30.61 KM മൈലേജുള്ള കാറിന്റെ പരസ്യത്തിലെ വില 6.70 ലക്ഷം! വീട്ടിലെത്തിക്കാന്‍ എത്രയാകുമെന്ന് അറിയണോ?
മാരുതി സുസുക്കി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സെഡാന്‍ ബോഡിടൈപ്പില്‍ പുറത്തിറക്കിയ ഒരു കാര്‍ ആയിരുന്നു ബലേനോ. ഓപല്‍ ആസ്ട്ര, ഹോണ്ട സിറ്റി, മിത്സുബിഷി ലാന്‍സര്‍ എന്നീ മോഡലുകളുമായി എതിരിടാന്‍ വന്ന കാറിന് പക്ഷേ വിപണിയില്‍ ഏറെ കാലം പിടിച്ചുനില്‍ക്കാനായില്ല. 1997-ല്‍ പുറത്തിറക്കിയ ഈ കാര്‍ 2007-ല്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ശേഷം 2015-ല്‍ പുതിയ പ്രീമിയം ഹാച്ച്ബാക്കിലൂടെ മാരുതി ഈ നെയിംപ്ലേറ്റ് തിരികെ കൊണ്ടുവന്നു. തിരിച്ചുവരവില്‍ പക്ഷേ ബലേനോ ഇന്ത്യക്കാരുടെ ഫേവറിറ്റ് കാറുകളില്‍ ഒന്നായി മാറുകയായിരുന്നു. നിലവില്‍ പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിലെ ഒന്നാം സ്ഥാനക്കാരനാണ് ബലേനോ.
വിപണിയിലെത്തി 10 വര്‍ഷത്തിനുള്ളില്‍ ബലേനോ 10 ലക്ഷത്തിലധികം യൂണിറ്റ് വില്‍പ്പന നേടി എന്നറിയുമ്പോള്‍ തന്നെ ഈ കാറിന്റെ ജനപ്രീതി മനസ്സിലാക്കാമെല്ലോ. കംഫര്‍ട്ടബിള്‍ സീറ്റിംഗ്, ഇന്ധനക്ഷമത, മൊത്തത്തിലുള്ള ഡ്രൈവിംഗ് എക്‌സ്പീരിയന്‍സ് എന്നിവയാണ് ബലേനോയെ ജനപ്രിയമാക്കുന്ന ഘടകം. സാധാരണ ചെറുകാറില്‍ നിന്ന് അപ്‌ഗ്രേഡ് ചെയ്യുന്ന ഇടത്തരം കുടുംബങ്ങളുടെ ആദ്യത്തെ ചോയ്‌സ് ആണ് ബലേനോ.

നിങ്ങള്‍ ഓണ്‍ലൈനിലടക്കം തിരയുമ്പോള്‍ അല്ലെങ്കില്‍ മറ്റ് മാധ്യമങ്ങളിലെ പരസ്യങ്ങളില്‍ കമ്പനി ഒരു വില കൊടുത്തിട്ടുണ്ടാകും. എന്നാല്‍ അതിന്റെ ഒരു മൂലയില്‍ സ്റ്റാര്‍ ഇട്ട് അത് എക്‌സ്‌ഷോറൂം വിലയാണെന്നും പറഞ്ഞിട്ടുണ്ടാകും. ഈ സാഹചര്യത്തില്‍ ഒരു ബലേനോ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവരുടെ അറിവിലേക്കായി ഈ കാറിന്റെ മുഴുവന്‍ വേരിയന്റുകളുടെയും ഓണ്‍റോഡ് വില പറഞ്ഞുതരാം.
മാരുതി ബലേനോ സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നിങ്ങനെ നാല് ട്രിമ്മുകളിലാണ് ഓഫര്‍ ചെയ്യുന്നത്. പെട്രോള്‍, സിഎന്‍ജി എന്നീ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ കാര്‍ തെരഞ്ഞെടുക്കാം. നിലവില്‍ ബേസ് മോഡലായ സിഗ്മയില്‍ നിന്ന് തുടങ്ങി ടോപ് സ്‌പെക് ആല്‍ഫ എഎംടി വരെ 6.70 ലക്ഷം മുതല്‍ 9.92 ലക്ഷം രൂപ വരെയാണ് ബലേനോയുടെ എക്‌സ്‌ഷോറൂം വില വരുന്നത്.

