'പൊള്ളുന്ന അനുഭവം' ഉണ്ടാകില്ല! 10 ലക്ഷത്തില്‍ താഴെ വെന്റിലേറ്റഡ് സീറ്റുമായി വരുന്ന കാര്‍
നിലവില്‍ ഇന്ത്യന്‍ കാര്‍ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ഒരു ഫീച്ചര്‍ ആണ് വെന്റിലേറ്റഡ് സീറ്റുകള്‍. പേരില്‍ നിന്ന് തന്നെ സംഗതി എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും. മോഡേണ്‍ കാറുകളില്‍ എല്ലാവരും പ്രതീക്ഷിക്കുന്ന ഒരു സവിശേഷതയാണ് ഇത്. യാത്രക്കാരെ എപ്പോഴും ഒരേ ശരീര താപനിലയില്‍ നിലനിര്‍ത്തുന്നു എന്നതാണ് വെന്റിലേറ്റഡ് സീറ്റുകളുടെ പ്രത്യേകത. ഇന്ത്യയിലെ കാലയാവസ്ഥ വെച്ച് നോക്കുമ്പോള്‍ ഇത് വേനല്‍ക്കാലത്താണ് ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്നത്. കാറിന് അനുയോജ്യമായ രീതിയില്‍ സീറ്റുകളുമുണ്ടെന്ന് ഉറപ്പാക്കാന്‍ വെന്റിലേറ്റഡ് സീറ്റുകള്‍ സഹായിക്കും.
കാര്‍ബണ്‍ പുറന്തള്ളലിനെ വര്‍ധിപ്പിക്കുകയോ മൈലേജ് കുറയ്ക്കുകയോ ചെയ്യുന്നില്ലെന്നതാണ് വെന്റിലേറ്റഡ് സീറ്റുകള്‍ കൊണ്ടുള്ള പ്രധാാന ഗുണം. സീറ്റുകളിലൂടെ വായു സഞ്ചാരം ഉറപ്പിക്കുകയാണ് വെന്റിലേറ്റഡ് സീറ്റുകള്‍ ചെയ്യുന്നത്. അതിനായി സീറ്റിനുള്ളില്‍ ചെറിയ ഫാനോ അല്ലെങ്കില്‍ വായു വലിച്ചെടുക്കുന്ന സംവിധാനമോ ഉണ്ടാകും. തണുപ്പിക്കുന്ന സീറ്റുകള്‍ക്കാണ് ചൂടാക്കുന്ന സീറ്റുകളെ അപേക്ഷിച്ച് ഇന്ത്യയില്‍ ആവശ്യക്കാര്‍ കൂടുതല്‍.

നിലവില്‍ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ സജ്ജീകരിച്ച കാറുകളാണ് ഇന്ത്യയില്‍ അധികവും വില്‍പ്പനക്കെത്തുന്നത്. 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ ഓഫര്‍ ചെയ്യുന്നത് ഒറ്റ കാര്‍ മാത്രമാണ്. അത് മഹീന്ദ്രയുടെ XUV3XO എന്ന മോഡല്‍ ആണ്. ഈ കാറിന്റെ പ്രത്യേകതകളും എത്ര രൂപ മുടക്കിയാലാണ് തണുപ്പിക്കുന്ന സീറ്റുകളുള്ള കാറുകള്‍ വാങ്ങാം എന്നത് അടക്കമുള്ള കാര്യങ്ങള്‍ നമുക്ക് നോക്കാം.
മഹീന്ദ്ര XUV 3XO: സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ മഹീന്ദ്ര വിറ്റഴിച്ചിരുന്ന XUV300 എന്ന മോഡലിന്റെ പിന്‍ഗാമിയായാണ് കഴിഞ്ഞ വര്‍ഷം XUV 3XO പുറത്തിറങ്ങിയത്. ആകര്‍ഷകമായ വിലയില്‍ നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി എത്തിയ മോഡല്‍ തല്‍ക്ഷണം ഹിറ്റായി. മുന്‍ഗാമിയെ അപേക്ഷിച്ച് വമ്പന്‍ വില്‍പ്പനയാണ് കാര്‍ നേടിയത്. സ്‌റ്റൈലിഷ് ലുക്കും ബജറ്റ് വിലയുമുള്ള ഈ മഹീന്ദ്ര എസ്‌യുവിയുടെ വിലയേറിയ വേരിയന്റുകളില്‍ വെന്റിലേറ്റഡ് സീറ്റുകളുണ്ട്.

