25KM മൈലേജുള്ള കാര്‍ 6.25 ലക്ഷത്തിന് കിട്ടിയാല്‍ പിന്നെ; 6 മാസത്തിനുള്ളില്‍ 1 ലക്ഷത്തിലധികം വില്‍പ്പന
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി അവസാനിച്ചതോടെ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇതില്‍ മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ആധിപത്യം തുടരുകയാണ്. ഇന്ത്യന്‍ വാഹന വിപണിയില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ മോഡലായി മാറിയിരിക്കുകയാണ് മാരുതി സുസുക്കിയുടെ സബ് കോംപാക്ട് സെഡാന്‍ മോഡല്‍ ആയ ഡിസയര്‍. 2025 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 1 ലക്ഷത്തിലധികം ഡിസയറുകളാണ് മാരുതി സുസുക്കി വിറ്റത്. അതിനെ കുറിച്ച് വിശദമായി വായിക്കാം.
2025-2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മാരുതി സുസുക്കി ഡിസയറിന്റെ 1,08,006 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ (എസ്‌യുവി) ട്രെന്‍ഡിംഗായ സമയത്താണ് ഒരു സെഡാന്‍ മോഡല്‍ സെയില്‍സ് ചാര്‍ട്ടുകള്‍ വിറപ്പിക്കുന്നത്. കഴിഞ്ഞ 6 മാസത്തെ വില്‍പ്പന കണക്കുകള്‍ വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ഡിസയറിന്റെ ജനപ്രീതി ഇടിഞ്ഞിട്ടില്ലെന്ന കാര്യത്തിന് അടിവരയിടുന്നു.

കഴിഞ്ഞ 6 മാസത്തെ വില്‍പ്പന പട്ടികയില്‍ ഹ്യുണ്ടായി ക്രെറ്റ 99,345 യൂണിറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി. ഫടാറ്റ നെക്‌സോണ്‍ 89,557 യൂണിറ്റുകളുമായി മൂന്നാം സ്ഥാനം നേടി.ഇന്ത്യയില്‍ സെഡാന്‍ കാറുകളുടെ വില്‍പ്പന താരതമ്യേന കുറവാണെങ്കിലും ഡിസയറിനെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ ഒന്നിലേറെ കാരണങ്ങളുണ്ട്. ആകര്‍ഷകമായ ഫീച്ചറുകളാണ് അതില്‍ ഒന്ന്. ഡിസയറിന്റെ മുന്‍ഭാഗത്ത് സ്‌റ്റൈലിഷായ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, അഗ്രസീവായ ബമ്പറുകള്‍, വലിയ ഗ്രില്‍, വിശാലമായ ഡിആര്‍എല്‍ എന്നിവ ലഭിക്കുന്നു.
ഷാര്‍ക്ക് ഫിന്‍ ആന്റീന, ബൂട്ട്ലെറ്റ് സ്പോയിലര്‍, വൈ ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവ പിന്‍ഭാഗത്തെ ആകര്‍ഷകമാക്കുന്നു. മുന്‍ഗാമിയില്‍ നിന്ന് അടിമുടി മാറ്റങ്ങളുമായി കഴിഞ്ഞ വര്‍ഷം ഡിസയറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയിരുന്നു. മുമ്പ് ഡിസയറിന് സ്വിഫ്റ്റുമായി സാമ്യമുള്ള രൂപകല്‍പ്പനയായിരുന്നുവെങ്കില്‍ ഇപ്പോള്‍ കണ്ടാല്‍ മനസിലാാകാത്ത തരത്തിലാണ് മാറ്റങ്ങള്‍.

ബീജ്, ബ്ലാക്ക് നിറങ്ങള്‍ മനോഹരമായി ഇഴചേര്‍ന്ന അകത്തളമാണ് കാറിന് ലഭിക്കുന്നത്. ഡാഷ്ബോര്‍ഡിന് വുഡന്‍ ഫിനിഷ് നല്‍കിയിരിക്കുന്നു. ഡ്രൈവര്‍ക്ക് അനലോഗ് ഡിസ്പ്ലേയും ലഭിക്കുന്നുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള എസി വെന്റുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
സുരക്ഷയുടെ കാര്യത്തിലും ഡിസയര്‍ ഒട്ടും പിന്നിലല്ല. ഗ്ലോബല്‍ NCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിച്ച ആദ്യത്തെ മാരുതി കാര്‍ ആണ് ഡിസയര്‍. 6 എയര്‍ ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ എന്നിവ ഈ കാറില്‍ ലഭ്യമാണ്. സെഗ്‌മെന്റില്‍ 360 ഡിഗ്രി ക്യാമറ വാഗ്ദാനം ചെയ്യുന്ന ആദ്യ മോഡലുകളിലൊന്നാണ് ഡിസയര്‍.

1.2 ലിറ്റര്‍, 3 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് മാരുതി ഡിസയറിന് കരുത്തേകുന്നത്. ന്യജെന്‍ മാരുതി സ്വിഫ്റ്റിന് തുടിപ്പേകുന്ന അതേ എഞ്ചിനാണ് ഡിസയറിലും നല്‍കിയിരിക്കുന്നത്. 88.5 bhp പവറും 112 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ മോട്ടോര്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.
കോംപാക്ട് സെഡാന്‍ ലിറ്ററിന്റെ പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 25.71 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ARAI പറയുന്നത്. 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി വരുന്ന വേരിയന്റിന് മൈലേജ് അല്‍പ്പം കുറയും. 24.79km/l ആണ് ഡിസയര്‍ മാനുവലിന്റെ മൈലേജ്. മാരുതി സുസുക്കി ഡിസയര്‍ സിഎന്‍ജി വേരിയന്റുകള്‍ക്ക് ഒരു കിലോമീറ്ററിന് 33.73 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്ന് ARAI സാക്ഷ്യപ്പെടുത്തുന്നു.
ബേസ് വേരിയന്റിന് വെറും 6.25 ലക്ഷം രൂപ മാത്രമാണ് വില വരുന്നത്. കുറഞ്ഞ വില, ഉയര്‍ന്ന സുരക്ഷ, ആകര്‍ഷകമായ രൂപകല്‍പ്പന, സൗകര്യങ്ങള്‍ എന്നിവ നല്‍കുന്നതിനാലാണ് ഈ കാര്‍ തേടി ജനം ഷോറൂമിലേക്ക് ഒഴുകുന്നത്. അതുകൊണ്ടാണ് നെക്‌സോണ്‍, ക്രെറ്റ, വാഗണ്‍ ആര്‍ തുടങ്ങിയ മോഡലുകളെ പിന്തള്ളി 6 മാസത്തെ വില്‍പ്പന കണക്കുകളില്‍ ഡിസയര്‍ ഒന്നാം സ്ഥാനം കൈയ്യടക്കിയത്. ദീപാവലി ഓഫറുകളും ജിഎസ്ടി ഇളവും കാരണം ഒക്‌ടോബറിലും മികച്ച കച്ചവടം നേടുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








