30+ കി.മീ മൈലേജുമായി വരാനിരുന്ന ഫ്രോങ്ക്‌സ് ഹൈബ്രിഡ് വൈകും! മാരുതിയുടെ പുതിയ നീക്കത്തിന് പിന്നില്‍ എന്ത്?
രാജ്യത്തെ വാഹന പ്രേമികളെ നിരാശപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് മാരുതി സുസുക്കിയില്‍ നിന്ന് വരുന്നത്. ഇന്ത്യന്‍ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരുതി സുസുക്കി ഫ്രോങ്ക്സ് ഹൈബ്രിഡിന്റെ (Maruti Suzuki Fronx Hybrid) ലോഞ്ച് വൈകുമെന്ന് റിപ്പോര്‍ട്ട്. 2026-ന്റെ പകുതിയോടെ വിപണിയിലെത്തുമെന്ന് കരുതിയിരുന്ന വാഹനത്തിന്റെ ലോഞ്ച് 2027-ലേക്ക് നീട്ടിയതായാണ് വിവരം. വാഹനത്തിന്റെ നിര്‍മ്മാണത്തിലെ ചില സാങ്കേതിക മാറ്റങ്ങളാണ് ഈ കാലതാമസത്തിന് പിന്നിലെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മാരുതി സുസുക്കി സ്വന്തമായി വികസിപ്പിച്ചെടുത്ത 'സീരീസ് ഹൈബ്രിഡ്' (Series Hybrid) സാങ്കേതികവിദ്യയുമായി എത്തുന്ന ആദ്യ മോഡലായിരിക്കും ഫ്രോങ്ക്സ്.
നിലവില്‍ ഗ്രാന്‍ഡ് വിറ്റാരയില്‍ ഉപയോഗിക്കുന്ന ടൊയോട്ടയുടെ ഹൈബ്രിഡ് സിസ്റ്റത്തില്‍ നിന്ന് വ്യത്യസ്തമായി, മാരുതി സുസുക്കി സ്വന്തമായി വികസിപ്പിച്ച ഈ പുതിയ സാങ്കേതികവിദ്യ ചെലവ് കുറഞ്ഞതും ഇന്ധനക്ഷമത കൂടിയതുമായിരിക്കും. കുറഞ്ഞ ചെലവില്‍ ചെറുകാറുകളില്‍ ഹൈബ്രിഡ് സംവിധാനം എത്തിക്കാനാണ് മാരുതി ഇത് വഴി ലക്ഷ്യമിടുന്നത്.

സാങ്കേതിക വശങ്ങളിലേക്ക് കടന്നാല്‍, 1.2 ലിറ്റര്‍, 3-സിലിണ്ടര്‍ Z-സീരീസ് പെട്രോള്‍ എഞ്ചിനായിരിക്കും ഫ്രോങ്ക്സ് ഹൈബ്രിഡില്‍ ഉപയോഗിക്കുക. ഈ സിസ്റ്റത്തില്‍ എഞ്ചിന്‍ നേരിട്ട് വീലുകള്‍ക്ക് പവര്‍ ചെയ്യുന്നതിന് പകരം ഒരു ജനറേറ്ററായി പ്രവര്‍ത്തിച്ച് ബാറ്ററി ചാര്‍ജ് ചെയ്യുകയാണ് ചെയ്യുന്നത്. ബാറ്ററിയില്‍ നിന്നുള്ള ഊര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മോട്ടോറിന്റെ കരുത്തില്‍ വാഹനം ഓടും. ഇത് നഗരയാത്രകളില്‍ മികച്ച ഇന്ധനക്ഷമത നല്‍കാന്‍ സഹായിക്കും.
