എല്ലാവരും കൂട്ടുമ്പോള്‍ മഹീന്ദ്ര ഈ ഫാമിലി കാറിന്റെ വില കുറച്ചു! ശ്രദ്ധിക്കണേ... ചെറിയൊരു ട്വിസ്റ്റുണ്ട്
സാമ്പത്തിക വര്‍ഷം അവസാനക്കുന്നതോടെ രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കള്‍ എല്ലാം തന്നെ വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ നമ്പര്‍ 1 എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്രയും തങ്ങളുടെ കാറുകള്‍ക്ക് വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവികളില്‍ ഒന്നായ XUV700 വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ചെറിയ ആശ്വാസമുണ്ട്. മിഡ്‌സൈസ് എസ്‌യുവിയുടെ തെരഞ്ഞെടുക്കപ്പെട്ട വേരിയന്റുകളുടെ വിലയില്‍ ഇപ്പോള്‍ ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ കുറവ് വരുത്തിയിട്ടുണ്ട്. എതൊക്കെ വേരിയന്റുകള്‍ക്കാണ് വില കുറച്ചതെന്നും ഇതിന് പിന്നിലെ കാരണവും നമുക്ക് വിശദമായി ഈ ലേഖനത്തില്‍ പരിശോധിക്കാം.
മഹീന്ദ്ര XUV700 എസ്‌യുവിയുടെ AX7, AX7 L ടര്‍ബോ-പെട്രോള്‍, ഡീസല്‍ വേരിയന്റുകളുടെ വിലയാണ് കുറച്ചിരിക്കുന്നത്. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ XUV700 എബണി എഡിഷന്റെ ഇതേ വേരിയന്റുകളെ ഈ തീരുമാനം ബാധിക്കുകയില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക. അടുത്ത മാസം വിവിധ മോഡലുകളുടെ വില വര്‍ധിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതിനാല്‍ മത്സരാധിഷ്ഠിത വിലയില്‍ കാര്‍ ലഭ്യമാക്കാനുള്ള മഹീന്ദ്രയുടെ തന്ത്രത്തിന്റെ ഭാഗമാണ് വില ക്രമീകരണം.

XUV700 AX7 വേരിയന്റിന്റെ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പുകള്‍ 6, 7 സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഇവയുടെ വിലയില്‍ 45,000 രൂപയുടെ കുറവ് വരുത്തിയിട്ടുണ്ട്. കൂടാതെ 7 സീറ്റര്‍ വാഹനത്തിന്റെ ഓള്‍-വീല്‍ ഡ്രൈവ് വേരിയന്റിനും വില കുറഞ്ഞിട്ടുണ്ട്. അതേസമയം, എബണി പതിപ്പുകള്‍ ഒഴികെയുള്ള അഞ്ച് AX7 L വേരിയന്റുകളുടെയും വിലയില്‍ 75,000 രൂപയുടെ ഗണ്യമായ കുറവുണ്ടായി.
മഹീന്ദ്രയുടെ XUV700 ഡീസല്‍ മോഡലുകള്‍ക്ക് കരുത്തുറ്റ 2.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഘടിപ്പിക്കുമ്പോള്‍ ഈ എഞ്ചിന്‍ 185 bhp പവറും 420 Nm ടോര്‍ക്കും നല്‍കുന്നു. 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേരുമ്പോള്‍ 450Nm വരെ ടോര്‍ക്ക് ലഭ്യമാണ്.
| Diesel | New Price (₹ Lakh) | Old Price (₹ Lakh) | Difference (₹) |
| AX7 AT 7-Seater FWD | 21.69 | 22.14 | 45,000 |
| AX7 AT 6-Seater | 21.89 | 22.34 | 45,000 |
| AX7 L MT 7-Seater FWD | 22.24 | 22.99 | 75,000 |
| AX7 L MT 6-Seater | 22.49 | 23.24 | 75,000 |
| AX7 AT 7-Seater AWD | 22.89 | 23.34 | 45,000 |
| AX7 L AT 7-Seater FWD | 23.99 | 24.74 | 75,000 |
| AX7 L AT 6-Seater | 24.19 | 24.94 | 75,000 |
| AX7 L AT 7-Seater AWD | 24.99 | 25.74 | 75,000 |
XUV700 എസ്‌യുവിയുടെ ടര്‍ബോ-പെട്രോള്‍ പതിപ്പുകള്‍ക്കും വിലക്കുറവിന്റെ പ്രയോജനം ലഭിക്കും. 6, 7 സീറ്റര്‍ ഓപ്ഷനുകളിലുള്ള AX7 ഓട്ടോമാറ്റിക് മോഡലുകളുടെ വിലയില്‍ 45,000 രൂപയുടെ കുറവ് വന്നിട്ടുണ്ട്. അതുപോലെ ഇതേ സീറ്റിംഗ് ക്രമീകരണങ്ങളില്‍ വരുന്ന AX7 L ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില 75,000 രൂപ കുറച്ചു. മാനുവല്‍ പെട്രോള്‍ വേരിയന്റുകള്‍ വിലയില്‍ മാറ്റമൊന്നുമില്ല.
മോഡലിലെ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 200hp പവറും 380Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാം. എസ്‌യുവിക്ക് വൈകാതെ മിഡ്-ലൈഫ് ഫെയ്സ്ലിഫ്റ്റ് അപ്ഡേറ്റ് നല്‍കാനുള്ള ഒരുക്കത്തിലാണ് കമ്പനി. അതിന് മുമ്പുള്ള അവസാന അപ്ഡേറ്റാണ് XUV700 എബണി എഡിഷന്‍. അതിനാല്‍ ഈ വര്‍ഷം കൂടുതല്‍ അപ്ഡേറ്റുകള്‍ പ്രതീക്ഷിക്കേണ്ടതില്ല.
| Turbo-Petrol | New Price (₹ Lakh) | Old Price (₹ Lakh) | Difference (₹) |
| AX7 AT 7-Seater | 20.99 | 21.44 | 45,000 |
| AX7 AT 6-Seater | 21.19 | 21.64 | 45,000 |
| AX7 L AT 7-Seater | 23.19 | 23.94 | 75,000 |
| AX7 L AT 6-Seater | 23.39 | 24.14 | 75,000 |
മഹീന്ദ്ര തങ്ങളുടെ മുഴുവന്‍ മോഡല്‍ ശ്രേണിയിലും അടുത്ത മാസം മുതല്‍ മൂന്ന് ശതമാനം വരെ വിലവര്‍ദ്ധനവ് പ്രഖ്യാപിച്ചു. വില വര്‍ധനവ് വില്‍പ്പനയെ ബാധിക്കാതിരിക്കാനാണ് XUV700-യുടെ ചില വേരിയന്റുകളുടെ വില കുറച്ചത്. മഹീന്ദ്രയുടെ ജനപ്രിയ മോഡലുകളുടെയെല്ലാം വില കൂടുമെങ്കിലും എന്‍ട്രി ലെവല്‍ വേരിയന്റുകളില്‍ കൈവെക്കാന്‍ സാധ്യതയില്ല. ഏപ്രില്‍ പിറന്നാല്‍ ഓരോ മോഡലുകളുടെയും വേരിയന്റ് തിരിച്ചുള്ള വില വര്‍ധനവ് നമുക്ക് അറിയാന്‍ സാധിക്കും. അതുവരെ കാത്തിരിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








