കിലോമീറ്ററിന് ₹1.1 ചെലവില്‍ 7 പേര്‍ക്ക് സുഖയാത്ര! മഹീന്ദ്രയുടെ അടുത്ത വന്‍ 'സംഭവം' ഈ മാസം എത്തും
കഴിഞ്ഞ വര്‍ഷം നവംബറില്‍ മഹീന്ദ്ര പുറത്തിറക്കിയ BE 6, XEV 9e എന്നീ രണ്ട് ഇലക്ട്രിക് എസ്‌യുവികളും വമ്പന്‍ ഹിറ്റായിരുന്നു. 'ഇന്ത്യന്‍ ടെസ്‌ലകള്‍' എന്ന വിശേഷണം ലഭിച്ച ഇരുമോഡലുകളും വിപണിയില്‍ നിന്ന് മികച്ച പ്രതികരണം നേടിയത് മഹീന്ദ്രക്ക് മോഡേണ്‍ ഇവി നിര വിപുലീകരിക്കാന്‍ പ്രചോദനം നല്‍കി. ഈ രണ്ട് എസ്‌യുവികളും പുറത്തിറങ്ങിയതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനിരിക്കേ മഹീന്ദ്ര ഈ മാസം തന്നെ പുറത്തിറക്കാന്‍ പോകുന്ന പുത്തന്‍ ഇലക്ട്രിക് എസ്‌യുവിയുടെ ടീസര്‍ പുറത്തുവിട്ടു. ടീസറില്‍ നിന്ന് പുത്തന്‍ എസ്‌യുവിയെ കുറിച്ച് മനസ്സിലായത് ചുവടെ വായിക്കാം.
അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിപണിയിലെത്തിക്കാനുള്ള വാഹനങ്ങള്‍ മഹീന്ദ്ര സ്ഥിരമായി ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്താറുണ്ട്. പുതിയ 7 സീറ്റര്‍ എസ്‌യുവി ഇന്ത്യയില്‍ പരീക്ഷണയോട്ടങ്ങള്‍ നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും മുമ്പ് പുറത്തുവന്നിരുന്നു. മഹീന്ദ്ര അടുത്തതായി വിപണിയിൽ എത്തിക്കാൻ പോകുന്നത് സാധാരണ എസ്‌യുവിയല്ല മറിച്ച് 7 സീറ്റര്‍ ഇലക്ട്രിക് എസ്‌യുവിയാണ്. ഇപ്പോള്‍ ഈ 7 സീറ്റര്‍ ഇലക്ട്രിക് എസ്‌യുവിയുടെ ലോഞ്ച് തീയതിയും പേരും കമ്പനി വെളിപ്പെടുത്തിയിരിക്കുകയാണ്.

XEV 9S എന്ന് പേരിക്കിരിക്കുന്ന മഹീന്ദ്രയുടെ പുതിയ 7 സീറ്റര്‍ ഇലക്ട്രിക് എസ്‌യുവി നവംബര്‍ 26-ന് പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ ഏറെക്കാലമായി കാത്തിരുന്ന മോഡല്‍ ബെംഗളൂരുവില്‍ നടക്കുന്ന 'സ്‌ക്രീം ഇലക്ട്രിക്' ഇവന്റില്‍ വെച്ച് അവതരിപ്പിക്കും. നവംബര്‍ 17, 26 തീയതികളിലായിട്ടാണ് മഹീന്ദ്ര ഈ ഇവന്റ് സംഘടിപ്പിക്കുന്നത്. ഈ പ്രഖ്യാപനത്തോടൊപ്പം കമ്പനി ഒരു ടീസര്‍ വീഡിയോയും പുറത്തുവിട്ടു.
വീഡിയോയില്‍ വാഹനത്തിന്റെ പേരും ലോഞ്ച് തീയതിയും മാത്രമാണ് പ്രധാനമായും വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ഇന്ത്യന്‍ ഇവി പ്രേമികള്‍ക്കിടയില്‍ സുപരിചിതമായി മാറിയിരിക്കുന്ന നാമമാണ് XEV 9e. ഇപ്പോള്‍ XEV കുടുംബത്തിലെ രണ്ടാമത്തെ മോഡല്‍ ആകാന്‍ ഒരുങ്ങുകയാണ് XEV 9S. ഹൈ-വോള്‍ട്ടേജ് INGLO ആര്‍ക്കിടെക്ചറിലാണ് XEV 9S നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത മോഡുലാര്‍ സ്‌കേറ്റ്ബോര്‍ഡ് പ്ലാറ്റ്ഫോമാണ്.

