പായ്ക്ക് ടൂ Vs പായ്ക്ക് ത്രീ സെലക്ട്; മഹീന്ദ്ര XEV 9e വേരിയന്റുകള്‍ തമ്മില്‍ മാറ്റുരച്ച് നോക്കാം
2024 നവംബറില്‍ പുറത്തിറങ്ങിയതിന് ശേഷം മഹീന്ദ്ര XEV 9e ഇലക്ട്രിക് എസ്യുവിയുടെ കസ്റ്റമര്‍ ഡെലിവറി 2025 മാര്‍ച്ചില്‍ ആരംഭിച്ചു. തുടക്കത്തില്‍ ടോപ്പ്-എന്‍ഡ് പായ്ക്ക് ത്രീ വേരിയന്റുകളാണ് വിതരണം ചെയ്തത്, തുടര്‍ന്ന് പായ്ക്ക് ത്രീ സെലക്ട് ഓപ്ഷനും ലഭ്യമായി. ഈ ഘട്ടത്തില്‍ സെലിബ്രിറ്റികളും സമ്പന്നരായ ആളുകളുമടക്കം നിരവധി പേര്‍ ഈ ഫ്യൂചറിസ്റ്റിക് ഇവി സ്വന്തമാക്കി. അടുത്തിടെ ഇവിയുടെ മിഡ്-സ്പെക്ക് പായ്ക്ക് ടൂ വേരിയന്റിന്റെ വിതരണവും മഹീന്ദ്ര ആരംഭിച്ചു. മഹീന്ദ്രയുടെ XEV 9e, പായ്ക്ക് ടൂ, പായ്ക്ക് ത്രീ സെലക്ട് പതിപ്പുകള്‍ക്ക് യഥാക്രമം 24.90 ലക്ഷം രൂപയും 27.90 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.
ഈ വേരിയന്റുകള്‍ തമ്മില്‍ മൂന്ന് ലക്ഷം രൂപയുടെ വ്യത്യാസമുണ്ട്. മഹീന്ദ്രയുടെ പുതിയ INGLO പ്ലാറ്റ്‌ഫോമിലാണ് ഇരു മോഡലുകളും നിര്‍മ്മിച്ചിരിക്കുന്നത്. ഇലക്ട്രിക് സ്‌കേറ്റ്‌ബോര്‍ഡ് ഡിസൈനും കോര്‍ണറുകളില്‍ സ്ഥാപിച്ച വീലുകളും ഫ്ലോര്‍ബോര്‍ഡില്‍ ഘടിപ്പിച്ച ബാറ്ററി പായ്ക്ക് എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. ഈ ലേഖനത്തില്‍ നമ്മള്‍ മഹീന്ദ്ര XEV 9e പായ്ക്ക് ടു, പായ്ക്ക് ത്രീ സെലക്ട് എന്നീ വേരിയന്റുകളുടെ വില, ഫീച്ചറുകള്‍, സ്പെസിഫിക്കേഷനുകള്‍, റേഞ്ച് എന്നിവയടക്കമുള്ളവ താരതമ്യം ചെയ്ത് നോക്കാം.

ബാറ്ററി ഓപ്ഷനും പെര്‍ഫോമന്‍സും: INGLO പ്ലാറ്റ്‌ഫോമില്‍ 59 kWh, 79 kWh എന്നിങ്ങനെ രണ്ട് ശേഷിയിലുള്ള ബാറ്ററി പായ്ക്കുകള്‍ ലഭ്യമാണ്. പായ്ക്ക് ത്രീ സെലക്ട് ചെറു ബാറ്ററിയില്‍ മാത്രം ലഭ്യമാകുമ്പോള്‍, പായ്ക്ക് ടൂവില്‍ രണ്ട് ഓപ്ഷനുകളും ലഭിക്കും. വലിയ ബാറ്ററി പായ്ക്കിന് 27.25 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.
59 kWh ബാറ്ററിയുള്ള രണ്ട് വേരിയന്റുകളും 542 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം വലിയ ബാറ്ററി 656 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. 175 kW വരെ ശേഷിയുള്ള ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഏകദേശം 20 മിനിറ്റിനുള്ളില്‍ ചെറിയ ബാറ്ററി 20% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും.
പവര്‍ ഔട്ട്പുട്ടും ഡ്രൈവ് മോഡുകളും: ചെറിയ ബാറ്ററിയുള്ള XEV 9e-ക്ക് പരമാവധി 230 bhp പവറും 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. വലിയ ബാറ്ററി തിരഞ്ഞെടുക്കുകയാണെങ്കില്‍ പവര്‍ 282 bhp ആയി വര്‍ധിക്കുന്നു. ടോര്‍ക്ക് കണക്കുകളില്‍ വ്യത്യാസം കാണില്ല. ഈ ഇലക്ട്രിക് എസ്‌യുവി റിയര്‍-വീല്‍ ഡ്രൈവാണ്. റേഞ്ച്, എവരിഡേ, റേസ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഇതിലുണ്ട്.
കൂടെ ബൂസ്റ്റ് മോഡും വണ്‍-പെഡല്‍ ഡ്രൈവ് മോഡും ഇതില്‍ ഉള്‍പ്പെടുന്നു.
പായ്ക്ക് ടു ഫീച്ചറുകള്‍: XEV 9e പായ്ക്ക് ടൂവിന്റെ എക്സ്റ്റീരിയറില്‍ സിഗ്നേച്ചര്‍ ലാമ്പോടുകൂടിയ എല്‍ഇഡി ഡിആര്‍എല്ലുകള്‍, സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, സ്റ്റാര്‍ട്ട്-അപ്പ് ലൈറ്റിംഗ് സീക്വന്‍സ് എന്നിവയുണ്ട്. പനോരമിക് ഗ്ലാസ് റൂഫും 19 ഇഞ്ച് അലോയ് വീലുകളും ഇതിന്റെ സവിശേഷതകളാണ്. പവര്‍ഡ് ഫ്ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍, ഓട്ടോ ടില്‍റ്റ് ഉള്ള ഓട്ടോ-ഫോള്‍ഡിംഗ് ഔട്ട്സൈഡ് മിററുകള്‍, ജെസ്ചര്‍ കണ്‍ട്രോള്‍ ഉള്ള പവര്‍ ടെയില്‍ഗേറ്റ് എന്നിവയും ഇതിലുണ്ട്.

