ശരവേഗം കൊടുത്ത് തീര്‍ത്തത് 3000 എണ്ണം! മഹീന്ദ്ര ഇവികള്‍ കിട്ടാന്‍ 6 മാസം വരെ കാത്തിരിപ്പ്
XEV 9e, BE 6 എന്നീ മോഡലുകളിലൂടെ തങ്ങളുടെ അടുത്ത തലമുറ ഇവി ലൈനപ്പ് മഹീന്ദ്ര വാഹനലോകത്തിന് പരിചയപ്പെടുത്തിയിരുന്നു. കമ്പനിയുടെ 'ബോണ്‍ ഇലക്ട്രിക്' വാഹനങ്ങള്‍ വിപണിയിലെത്തിയ അന്ന് മുതല്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ്. ബുക്കിംഗ് തുടങ്ങി 24 മണിക്കൂറിനുള്ളില്‍ 30179 ഉപഭോക്താക്കളെ നേടിയാണ് ആദ്യം ഞെട്ടിച്ചത്. 8742 കോടി രൂപ വരുമായിരുന്നു ഓര്‍ഡര്‍ മൂല്യം. ഇന്ത്യയില്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ ബുക്ക് ചെയ്യപ്പെട്ട ഇവിയെന്ന റെക്കോഡ് മഹീന്ദ്ര XEV 9e സന്തമാക്കി. 15000-ത്തിലേറെ ബുക്കിംഗുമായി ഈ റെക്കോഡ് നേരത്തെ എംജി വിന്‍ഡ്സര്‍ ഇവിയുടെ പക്കലായിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് 20 മുതലാണ് കമ്പനി ഇലക്ട്രിക് എസ്‌യുവികളുടെ വിതരണം ആരംഭിച്ചത്. ഇപ്പോള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 3000 യൂണിറ്റ് ബോണ്‍ ഇലക്ട്രിക് കാറുകള്‍ വിതരണം ചെയ്ത് പുത്തന്‍ നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് മഹീന്ദ്ര. രണ്ട് ഇവികളുടെയും ഉയര്‍ന്ന വേരിയന്റുകളുടെ വിതരണം മാത്രമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നതെന്നും ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കണം. XEV 9e, BE 6 എന്നിവയുടെ ഭൂരിഭാഗം ഉപഭോക്താക്കളും ടോപ്പ്-സ്‌പെക്ക് പായ്ക്ക് ത്രീ വേരിയന്റാണ് തിരഞ്ഞെടുക്കുന്നത്.

ഉപഭോക്താക്കള്‍ ഗ്രീന്‍ മൊബിലിറ്റിയെക്കാള്‍ പ്രീമിയം സവിശേഷതകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത് എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. മഹീന്ദ്രയുടെ തന്ത്രപരമായ വിലനിര്‍ണയവും സമയബന്ധിതമായ ലോഞ്ചും ഇരുകാറുകളുടെയും വമ്പിച്ച ഡിമാന്‍ഡിന് ആക്കം കൂട്ടി. ഇവികളുടെ എന്‍ട്രി ലെവല്‍ പായ്ക്ക് വണ്‍, പായ്ക്ക് വണ്‍ എബോവ് വേരിയന്റുകള്‍ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് 2025 ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടിവരും.
നിലവിലെ ബുക്കിംഗ് ഡാറ്റ കാണിക്കുന്നത് XEV 9e ഇവിക്ക് 59% പേരും BE 6 ഇവിക്ക് 41% പേരും മുന്‍ഗണന നല്‍കുന്നു എന്നാണ്. ഉയര്‍ന്ന ഡിമാന്‍ഡ് കണക്കിലെടുത്ത് തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ഇപ്പോള്‍ കാത്തിരിപ്പ് കാലയളവ് 6 മാസം വരെ നീളുന്നു. കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും സുഗമമായ ഓണര്‍ഷിപ്പ് എക്‌സ്പീരിയന്‍സ് ഉറപ്പാക്കുന്നതിനുമായി മഹീന്ദ്ര രാജ്യത്തുടനീളമുള്ള ഡെലിവറികള്‍ കൂട്ടുകയാണ്.

മഹീന്ദ്ര BE 6-നെ കുറിച്ച് പറയുമ്പോള്‍ ഇലക്ട്രിക് എസ്‌യുവി രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ ചെറിയ 59 kWh പതിപ്പ് 557 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. വലിയ 79 kWh പതിപ്പ് 682 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. വേരിയന്റിനെ ആശ്രയിച്ച് ADAS, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് ഗ്ലാസ് റൂഫ് എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകള്‍ ഇതിലുണ്ട്.
BE 6 ഇലക്ട്രിക് എസ്‌യുവിയുടെ ബേസ് മോഡലിന് 18.90 ലക്ഷം രൂപയാണ് വില. ടോപ് സ്‌പെക് വേരിയന്റിന് 26.90 ലക്ഷം രൂപ മുടക്കണം. എക്‌സ്-ഷോറൂം വിലകള്‍ ആണിത്. കേരളത്തിലെ സെലിബ്രിറ്റികളില്‍ സീരിയല്‍ നടി റെബേക്ക സന്തോഷ്, ഗായകനും ബിഗ്‌ബോസ് താരവുമായ ബ്ലെസ്‌ലി എന്നിവര്‍ മഹീന്ദ്ര BE 6 അടുത്തിടെ ഡെലിവറിയെടുത്തു.
മഹീന്ദ്ര XEV 9e ഇലക്ട്രിക് എസ്‌യുവി കൂപ്പെ രണ്ട് ബാറ്ററി പായ്ക്കുകളോടെയാണ് വരുന്നത്: 59 kWh, 79 kWh. രണ്ടാമത്തേത് 656 കിലോമീറ്റര്‍ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് അവകാശപ്പെടുന്നു. ആദ്യത്തേത് ഫുള്‍ ചാര്‍ജില്‍ 542 കിലോമീറ്റര്‍ വാഗ്ദാനം ചെയ്യുന്നു. XEV 9e യില്‍ 3-സ്‌ക്രീന്‍ ഡാഷ്ബോര്‍ഡ്, 16-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 ADAS തുടങ്ങിയ സവിശേഷതകള്‍ ഉണ്ട്.
മഹീന്ദ്ര XEV 9e യുടെ വില ആരംഭിക്കുന്നത് 21.90 ലക്ഷം രൂപ മുതലാണ്. ഉയര്‍ന്ന മോഡലിന് 30.50 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്. പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മുന്‍ സിഇഒ പവന്‍ കുമാര്‍ ഗോയങ്ക, ടെക് മഹീന്ദ്ര മുന്‍ സിഇഒ സിപി ഗുരുനാനി, സംവിധായകനും നിര്‍മാതാവുമായ ഡാനിഷ് ദേവ്ഗണ്‍ എന്നിവര്‍ XEV 9e സ്വന്തമാക്കിയിരുന്നു.


Click it and Unblock the Notifications








