ഒറ്റ മാസം മാരുതി സര്‍വീസ് ചെയ്തത് 24.5 ലക്ഷം കാറുകള്‍! വില്‍പ്പനയില്‍ മാത്രമല്ല സര്‍വീസിലും നമ്പര്‍ 1
ഇന്ത്യയിലെ നമ്പര്‍ 1 കാര്‍ ബ്രാന്‍ഡ് ആണ് മാരുതി സുസുക്കി(Maruti Suzuki). ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഓരോ മാസവും ലക്ഷക്കണക്കിന് കാറുകളാണ് രാജ്യത്ത് വിറ്റഴിക്കുന്നത്. പതിനായിരക്കണക്കിന് കാറുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച് വിദേശത്തേക്ക് കപ്പല്‍ കയറ്റി അയക്കുകയും ചെയ്യുന്നു. നിലവില്‍ പാസഞ്ചര്‍ ഇവി വിപണി ഒഴികെ ഒട്ടുമിക്ക സെഗ്‌മെന്റുകളിലും ആധിപത്യം പുലര്‍ത്തുന്നത് മാരുതിയാണ്. വണ്ടി വില്‍ക്കുക മാത്രമല്ല വില്‍പ്പനാനന്തര സേവനങ്ങളുടെ കാര്യത്തിലും കമ്പനി മികച്ച് നില്‍ക്കുന്നു. ഇന്ത്യക്കാര്‍ ഒരു കാര്‍ വാങ്ങുമ്പോള്‍ ആദ്യം മാരുതി സുസുക്കി പരിഗണിക്കാനുള്ള ഒരു കാരണം അവരുടെ വിപുലമായ സര്‍വീസ് നെറ്റ്‌വര്‍ക്കാണ്.
ഇപ്പോള്‍ മാരുതി സുസുക്കി വില്‍പ്പനാനന്തര സേവന രംഗത്ത് പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ്.മാരുതിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു മാസം 24.5 ലക്ഷത്തിലധികം വാഹനങ്ങള്‍ സര്‍വീസ് ചെയ്തിരിക്കുകയാണ്. 2024 മെയ് മാസത്തിലാണ് ഈ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. ഒരു മാസത്തെ മാരുതിയുടെ ഏറ്റവും ഉയര്‍ന്ന സര്‍വീസ് ലോഡ് ആണിത്. പെയ്ഡ് സര്‍വീസുകള്‍, ഫ്രീ സര്‍വീസുകള്‍, അറ്റകുറ്റപ്പണികള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായി, നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളില്‍ പോലും വില്‍പനാനന്തര സേവന ശൃംഖല വ്യാപിപ്പിക്കുകയാണ് കമ്പനി. 'കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാസം 24.5 ലക്ഷത്തിലധികം വാഹനങ്ങള്‍ക്ക് സര്‍വീസ് ചെയ്യുന്നത്. സര്‍വീസ് ശൃംഖലയുടെ ആഴവും വ്യാപ്തിയും ഇത് എടുത്തു കാണിക്കുന്നു. രാജ്യമെമ്പാടുമുള്ള ഞങ്ങളുടെ സര്‍വീസ് ടീമുകളുടെയും ഡീലര്‍ പങ്കാളികളുടെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമാണിത്' മാരുതി സുസുക്കി എംഡിയും സിഇഒയുമായ ഹിസാഷി ടക്കേച്ചി നേട്ടത്തെക്കുറിച്ച് പറഞ്ഞു.
വാഹനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് മികച്ച ആഫ്റ്റര്‍ സെയില്‍സ് സര്‍വീസ് അനിവാര്യമാണ്. ഇത് ഓണര്‍ഷിപ്പ് എക്‌സ്പീരിയന്‍സ് മെച്ചപ്പെടുത്തുകയും ഉപഭോക്താക്കളെ ബ്രാന്‍ഡിനോട് കൂടുതല്‍ അടുപ്പിക്കുകയും ചെയ്യും. ഇന്ത്യയില്‍ വാഹന വില്‍പ്പന ആരംഭിക്കുന്നതിന് മുന്‍പേ ശക്തമായ സര്‍വീസ് ശൃംഖല സ്ഥാപിക്കാന്‍ ശ്രദ്ധിച്ചിരുന്നു. 2030-31 ഓടെ സര്‍വീസ് ടച്ച്‌പോയിന്റുകളുടെ എണ്ണം 8000 ആയി ഉയര്‍ത്താന പദ്ധതിയിടുന്നതായി അദ്ദേഹം പറഞ്ഞു.
ഇവി ഉപഭോക്താക്കള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരും അത്യാധുനിക ഉപകരണങ്ങളുമുള്ള 1,500 ഇവി എനേബിള്‍ഡ് സര്‍വീസ് വര്‍ക്ക്‌ഷോപ്പുകളും മാരുതി ആരംഭിക്കുന്നുണ്ട്. രാജ്യത്തെ 1000-ത്തില്‍ അധികം നഗരങ്ങളില്‍ മാരുതിയുടെ ഇവി വര്‍ക്ക്‌ഷോപ്പുകള്‍ വരും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മാരുതി സുസുക്കി തങ്ങളുടെ ഡീലര്‍ പങ്കാളികളിലൂടെ നിരവധി നൂതനമായ സര്‍വീസ് ഫോര്‍മാറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
പരമ്പരാഗതമായ ബ്രിക്ക് ആന്‍ഡ് മോര്‍ട്ടാര്‍ വര്‍ക്ക്‌ഷോപ്പ് മുതല്‍ ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ സേവനം നല്‍കുന്ന മൊബൈല്‍ വര്‍ക്ക്‌ഷോപ്പുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. അടിയന്തിര സാഹചര്യങ്ങളില്‍ സഹായമെത്തിക്കാനായി ഒരു സമര്‍പ്പിത ക്വിക്ക് റെസ്‌പോണ്‍സ് ടീമും കമ്പനിക്കുണ്ട്. പ്രകൃതിദുരന്തങ്ങള്‍ പോലുള്ള സാഹചര്യങ്ങളില്‍ ഈ സര്‍വീസ് ശൃംഖല ഉപയോക്താക്കള്‍ക്ക് വളരെ പ്രയോജനകരമാകും.

സര്‍വീസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) അധിഷ്ഠിത ചാറ്റ്‌ബോട്ടുകളും വോയിസ്‌ബോട്ടുകളും മാരുതി സുസുക്കി അവതരിപ്പിച്ചിരുന്നു. കൂടാതെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ക്ക് പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചും സോഫ്റ്റ് സ്‌കില്ലുകളിലം പരിശീലനം നല്‍കുന്നു. ഡൗണ്‍ടൈം കുറയ്ക്കുന്നതിനും സര്‍വീസ് ടേണ്‍ഓവര്‍ വേഗത്തിലാക്കുകയും ചെയ്യുന്നതിനായി, സ്‌പെയര്‍ പാര്‍ട്‌സുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നു.
പ്രാദേശികവല്‍ക്കരണം ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തുന്നതിലൂടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ എളുപ്പത്തിലും കുറഞ്ഞ ചിലവിലും ലഭ്യമാക്കാന്‍ സാധിക്കുന്നു. ഉപഭോക്താക്കള്‍ക്ക് മികച്ചതും വേഗത്തിലുള്ളതുമായ സേവനം നല്‍കുന്നതിന് മാരുതി സുസുക്കി പ്രതിജ്ഞാബദ്ധമാണ്. അതിലൂടെ കമ്പനി ഈ രംഗത്ത് പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. പല കമ്പനികളും വില്‍പ്പനയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് സര്‍വീസിന്റെ കാര്യത്തില്‍ വിമര്‍ശനം നേരിടുമ്പോള്‍ അവിടെയും മാതൃകയാവുകയാണ് മാരുതി.


Click it and Unblock the Notifications








