മഹീന്ദ്ര XEV 9S ഇവിയുടെ പുതിയ ടീസർ എത്തിയിട്ടുണ്ടേ, അകത്തൊരു വമ്പൻ വിരുന്ന് തന്നെ ഒരുക്കിയിട്ടുണ്ട്
ഓട്ടോമൊബൈൽ രംഗത്ത് പതിറ്റാണ്ടുകളായി തങ്ങളുടെ ശക്തി തെളിയിച്ചിരിക്കുന്ന ഒരു മുൻനിര ബ്രാൻഡാണ് മഹീന്ദ്ര. കൊമേഴ്ഷ്യൽ വാഹനങ്ങളിലൂടെയും, ശക്തമായ എസ്‌യുവിളിലൂടെയും, ഇപ്പോഴത്തെ പ്രബലമായ ഇലക്ട്രിക് കാറുകളിലൂടെയും മഹീന്ദ്ര ഇന്ത്യയിലെ ഉപഭോക്താക്കളുടെ മനസിൽ ഒരു ഉറച്ച സ്ഥാനം നേടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കമ്പനിയുടെ ഇവി വിഭാഗം വേഗത്തിൽ വളരുകയും, ഭാവിയിലെ യാത്രാസാങ്കേതികവിദ്യയെ മുൻനിർത്തി പുതിയ മോഡലുകളും പ്ലാറ്റ്ഫോമുകളും അവതരിപ്പിക്കുകയും ചെയ്തിരുന്നു. INGLO ഇലക്ട്രിക് പ്ലാറ്റ്ഫോം അവതരിപ്പിച്ചതോടെ പ്രീമിയം, ഹൈ-ടെക് വാഹനങ്ങൾക്കായുള്ള പുതിയൊരു അധ്യായവും ബ്രാൻഡ് ആരംഭിച്ചു. ഈ പുതിയ തലമുറ മോഡലുകളിൽ ഏറ്റവും ശ്രദ്ധേയമായതും ഏറെ ചർച്ചയാകുന്നതുമായ വാഹനമാണ് XEV 9S.
പുതിയ ടീസർ പുറത്തിറങ്ങിയതോടെ ബ്രാൻഡിന്റെ ഏറ്റവും അധികം സാങ്കേതികവിദ്യയും സൗകര്യങ്ങളും നിറഞ്ഞ 7-സീറ്റർ ഇലക്ട്രിക് എസ്‌യുവിയായി ഇത് മാറുമെന്ന കാര്യം വ്യക്തമായി. നവംബർ 27 ന് ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഏതാനും ടീസറുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും, പുതിയതിൽ ഈ മോഡൽ ഇന്ത്യൻ വിപണിയിലെ ഏറ്റവും ആധുനികവും പ്രീമിയവും ആയ വാഹനങ്ങളിൽ ഒന്നായി മാറുമെന്ന കാര്യം ഉറപ്പാക്കി തന്നിരിക്കുകയാണ്.

ടീസറിൽ ആദ്യ ശ്രദ്ധ നേടുന്നത് ട്രിപ്പിൾ 12.3 ഇഞ്ച് സ്ക്രീൻ ഡാഷ്ബോർഡാണ്. ഇതിൽ ഡ്രൈവർ ഡിസ്‌പ്ലേ, സെൻട്രൽ ഇൻഫോടെയിൻമെന്റ് യൂണിറ്റ്, പാസഞ്ചർ-സൈഡ് ടച്ച്‌സ്‌ക്രീൻ എന്നിവ ഉൾപ്പെടുന്നുണ്ട്. ഇത് ഡ്രൈവർക്കും യാത്രക്കാർക്കും സമാനമായ സാങ്കേതിക സൗകര്യങ്ങൾ നൽകുന്ന ഒരു ഹൈ-ടെക് ഇൻറീരിയർ അനുഭവം സൃഷ്ടിക്കുന്നു. കൂടാതെ ഹാർമൻ കാർഡൺ പ്രീമിയം ഓഡിയോ സിസ്റ്റം ക്യാബിനിലെ മുഴുവൻ അന്തരീക്ഷത്തെയും അത്ഭുതകരമായ ശബ്ദാനുഭവത്തിലേക്ക് മാറ്റുന്നു.
മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, പവർ-അഡ്ജസ്റ്റബിൾ മെമ്മറി സീറ്റുകൾ, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവ XEV 9S നെ ഒരു പ്രീമിയം കുടുംബ സൗഹൃദ എസ്‌യുവിയാക്കി മാറ്റുന്നുണ്ട്. കൂടാതെ ടീസറിൽ കാണിച്ച പനോരമിക് സൺറൂഫ്, വയർലെസ് ഫോൺചാർജിംഗ്, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് തുടങ്ങിയ സവിശേഷതകൾ കാറിൻ്റെ ആധുനിക സാങ്കേതിക പാക്കേജ് കൂടുതൽ പ്രകടമാക്കുന്നു.