അകത്തേക്ക് കടന്നാല്‍ കംഫര്‍ട്ടിനായി ലെതറെറ്റ് സീറ്റ് അപ്ഹോള്‍സ്റ്ററിയും സ്റ്റിയറിംഗ് ട്രിമ്മുമുണ്ട്. 6-വേ പവര്‍ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റില്‍ അധിക സുഖത്തിനായി ലംബര്‍ സപ്പോര്‍ട്ടും ലഭിക്കുന്നു. മികച്ച കാബിന്‍ അന്തരീക്ഷം സൃഷ്ടിക്കാനായി മുന്‍ സീറ്റുകളില്‍ വെന്റിലേഷന്‍ ഫംഗ്ഷനുകളും ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളും ലഭ്യമാണ്.
ടെക്നോളജി: 24GB റാമും 128GB സ്റ്റോറേജ് ശേഷിയുമുള്ള ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ് ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യ വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. 16 സ്പീക്കറുകളുള്ള ഹര്‍മന്‍ കാര്‍ഡന്‍ ഓഡിയോ സിസ്റ്റം ഡോള്‍ബി അറ്റ്മോസ് സൗണ്ട് ക്വാളിറ്റി പിന്തുണയ്ക്കുന്നതിനാല്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ശ്രവ്യാനുഭവം യാത്രക്കാര്‍ക്ക് ലഭിക്കും. മുന്നിലും പിന്നിലും യാത്ര ചെയ്യുന്നവര്‍ക്ക് വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജറുകള്‍ ലഭ്യമാക്കുന്നു.

സേഫ്റ്റി ഫീച്ചറുകള്‍: യാത്രക്കാരുടെ സുരക്ഷയ്ക്കായി XEV 9e പായ്ക്ക് ടു വേരിയന്റില്‍ റഡാര്‍ മൊഡ്യൂളും ക്യാമറയും അടങ്ങുന്ന ലെവല്‍-2 ADAS സ്യൂട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ ഫംഗ്ഷനും ഓട്ടോ പാര്‍ക്ക് അസിസ്റ്റ് ഫീച്ചറും ഇതില്‍ ലഭ്യമാണ്. 7 എയര്‍ബാഗുകള്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നു. ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗ് ഡ്രൈവര്‍ക്ക് കൂടുതല്‍ സഹായകമാകുമ്പോള്‍ ടിപിഎംഎസ് സിസ്റ്റം വഴിയുള്ള ഇന്‍ഡിവിജ്വല്‍ ടയര്‍ പ്രഷര്‍ ഡിസ്പ്ലേയും ഉണ്ട്.
പായ്ക്ക് ത്രീ അധിക സവിശേഷതകള്‍: മഹീന്ദ്ര XEV 9e പായ്ക്ക് ത്രീ സെലക്ട്, ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD), ആംബിയന്റ് ലൈറ്റിംഗ് സെറ്റപ്പ്, കാര്‍പെറ്റ് ലാമ്പുകള്‍ എന്നിവപോലുള്ള അധിക സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നു. അഞ്ച് റഡാര്‍ മൊഡ്യൂളുകളും ക്യാമറയും ഉള്‍പ്പെടുന്ന മെച്ചപ്പെടുത്തിയ ലെവല്‍-2 ADAS സ്യൂട്ട്, ഓട്ടോ ലെയ്ന്‍ ചേഞ്ച്, ലെയ്ന്‍ കീപ് അസിസ്റ്റ്, ഫ്രണ്ട്/റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട് സിസ്റ്റങ്ങള്‍ എന്നിവയിലൂടെ ഡ്രൈവിംഗ് സുരക്ഷാ നിലവാരം ഉയര്‍ത്തുന്നു.


Click it and Unblock the Notifications








