മാരുതിക്ക് അടുത്ത മാസം പണിയെടുക്കണ്ടെന്നാ തോന്നുന്നേ; ഒക്ടോബറിൽ റെക്കോർഡ് വിൽപ്പനയുമായി ബ്രാൻഡ്
ഇന്ത്യയിലെ വാഹന വിപണിയിൽ എതിരാളികളെ എല്ലാം നിലംപരിശാക്കി വിൽപ്പനയിൽ രാജാവായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ജനപ്രിയ ബ്രാൻഡായ മാരുതി സുസുക്കി. ഒക്ടോബർ മാസത്തെ സംബന്ധിച്ചിടത്തോളം എല്ലാ ബ്രാൻഡുകൾക്കും ഉത്സവ സീസണിൽ ചാകരയായിരുന്നു. പ്രത്യേകിച്ച് മാരുതി സുസുക്കിയുടെ ഷോറൂമുകളിൽ ജനതിരക്ക് തന്നെയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. 2025 ഒക്ടോബർ മാസത്തിൽ ബ്രാൻഡ് വിറ്റത് 220,894 യൂണിറ്റുകളാണ്. പാസഞ്ചർ വാഹന സെഗ്മെൻ്റിൽ 176,318 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റത്. എല്ലാവർക്കും മാരുതി മതിയെന്ന് വെറുതെ പറയുന്നതല്ല എന്ന് വിൽപ്പന കണക്ക് കാണുമ്പോൾ തന്നെ മനസിലാകുമല്ലോ.
സൂപ്പർ കാരി പോലെയുളള ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾ 4,357 യൂണിറ്റുകൾ വിറ്റു. കൂടാതെ, മാരുതി സുസുക്കി മറ്റ് ഒഇഎമ്മുകൾക്ക് 8,915 യൂണിറ്റുകൾ വിതരണം ചെയ്തത് കൂടി കണക്കിലെടുക്കുമ്പോൾ ഈ മാസത്തെ മൊത്തം ആഭ്യന്തര വിൽപ്പന 189,590 യൂണിറ്റാണ്. ഇതിനൊപ്പം തന്നെ കയറ്റുമതി 31,304 യൂണിറ്റുകൾ കൂടി കൂട്ടുമ്പോൾ മൊത്തം പ്രതിമാസ വിൽപ്പന 220,894 യൂണിറ്റുകളായി. 2024 ഒക്ടോബറിൽ വിറ്റത് വച്ച് നോക്കുമ്പോൾ 206,434 യൂണിറ്റുകളിൽ നിന്ന് ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്.

സെഗ്മെൻ്റ് തിരിച്ച് നോക്കിയാൽ ഹാച്ച്ബാക്ക് മോഡലുകളായ ബലേനോ, സ്വിഫ്റ്റ്, വാഗൺആർ, ഡിസയർ, സെലെറിയോ, ഇഗ്നിസ് തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്ന കോംപാക്റ്റ് വിഭാഗം 76,143 യൂണിറ്റുകൾ വിറ്റഴിച്ച് വലിയ നേട്ടമാണ് നേടി കൊടുത്തത്. ആൾട്ടോ, എസ്-പ്രസ്സോ എന്നിവയുൾപ്പെടെയുള്ള എൻട്രി ലെവൽ സെഗ്‌മെന്റിൽ കഴിഞ്ഞ വർഷം 10,687 യൂണിറ്റുകൾ വിറ്റഴിച്ചതിൽ നിന്ന് 9,067 യൂണിറ്റിലേക്ക് കുറഞ്ഞിട്ടുണ്ട്.
ഇനി കുടുംബത്തിലെ ചേട്ടൻമാരായ ബ്രെസ്സ, എർട്ടിഗ, ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര, ഇൻവിക്റ്റോ, ജിംനി, വിക്ടോറിസ്, എക്സ്എൽ 6 തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്ന യൂട്ടിലിറ്റി സെഗ്മെൻ്റുകൾ 77,571 യൂണിറ്റുകളുടെ വിൽപ്പനയാണ നടത്തിയത്. 2024 ഒക്ടോബറിൽ 11,653 യൂണിറ്റുകൾ വിറ്റഴിച്ച ഈക്കോ വാൻ കഴിഞ്ഞ മാസം 13,537 യൂണിറ്റുകൾ വിറ്റു.

മാരുതിയുടെ ലൈനപ്പിലെ പുതിയ മോഡലായ വിക്ടോറിസിനും ആരാധകരും ആവശ്യക്കാരും ഏറെയാണ്. അരീന ഡീലര്‍ഷിപ്പുകള്‍ വഴി വിപണനം ചെയ്യുന്ന വിക്‌ടോറിസിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 10.50 ലക്ഷം രൂപയാണ്. LXi, VXi, ZXi, ZXi(O), ZXi+, ZXi+(O) എന്നിങ്ങനെ ആറ് വേരിയന്റുകളിലാണ് വിക്ടോറിസ് എത്തുന്നത്. ഈ വാഹനം സിഎന്‍ജി പതിപ്പിലും ലഭ്യമാണ്.
സിഎന്‍ജി സിലിണ്ടര്‍ കാറിന്റെ ബൂട്ടിന് താഴെയായി സ്ഥാപിച്ചിരിക്കുന്നത് മാരുതിയുടെ ആദ്യ മോഡലാണിത്. മാരുതി സുസുക്കിയുടെ വരാനിരിക്കുന്ന ഇ-വിറ്റാര ഇലക്ട്രിക് എസ്യുവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടുള്ള പുതിയ ഡിസൈന്‍ ശൈലിയാണ് വിക്‌ടോറിസിനുള്ളത്. ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ടെക് സമ്പന്നമായ ക്യാബിനാണ് വിക്‌ടോറിസില്‍ മാരുതി ഒരുക്കിയിരിക്കുന്നത്.

ഡാഷ്ബോര്‍ഡിന് മുകളില്‍ വലിയ 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, വലതുവശത്ത് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീല്‍ എന്നിവയുണ്ട്. അഞ്ച് യാത്രക്കാര്‍ക്ക് സുഖമായി ഇരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ എസ്‌യുവിയുടെ ഇന്റീരിയര്‍ രൂപകല്‍പ്പന. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടി സേഫ്റ്റിയിലും വിക്‌ടോറിസ് വെന്നിക്കൊടി പാറിച്ചിരുന്നു.
ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32-ല്‍ 31.66 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 43 പോയിന്റുമാണ് നേടിയത്.വിക്ടോറിസില്‍ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളാണ് ലഭിക്കുന്നത്. 103 bhp പവറുള്ള 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍, 116 bhp പവറുള്ള 1.5 ലിറ്റര്‍, 3 സിലിണ്ടര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍, 89 bhp പവര്‍ നല്‍കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ പെട്രോള്‍-സിഎന്‍ജി ഓപ്ഷന്‍ എന്നിവയാണ് അവ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