വിലകൂടിയ വേരിയന്റുകളാണെങ്കിലും ചില മഹീന്ദ്ര XUV 3XO വേരിയന്റുകളുടെ എക്‌സ്-ഷോറൂം വില 10 ലക്ഷം രൂപയില്‍ താഴെയാണ്, ചില വകഭേദങ്ങളുടെ വില 10 ലക്ഷം രൂപക്ക് അല്‍പ്പം മുകളിലുമാണ്. ഇന്ത്യന്‍ കാര്‍ വിപണിയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ ഇപ്പോഴും അല്‍പ്പം പ്രീമിയം സവിശേഷതയായി കണക്കാക്കപ്പെടുന്നു.
അതുകൊണ്ടാണ് 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള കാറുകളില്‍ ഈ സൗകര്യം പലപ്പോഴും നല്‍കാത്തത്. എന്നിരുന്നാലും, 10 ലക്ഷം രൂപ ബജറ്റില്‍ കടുംപിടുത്തം പിടിക്കാതെ ഒന്നോ രണ്ടോ ലക്ഷം രൂപ അധികം ചെലവഴിക്കാന്‍ നിങ്ങള്‍ തയാറാണെങ്കില്‍ വെന്റിലേറ്റഡ് സീറ്റുകളുള്ള മറ്റ് ചില കാറുകള്‍ ലഭ്യമാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ടാറ്റ നെക്സോണ്‍: ടാറ്റ മോട്ടോര്‍സ് പുറത്തിറക്കുന്ന സബ് കോംപാക്ട് എസ്‌യുവിയാണ് നെക്‌സോണ്‍. മഹീന്ദ്ര XUV 3XO-യുടെ എതിരാളിയായ നെക്സോണിന്റെ വിലകൂടിയ ടോപ്പ് വേരിയന്റുകള്‍ വെന്റിലേറ്റഡ് സീറ്റുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. അവയുടെ എക്സ്-ഷോറൂം വില 10 ലക്ഷം രൂപയില്‍ കൂടുതലാണ്. ഫീച്ചറുകളുടെ കാര്യത്തില്‍ മാത്രമല്ല ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്ന് കൂടിയാണ് നെക്‌സോണ്‍. പെട്രോള്‍, ഡീസല്‍, സിഎന്‍ജി, ഇലക്ട്രിക് എന്നിങ്ങനെ മള്‍ട്ടിപ്പിള്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ നെക്‌സോണ്‍ വാങ്ങാം.
ടാറ്റ പഞ്ച് ഇവി: ടാറ്റ മോട്ടോര്‍സ് നിര്‍മിക്കുന്ന മൈക്രോ എസ്‌യുവിയായ പഞ്ചിന്റെ ഇലക്ട്രിക് പതിപ്പാണ് പഞ്ച് ഇവി. ഈ ഇലക്ട്രിക് കാറിന്റെ ടോപ്പ് വേരിയന്റുകളിലും വെന്റിലേറ്റഡ് സീറ്റുകളും നല്‍കിയിട്ടുണ്ട്. കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറാണെങ്കിലും വെന്റിലേറ്റഡ് സീറ്റുകളുള്ള ഈ കാറിന്റെ വേരിയന്റുകളുടെ വില 10 ലക്ഷം രൂപയില്‍ കൂടുതലാണ്. പഞ്ച് ഇവിയുടെ വില 9.99 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

സ്‌കോഡ കൈലാക്: സ്‌കോഡയുടെ ഏറ്റവും പുതിയ സബ് 4 മീറ്റര്‍ എസ്യുവിയാണ് കൈലാക്. ഈ കാറിന്റെ വിലയേറിയ പ്രസ്റ്റീജ് വേരിയന്റുകളില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്നു. കൈലാഖ് കാറിന്റെ പ്രാരംഭ വില 10 ലക്ഷം രൂപയില്‍ താഴെയാണ് ആരംഭിക്കുന്നതെങ്കിലും പ്രസ്റ്റീജ് വേരിയന്റിന്റെ എക്സ്-ഷോറൂം വില നിലവില്‍ 12.89 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. വെന്റിലേറ്റഡ് സീറ്റുകള്‍ അല്ലാതെ മറ്റ് നിരവധി മോഡേണ്‍ ഫീച്ചറുകള്‍ സജ്ജീകരിച്ചെത്തുന്ന കൈലാക് സ്‌കോഡയുടെ ഇന്ത്യയിലെ തുറുപ്പു ഗുലാനാണ്.
വെന്റിലേറ്റഡ് സീറ്റുകള്‍ ഉപയോഗിച്ചവര്‍ക്ക് അതിന്റെ മൂല്യം മനസ്സിലാകും. മികച്ചതും കൂടുതല്‍ ആഡംബരപൂര്‍ണവുമായ യാത്രാനുഭവം സമ്മാനിക്കുന്നതിനാല്‍ കാറുകളുടെ വിലയേറിയ ടോപ്പ് വേരിയന്റുകളില്‍ മാത്രമേ വെന്റിലേറ്റഡ് സീറ്റ് സൗകര്യം വാഹന ബ്രാന്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നുള്ളൂ. എന്നിരുന്നാലും 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ഈ ഫീച്ചര്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മഹീന്ദ്ര XUV3XO പരിഗണിക്കാം.


Click it and Unblock the Notifications








