‍
ഇലക്ട്രിക് വാഹന വിപണിയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ രണ്ട് മോഡലുകളാണ് BE 6, XEV 9e എന്നിവ. അവയുടെ ഡിസൈന്‍, ഫീച്ചറുകള്‍, കഴിവ് എന്നിവ നിമിത്തം ഇതിനോടകം വാഹനപ്രേമികള്‍ 'ഇന്ത്യന്‍ ടെസ്‌ലകള്‍' എന്ന പേര് ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഈ ഇലക്ട്രിക് എസ്‌യുവികളുടെ ടെസ്റ്റ് ഡ്രൈവുകള്‍ ആരംഭിച്ചിട്ടുണ്ട്. നിരവധി ഉപഭോക്താക്കളാണ് മഹീന്ദ്രയുടെ ഈ ന്യൂജെന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനായി താല്‍പര്യപ്പെട്ട് വരുന്നത്. അത്തരക്കാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
മഹീന്ദ്രയുടെ രണ്ട് പുത്തന്‍ ഇവികളും ഭാരത് ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം (BNCAP) ക്രാഷ് ടെസ്റ്റില്‍ ഫുള്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കി. രണ്ട് ഇലക്ട്രിക് എസ്യുവികളുടെയും ഏറ്റവും ഉയര്‍ന്ന വേരിയന്റുകളാണ് ടെസ്റ്റിംഗ് ഏജന്‍സി പരീക്ഷിച്ചുവെന്നത് ശ്രദ്ധിക്കണം. എന്നിരുന്നാലും ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ എല്ലാ വേരിയന്റുകള്‍ക്കും സുരക്ഷാ റേറ്റിംഗുകള്‍ ബാധകമാണ്.

മഹീന്ദ്ര XEV 9e കാഷ് ടെസ്റ്റുകളില്‍ മുതിര്‍ന്നവരുടെ സംരക്ഷണത്തിന് (AOP) 32 പോയിന്റുകളില്‍ 32 പോയിന്റും നേടി. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തില്‍ ഒരു ഇന്ത്യന്‍ നിര്‍മിത കാര്‍ സ്വന്തമാക്കുന്ന ഉയര്‍ന്ന സ്‌കോര്‍ ആണിത്. അതേസമയം കുട്ടികളുടെ സംരക്ഷണത്തിന്റെ കര്യത്തില്‍ 49-ല്‍ 45 പോയിന്റുകള്‍ നേടാനായി.
കൂടാതെ ഡിഫോര്‍മബിള്‍ ബാരിയര്‍, സൈഡ് മൂവബിള്‍ ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റുകളില്‍ ഇവി 16 പോയിന്റുകള്‍ നേടി. സൈഡ് പോള്‍ ഇംപാക്ട് ടെസ്റ്റിന് വാഹനത്തിന് ഭാരത് NCAP 'OK' റേറ്റിംഗ് നല്‍കി. ടെസ്റ്റിനായി കൊണ്ടുവന്ന കാറില്‍ ഫ്രണ്ട്, സൈഡ് എയര്‍ബാഗുകള്‍ സജ്ജീകരിച്ചിരുന്നു എന്ന കാര്യം ശ്രദ്ധിക്കുക. കാല്‍മുട്ടിനായുള്ള എയര്‍ബാഗുകള്‍ (Knee Airbag) ഓപ്ഷണല്‍ എക്‌സ്ട്രാ ആയി ലഭ്യമാണ്.

താരതമ്യേന കുറഞ്ഞ വിലയുള്ള മഹീന്ദ്ര BE 6 ഇലക്ട്രിക് എസ്‌യുവിയും ഇടിക്കൂട്ടില്‍ എ പ്ലസ് നേടി. ഇതോടെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് കാറുകളില്‍ ഒന്നായി ഇത് മാറി. മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തില്‍ മഹീന്ദ്ര BR 6 എസ്‌യുവി 32 പോയിന്റുകളില്‍ 31.97 പോയിന്റുകള്‍ നേടി. AOP ടെസ്റ്റില്‍ മഹീന്ദ്ര XEV 9e മോഡലിന് ശേഷം ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന മോഡലാണ് BE 6.
കുട്ടികളുടെ സംരക്ഷണത്തില്‍ BE 6 സാധ്യമായ 49-ല്‍ 45 പോയിന്റുകള്‍ നേടി. ബ്രാന്‍ഡിന്റെ INGLO പ്ലാറ്റ്ഫോമിലാണ് മഹീന്ദ്ര XEV 9e, BE 6 എന്നീ കാറുകള്‍ പണിതിരിക്കുന്നത്. രണ്ട് കാറിലും ലെവല്‍ 2 ADAS സ്യൂട്ട് പോലുള്ള നൂതന സുരക്ഷാ സവിശേഷതകള്‍ സജ്ജീകരിച്ചിരിക്കുന്നു. ലെയ്ന്‍ ചേഞ്ച്, എമര്‍ജന്‍സി സ്റ്റിയറിംഗ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, ക്രോസ് ട്രാഫിക് അലേര്‍ട്ട്, ഫ്രണ്ട് കൊളീഷന്‍ വാണിംഗ് തുടങ്ങി നിരവധി സവിശേഷതകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഇതോടൊപ്പം, 360-ഡിഗ്രി ക്യാമറ, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ (HUD), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, റെക്കോഡിംഗ് ഫംഗ്ഷനുള്ള 360 ലൈവ് വ്യൂ, ഇന്റലിജന്റ് ഇലക്ട്രോണിക് ബ്രേക്ക് ബൂസ്റ്റര്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, കോര്‍ണറിംഗ് ലാമ്പുകള്‍, ഓട്ടോ ബൂസ്റ്റര്‍ ലാമ്പുകള്‍, ഏഴ് എയര്‍ബാഗുകള്‍ എന്നിവയാണ് ഈ കാറുകളില്‍ വരുന്ന മറ്റ് സേഫ്റ്റി ഫീച്ചറുകള്‍.
ഥാര്‍ റോക്‌സ്, XUV 3XO, XUV400 എന്നീ മഹീന്ദ്ര മോഡലുകള്‍ അടുത്തിടെ ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയിരുന്നു. അതേസമയം XUV700, സ്‌കോര്‍പിയോ N എന്നിവ സമാനമായി 5 സ്റ്റാര്‍ റേറ്റിംഗും നേടിയിട്ടുണ്ട്. ഏതായാലും ടാറ്റക്ക് പോലും നേടാന്‍ കഴിയാത്ത നേട്ടം സ്വന്തമാക്കിയത് ഇവികളുടെ വില്‍പ്പനയില്‍ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








