30 കി.മീ മുകളില്‍ മൈലേജ്? മഹീന്ദ്ര XUV 3XO ഹൈബ്രിഡ് കുപ്പായമണിയുന്നു! കാത്തിരിപ്പ് ഏതാനും മാസങ്ങള്‍ മാത്രം
വിപണിയില്‍ ഒത്തിരി ഓപ്ഷനുകള്‍ ഉണ്ടെങ്കിലും ഇന്ത്യക്കാര്‍ ഇവികളിലേക്ക് പെട്ടെന്ന് തിരിയാതിരിക്കാനുള്ള ഒരു കാരണം ഹൈബ്രിഡ് കാറുകളുടെ സാന്നിധ്യമാണ്. 2024ല്‍ ഏകദേശം 85,000 യൂണിറ്റ് ഹൈബ്രിഡ് കാറുകള്‍ വിറ്റപ്പോള്‍ ഏകദേശം 90,000 യൂണിറ്റായിരുന്നു ഇവി വില്‍പ്പന. ബ്രാന്‍ഡുകള്‍ ഇവികളിലും ഹൈബ്രിഡുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ വരും വര്‍ഷങ്ങളിലും കടുത്ത പോരാട്ടത്തിനാണ് ഇന്ത്യന്‍ വിപണി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. പുത്തന്‍ സാങ്കേതികവിദ്യ പെട്ടെന്ന് പുല്‍കാന്‍ വിസമ്മതിക്കുന്നവര്‍ ആദ്യം പരിഗണിക്കുന്നത് ഹൈബ്രിഡുകളാണ്. ഐസി എഞ്ചിന്‍ വാഹനങ്ങളുമായി ഇന്ത്യന്‍ മാര്‍ക്കറ്റിലെ മുന്‍നിരക്കാരായി വിലസുന്ന മഹീന്ദ്ര ഇവികളില്‍ വമ്പന്‍ നിക്ഷേപമാണ് നടത്തുന്നത്.
BE 6, XEV 9e എന്നീ പുത്തന്‍ ഇലക്ട്രിക് എസ്‌യുവികളിലൂടെ വന്‍ ഓളം തീര്‍ത്ത മഹീന്ദ്ര ഇപ്പോള്‍ ഹൈബ്രിഡ് കാറുകളിലൂടെ ചൂതാടാന്‍ ഇറങ്ങുന്നതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മഹീന്ദ്ര ഇന്ത്യയില്‍ തങ്ങളുടെ മോഡല്‍ നിര വൈവിധ്യവത്കരിക്കാന്‍ ആഗ്രഹിക്കുന്നു. ഇക്കാരണം കൊണ്ട് കമ്പനി തങ്ങളുടെ ആദ്യത്തെ സ്‌ട്രോംഗ് ഹൈബ്രിഡ് മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

കഴിഞ്ഞ വര്‍ഷം മഹീന്ദ്ര വിപണിയില്‍ എത്തിച്ച സബ് 4 മീറ്റര്‍ എസ്‌യുവിയായ XUV 3XO വലിയ വിജയമായിരുന്നു. ഈ കാറിലൂടെയായിരിക്കും ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ ആദ്യമായി സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ കൊണ്ടുവരുന്നത്. മഹീന്ദ്ര XUV 3XO സ്‌ട്രോംഗ് ഹൈബ്രിഡിന്റെ വികസന പദ്ധതിക്ക് S226 എന്ന് രഹസ്യനാമം നല്‍കിയിരിക്കുന്നു. വികസന പ്രവര്‍ത്തനത്തിലുള്ള ഈ കാര്‍ അടുത്ത വര്‍ഷം പുറത്തിറക്കാനാണ് പരിപാടി.
1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനായിരിക്കും സ്‌ട്രോംഗ് ഹൈബ്രിഡ് സിസ്റ്റത്തിന്റെ ബേസ് ആയി മഹീന്ദ്ര നിശ്ചയിച്ചിരിക്കുന്നതെന്നാണ് വിവരം. ഈ എഞ്ചിന്‍ ഇലക്ട്രിക് മോട്ടോറും ചെറിയ ബാറ്ററി പായ്ക്കുമായി ചേര്‍ന്ന് സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ സജ്ജീകരണം രൂപീകരിക്കും. സ്‌ട്രോംഗ് ഹൈബ്രിഡ് സജ്ജീകരണം ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള ഡിസൈന്‍ ആയതിനാലാണ് ഈ എഞ്ചിനെ മഹീന്ദ്ര അടിത്തറയാക്കി എടുത്തിരിക്കുന്നത്.

നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കുള്ള സ്‌ട്രോംഗ് ഹൈബ്രിഡ് എസ്‌യുവികള്‍ 26 കിലോമീറ്ററിന് മുകളില്‍ മൈലേജ് നല്‍കുന്നുണ്ട്. മിഡ്‌സൈസ് എസ്‌യുവികളേക്കാള്‍ വലിപ്പം കുറഞ്ഞ കാര്‍ ആയതിനാല്‍ തന്നെ XUV 3X0 ഹൈബ്രിഡ് മോഡലിന് 30 കിലോമീറ്ററിന് മുകളില്‍ മൈലേജ് പ്രതീക്ഷിക്കുന്നു. സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനിന് പുറമേ റേഞ്ച് എക്സ്ടെന്‍ഡര്‍ ഹൈബ്രിഡുകളും കമ്പനി വികസിപ്പിക്കുന്നതായാണ് വിവരം.
കമ്പനിയുടെ സ്വന്തം INGLO സ്‌കേറ്റ്‌ബോര്‍ഡ് ഇലക്ട്രിക് ആര്‍ക്കിടെക്ചര്‍ ഉപയോഗിക്കുന്ന XEV 9e, BE 6 ഇലക്ട്രിക് എസ്‌യുവികളായിരിക്കും ഇതിന്റെ അടിത്തറ. ഐസി എഞ്ചിന്‍ ഒരു ജനറേറ്ററായി പ്രവര്‍ത്തിക്കുന്ന സ്‌ട്രോംഗ് ഹൈബ്രിഡ് മോഡലുകളെയാണ് റേഞ്ച് എക്‌സ്റ്റെന്‍ഡര്‍ ഹൈബ്രിഡുകള്‍ എന്ന് വിളിക്കുന്നത്. ഇലക്ട്രിക് മോട്ടോറുകളാണ് ഇവയില്‍ വീലുകള്‍ക്ക് പവര്‍ നല്‍കുന്നത്. ഈ സജ്ജീകരണത്തില്‍ ബാറ്ററികള്‍ പവര്‍ ചെയ്യാനാണ് എഞ്ചിന്‍ ഉപയോഗിക്കുന്നത്.

ഇതേ സംവിധാനത്തെ മാരുതി സുസുക്കി സീരീസ് ഹൈബ്രിഡ് എന്ന് വിളിക്കുന്നു. മാരുതിയുടെ സീരീസ് ഹൈബ്രിഡ് സംവിധാനവുമായി വരുന്ന ഫ്രോങ്ക്‌സ് ഈ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തോടെ പുറത്തിറക്കാനാണ് മാരുതിയുടെ പദ്ധതി. മാരുതിക്ക് വെല്ലുവിളിയുമായി മഹീന്ദ്രയും ഒട്ടുംവൈകാതെ റേഞ്ച് എക്‌സ്റ്റന്‍ഡര്‍ ഹൈബ്രിഡുകളമായി എത്തും. ഈ റേഞ്ച് എക്‌സ്റ്റെന്‍ഡര്‍ മോഡലുകളുടെ അടിസ്ഥാന രൂപകല്‍പ്പനയും വികസന പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
എന്നിരുന്നാലും പുതിയ BE 6, XEV 9e എന്നിവയ്ക്ക് വിപണിയില്‍ നിന്ന് ലഭിക്കുന്ന പ്രതികരണത്തെ അടിസ്ഥാനമാക്കിയായിരിക്കും മഹീന്ദ്ര അന്തിമ തീരുമാനമെടുക്കുക. BE 6, XEV 9e എന്നിവയുടെ വില്‍പ്പന പ്രകടനണ്‍ വിലയിരുത്താന്‍ ഏതായാലും കുറച്ച് മാസങ്ങള്‍ എടുത്തേക്കാം. 2025 ഫെബ്രുവരി 14 മുതലാണ് ഈ രണ്ട് ഇവികളുടെയും ബുക്കിംഗ് ആരംഭിക്കുന്നത്. മാര്‍ച്ചിലാണ് ഡെലിവറി ആരംഭിക്കുക. പ്രതിവര്‍ഷം 50,000 യൂണിറ്റുകളാണ് റേഞ്ച് എക്‌സ്‌റ്റെന്‍ഡറുകള്‍ മഹീന്ദ്രയുടെ വില്‍പ്പനക്ക് സംഭാവന ചെയ്യുകയെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