അതേസമയം പ്രീമിയം ഹാച്ച് നിരത്തിലെത്തിക്കാന്‍ 7.86 ലക്ഷം മുതല്‍ 11.55 ലക്ഷം രൂപ വരെ മുടക്കേണ്ടതായുണ്ട്. കൊച്ചിയിലെ ഓണ്‍റോഡ് വിലകളാണ് നമ്മള്‍ പരിഗണിച്ചിരിക്കുന്നത്. അതുകൊണ്ട് വിലയില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാമെന്ന് ശ്രദ്ധിക്കുക. ബലേനോ സിഎന്‍ജി ശ്രേണി ഡെല്‍റ്റ എംടി സിഎന്‍ജി വേരിയന്റിന് 9.86 ലക്ഷം രൂപയില്‍ നിന്ന് ആരംഭിക്കുന്നു.
ഏറ്റവും ഉയര്‍ന്ന സിഎന്‍ജി വേരിയന്റായ സീറ്റ എംടി സിഎന്‍ജിയുടെ വില 10.93 ലക്ഷം രൂപയാണ്. മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് ബലേനോ സിഎന്‍ജി വാഗ്ദാനം ചെയ്യുന്നത്. ഓട്ടോമാറ്റിക് (എഎംടി) ട്രാന്‍സ്മിഷനുള്ള ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് ബലേനോയുടെ വില 9.40 ലക്ഷം രൂപയാണ്. ഏറ്റവും ഉയര്‍ന്ന ഓട്ടോമാറ്റിക് ഓപ്ഷന് 11.55 ലക്ഷം രൂപയാണ് വില.
വിശദമായ പ്രൈസ് ബ്രേക്കപ്പിലേക്ക് കടക്കുമ്പോള്‍ ബലേനോയുടെ ബേസ് സിഗ്മ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില 6,70,000 രൂപയാണ്. രജിസ്‌ട്രേഷന്‍ ചാര്‍ജായി 89,255 രൂപയും ഇന്‍ഷൂറന്‍സ് ഇനത്തില്‍ 25028 രൂപയും മറ്റ് ചാര്‍ജുകളുടെ വക 2000 രൂപയും ചേര്‍ത്ത് കാര്‍ നിരത്തിലെത്തിക്കാന്‍ 7,86,283 രൂപയാകും.
മറ്റ് ചാര്‍ജുകള്‍ എന്ന് പറയുന്നത് ഫാസ്ടാഗ്, അത് പോലെ തന്നെ ഹൈപ്പോത്തിക്കേഷന്‍ ഫീസുകളാണ്. മറ്റ് വേരിയന്റുകളുടെ വിലകള്‍ നോക്കുമ്പോള്‍ ബലേനോ ഡെല്‍റ്റ മാനുവലിന് 8.83 ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക. ബലേനോ ഡെല്‍റ്റ എഎംടി നിരത്തിലെത്തിക്കാന്‍ 9.40 ലക്ഷം രൂപയാകും. ബലേനോ ഡെല്‍റ്റ സിഎന്‍ജിയുടെ ഓണ്‍റോഡ് വില 9.86 ലക്ഷം രൂപയാണ്.

സീറ്റ വേരിയന്റിലേക്ക് വന്നാല്‍ മാനുവലിന് 9.89 ലക്ഷവും ഓട്ടോമാറ്റിക്കിന് 10.46 ലക്ഷം രൂപയുമാണ് ഓണ്‍റോഡ് വില. സീറ്റ വേരിയന്റ് സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനില്‍ വാങ്ങാന്‍ 10.93 ലക്ഷം രൂപ മുടക്കണം. റേഞ്ച് ടോപ്പിംഗ് ആല്‍ഫ മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വാങ്ങുമ്പോള്‍ 10.98 ലക്ഷം രൗപയാകും. അതേസമയം ആല്‍ഫ എഎംടിക്ക് 11.55 ലക്ഷം രൂപയാണ് മുടക്കേണ്ടത്.
ബലേനോയിലെ 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 88 bhp പവറും 113 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. സിഎന്‍ജി മോഡില്‍ 76 bhp പവറും 98.5 Nm ടോര്‍ക്കുമാണ് നല്‍കുക. പവര്‍ ഔട്ട്പുട്ട് കുറവാണെങ്കിലും സിഎന്‍ജി പതിപ്പുകള്‍ക്ക് മൈലേജ് കൂടും. മാരുതി സുസുക്കി ബലേനോയുടെ പെട്രോള്‍/മാനുവല്‍ വകഭേദങ്ങള്‍ ലിറ്ററിന് 22.35 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.

അതേസമയം സിഎന്‍ജി/മാനുവല്‍ വകഭേദങ്ങള്‍ ലിറ്ററിന് 30.61 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9.0 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ സിസ്റ്റം, മൗണ്ടഡ് കണ്‍ട്രോളുകളുള്ള ഫ്‌ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, ഒരു സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും എന്നിങ്ങനെ നിരവധി ഫീച്ചറുകളുമായാണ് ഈ കാര്‍ വരുന്നത്.
ഉയര്‍ന്ന മൈലേജുള്ള പ്രീമിയം ഹാച്ച്ബാക്ക് ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് മാരുതി ബലേനോ മികച്ച ഓപ്ഷനാണ്. എങ്കിലും കാറിന്റെ ബില്‍ഡ് ക്വാളിറ്റിയെ കുറിച്ച് ചില ആശങ്കകള്‍ ഉണ്ട്. ക്രാഷ് ടെസ്റ്റുകളില്‍ ഈ കാര്‍ മോശം പ്രകടനമാണ് പുറത്തെടുത്തത്. ആള്‍ട്ടോ അടക്കമുള്ള കാറുകളില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കിയ മാരുതി ഉടന്‍ ബലേനോയും അപ്‌ഡേറ്റ് ചെയ്ത് ഈ പോരായ്മ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