മാത്രവുമല്ല ശക്തിയും ദൈർഘ്യമേറിയ റേഞ്ചും ഉറപ്പാക്കുന്ന ഒരു മോഡൽ കൂടിയാണ് XEV 9S എന്നത് വ്യക്തമാണ്. ഇതിൽ 59 kWh മുതൽ 79 kWh വരെ ബാറ്ററി ഓപ്ഷനുകൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 59 kWh വേരിയൻ്റ് ഏകദേശം 542 കിലോമീറ്റർ റേഞ്ചും 231 bhp പവറും 380 Nm ടോർക്കും നൽകും. അതേസമയം 79 kWh പായ്ക്ക് 656 കിലോമീറ്റർ റേഞ്ചും 286 bhp പവറും നൽകിയേക്കും.
ഇത് RWD ഡ്രൈവ് ട്രെയിനിൽ പ്രവർത്തിക്കുന്നതിനാൽ നഗരയാത്രകളിലും ഹൈവേ ഡ്രൈവിങ് അനുഭവങ്ങളിലും മികച്ച പ്രകടനം ഉറപ്പാക്കുന്നു. ഇത്തരമൊരു ശക്തമായ മോട്ടോർ, ഉയർന്ന ശേഷിയുള്ള ബാറ്ററി, ദൈർഘ്യമേറിയ റേഞ്ച് എന്നിവ ചേർന്ന് XEV 9S നെ കൂടുതൽ സൗകര്യപ്രദവും ഭാവിയോട് പൊരുത്തമുള്ള ഒരു ഇവി എസ്‌യുവിയാക്കി മാറ്റുകയും ചെയ്യുന്നു. അതേസമയം ലോഞ്ചിനു ശേഷമുള്ള ഔദ്യോഗിക സ്പെക്‌സ് പുറത്തുവന്നാൽ പ്രകടനവും ബാറ്ററി കാര്യക്ഷമതയും സംബന്ധിച്ച കൂടുതൽ കൃത്യമായ വിവരങ്ങൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

ഡിസെനിൻ്റെ കാര്യത്തിൽ XEV 9S ഇവിയുടെ മുൻഭാഗം ക്ലോസ്ഡ് ഗ്രില്ലും സ്ലീക്ക് എൽഇഡി ഡിആർഎൽ ബാറും ഉൾപ്പെടുത്തിയ ഒരു ആധുനിക ഫാസിയയോടെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ ബമ്പറിന്റെ താഴെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് കാറിന്റെ ഫ്രണ്ട് പ്രൊഫൈലിന് തിളങ്ങുന്നതും ശക്തിയുള്ളവുമായ ലുക്ക് നൽകുന്നു. ബോഡിയിലെ സ്പോർട്ടായ ലൈനുകളും എയർ-ഓപ്റ്റിമൈസ്ഡ് അലോയ് വീലുകളും ടീസറിൽ ശ്രദ്ധേയമാണ്.
കൂടാതെ ഡ്യുവൽ‑ടോൺ ബോഡി പെയിന്റും ക്ലാഡിംഗും ഉപയോഗിച്ചതിലൂടെ എസ്‌യുവിയുടെ ആകർഷണം വർദ്ധിപ്പിച്ചിരിക്കുന്നു. മെത്തത്തിൽ പറഞ്ഞാൽ XEV 9S-ൽ കണ്ട സവിശേഷതകളും രൂപകല്പനയും മഹീന്ദ്രയുടെ ഇവി മേഖലയിൽ വരുന്ന പുതിയ തലമുറ മോഡലുകളുടെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. മാത്രവുമല്ല ഭാവിയിൽ ഇത് ഉപഭോക്താക്കളുടെ ശ്രദ്ധ നേടുകയും അവരുടെ ശക്തമായ തിരെഞ്ഞെടുപ്പായി മാറുകയും ചെയ്തേക്കും.


Click it and Unblock the Notifications