ലിറ്ററിന് 30 കിലോമീറ്ററില്‍ കൂടുതല്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന തരത്തിലാണ് മാരുതി ഈ ഹൈബ്രിഡ് സിസ്റ്റം ക്രമീകരിക്കുന്നത്. ഇന്ധനക്ഷമതയുടെ കാര്യത്തില്‍ നിലവിലെ സ്റ്റാന്‍ഡേര്‍ഡ് ഫ്രോങ്ക്സിനെ ഇത് കവച്ചുവെച്ച് മുന്നേറും. സാധാരണ പെട്രോള്‍ കാറുകളെ അപേക്ഷിച്ച് മലിനീകരണം ഗണ്യമായി കുറയ്ക്കാന്‍ ഈ സീരീസ് ഹൈബ്രിഡ് സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങളും മറ്റ് സാങ്കേതിക പരിശോധനകളും നിലവില്‍ പുരോഗമിക്കുകയാണ്. ലോഞ്ച് വൈകുന്നത് ഫ്രോങ്ക്സ് ഹൈബ്രിഡിന്റെ വിപണിയിലെ ഡിമാന്‍ഡിനെ ബാധിക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കൂടുതല്‍ കരുത്തുറ്റ എഞ്ചിനും മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളും ഉള്‍പ്പെടുത്തി വാഹനത്തെ പരിഷ്‌കരിക്കാന്‍ ലഭിക്കുന്ന അധിക സമയം മാരുതി പ്രയോജനപ്പെടുത്തുന്നുണ്ട്.
ക്രോസ്ഓവര്‍ എസ്‌യുവിയുടെ സേഫ്റ്റി കിറ്റില്‍ 6 എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി തുടരും. കൂടാതെ ഹൈബ്രിഡ് മോഡലിനായി സസ്പെന്‍ഷനിലും ബ്രേക്കിംഗ് സിസ്റ്റത്തിലും ചില മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. ബാറ്ററികള്‍ വഹിക്കേണ്ടതിനാല്‍ വാഹനത്തിന്റെ ബാലന്‍സ് നിലനിര്‍ത്താന്‍ ഇത്തരം ക്രമീകരണങ്ങള്‍ അത്യാവശ്യമാണ്.
ഹൈബ്രിഡ് മോഡലിന്റെ മൈലേജിനൊപ്പം വിലയറിയാന്‍ ആയിരിക്കും ഏവര്‍ക്കും താല്‍പര്യം. ഫ്രോങ്ക്സ് ഹൈബ്രിഡിന് നിലവിലെ പെട്രോള്‍ മോഡലിനേക്കാള്‍ ഏകദേശം 1.5 ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ അധികം പ്രതീക്ഷിക്കാം. ടാറ്റ പഞ്ച് ഇവി, വരാനിരിക്കുന്ന ഹ്യുണ്ടായി എക്സ്റ്റര്‍ ഇവി എന്നിവയുമായി നേരിട്ടല്ലെങ്കിലും ഹരിത ബദല്‍ എന്ന നിലയില്‍ ഫ്രോങ്ക്സ് ഹൈബ്രിഡ് മത്സരിക്കും. ഇവികളിലേക്ക് മാറാന്‍ താല്‍പര്യമില്ലാത്ത, എന്നാല്‍ ഉയര്‍ന്ന മൈലേജ് ആഗ്രഹിക്കുന്നവര്‍ക്ക് ഈ മോഡല്‍ മികച്ചൊരു ഓപ്ഷനായിരിക്കും.
ഗുജറാത്തിലെ മാരുതി സുസുക്കിയുടെ പ്ലാന്റിലായിരിക്കും ഫ്രോങ്ക്സ് ഹൈബ്രിഡ് നിര്‍മിക്കുക. ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍ വിപണികളിലേക്ക് വാഹനം കയറ്റുമതി ചെയ്യാനും മാരുതിക്ക് പദ്ധതിയുണ്ട്. ഇന്ധനക്ഷമതയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ഈ വാഹനത്തിന്റെ കൃത്യമായ ലോഞ്ച് തീയതി കമ്പനി ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രോങ്ക്സിന് ശേഷം കമ്പനിയുടെ മറ്റ് കോംപാക്ട് കാറുകളിലും സീരീസ് ഹൈബ്രിഡ് ടെക് ഉള്‍പ്പെടുത്തും.


Click it and Unblock the Notifications