വ്യത്യസ്ത ബോഡി സ്‌റ്റൈലുകളിലും വലുപ്പങ്ങളിലും വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ഈ പ്ലാറ്റ്ഫോം സഹായിക്കുന്നു. കൂടാതെ, ടു-വീല്‍ ഡ്രൈവ്, ഓള്‍-വീല്‍ ഡ്രൈവ് സെറ്റപ്പുകളിലും ഇത് ലഭ്യമാകും. സെമി ആക്ടീവ് സസ്‌പെന്‍ഷന്‍, ബ്രേക്ക്-ബൈ-വയര്‍ സാങ്കേതികവിദ്യ എന്നിവയും ഈ വാഹനത്തിന്റെ പ്രത്യേകതകളാണ്. ഹാരിയര്‍ ഇവിയുടെ മൂന്ന് വരി പതിപ്പായ സഫാരി ഇവി ടാറ്റ കൊണ്ടുവന്നാല്‍ അതുമായാകും ഈ മോഡല്‍ നേരിട്ട് ഏറ്റുമുട്ടുക.
മഹീന്ദ്ര XEV 9S-ന്റെ വലിപ്പത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. എന്നിരുന്നാലും, XEV 9e ഇലക്ട്രിക് എസ്‌യുവിക്ക് 2775 മില്ലിമീറ്റര്‍ വീല്‍ബേസ് ഉണ്ടായിരുന്നതിനാല്‍ 7 സീറ്റര്‍ ഇലക്ട്രിക് എസ്‌യുവിയിലും സമാനമായ അളവുകള്‍ പ്രതീക്ഷിക്കാം. XEV 9S ഇലക്ട്രിക് എസ്‌യുവിയുടെ ബാറ്ററി, ഇലക്ട്രിക് മോട്ടോര്‍ എന്നിവയടക്കമുള്ള സ്‌പെസിഫിക്കേഷനുകള്‍ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ മഹീന്ദ്ര ഇതുവരെ പുറത്തുവിട്ടിട്ടില്ല.
എങ്കിലും, XEV 9e മോഡലില്‍ പവര്‍ ചെയ്യുന്ന 59 kWh, 79 kWh ബാറ്ററി പായ്ക്കുകളാണ് പുതിയ മോഡലില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത. ചൈനീസ് ഇവി ഭീമന്‍മാരായ ബിവൈഡിയില്‍ നിന്നാണ് മഹീന്ദ്ര ഈ ബാറ്ററി വാങ്ങുന്നത്. 79 kWh ബാറ്ററി പായ്ക്ക് 656 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്യുവല്‍ മോട്ടോര്‍ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവും പുതിയ കാറില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഇന്ത്യയില്‍ നിലവില്‍ 7 സീറ്റര്‍ ഫാമിലി കാറുകള്‍ക്ക് വലിയ ഡിമാന്‍ഡാണ്. 79 kWh ബാറ്ററി ഉപയോഗിച്ച് 680 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുള്ള ഈ കാറില്‍ 790 രൂപ മാത്രമേ വൈദ്യുതി ചെലവ് വരികയുള്ളൂ എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതായത്, 1 കിലോമീറ്റര്‍ ഓടാന്‍ ഏകദേശ ചെലവ് 1.1 രൂപ മാത്രം. ഇത് ഔദ്യോഗിക കണക്കുകള്‍ അല്ലെങ്കിലും കുറഞ്ഞ ചെലവില്‍ പരിസ്ഥിതി സൗഹൃദമായ വാഹനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവരെ മോഡല്‍ ആകര്‍ഷിക്കും.
7 പേര്‍ക്ക് സുഖമായി പോകാമെന്ന് മാത്രമല്ല ഫ്യുചറിസ്റ്റിക് കാറുകളിലെ നൂതനമായ ഫീച്ചറുകളും പ്രധാന ഹൈലൈറ്റാണ്. മഹീന്ദ്ര ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ 7 സീറ്റര്‍ ഇലക്ട്രിക് എസ്‌യുവി ആയിരിക്കും XEV 9S. റൈറ്റ്-ഹാന്‍ഡ് ഡ്രൈവ്, തിരഞ്ഞെടുത്ത ലെഫ്റ്റ്-ഹാന്‍ഡ് ഡ്രൈവ് വിപണികളില്‍ പ്രവേശിക്കാന്‍ മഹീന്ദ്ര പദ്ധതിയിടുന്നുണ്ട്. ബ്രാന്‍ഡിന്റെ ആഗോള ഇലക്ട്രിക് റോഡ്മാപ്പില്‍ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന മോഡല്‍ ആണ് XEV 9S.


Click it and Unblock the Notifications








