'ലോര്‍ഡ്' തിരിച്ചുവന്നു, നവംബറില്‍ വില്‍പ്പന 10000+ യൂണിറ്റ്! 41.96% വളര്‍ച്ചയുമായി ആള്‍ട്ടോയുടെ കുതിപ്പ്
ഇന്ത്യയിലെ സാധാരണക്കാരുടെ കാര്‍ എന്ന സ്വപ്‌നം പൂവണിയിക്കാനായി മാരുതി സുസുക്കി കൊണ്ടുവന്ന കാറുകളില്‍ ഒന്നായിരുന്നു ആള്‍ട്ടോ. ഈ കുഞ്ഞന്‍ ഹാച്ച്ബാക്ക് ആണ് ഇന്നും ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാന്‍ കൊതിക്കുന്ന ലക്ഷക്കണക്കിന് പേര്‍ക്ക് ആശ്വാസമാകുന്നത്. രാജ്യത്തെ മധ്യവര്‍ഗ കുടുംബങ്ങളെ ലക്ഷ്യം വെച്ച മാരുതി പുറത്തിറക്കിയ ആള്‍ട്ടോ കമ്പനിയുടെ എക്കാലത്തെയും വലിയ ഹിറ്റ് മോഡലാണ്. വിപണിയിലെത്തി 25 വര്‍ഷമായ ആള്‍ട്ടോക്ക് കാലികമായ അപ്ഡേറ്റുകള്‍ വരുത്തിയിരുന്നു. 25 വര്‍ഷം കൊണ്ട് ഇതുവരെ 47 ലക്ഷം പേരാണ് ഇന്ത്യയില്‍ ഈ കാര്‍ വാങ്ങിയത്. ഇത് ഉടന്‍ തന്നെ 50 ലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
സമീപകാലത്തായി ചെറുകാറുകളുടെ വില്‍പ്പന മന്ദഗതിയിലായിരുന്നെങ്കില്‍ 2025 നവംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ തിരിച്ചുവരവിന്റെ സൂചന നല്‍കുന്നുണ്ട്. 2025 നവംബര്‍ മാസത്തെ വില്‍പ്പന റിപ്പോര്‍ട്ട് ഇപ്പോള്‍ റഷ്‌ലെയ്ന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് 2025 നവംബര്‍ മാസത്തില്‍ മാരുതി സുസുക്കി 10,600 ആള്‍ട്ടോ K10 കാറുകള്‍ വിറ്റഴിച്ചു.

എന്നാല്‍ 2024 നവംബറില്‍ ഇത് 7467 യൂണിറ്റ് മാത്രമായിരുന്നു. അതായത് 2024 നവംബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2025 നവംബറില്‍ 3,133 മാരുതി സുസുക്കി ആള്‍ട്ടോ K10 കാറുകള്‍ അധികം വില്‍ക്കാന്‍ സാധിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 41.96 ശതമാനം വളര്‍ച്ചയാണ് ആള്‍ട്ടോ നേടിയത്. നിലവില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മാരുതി കാറുകളുടെ പട്ടികയില്‍ ആള്‍ട്ടോ 11-ാം സ്ഥാനത്താണ്. വരും മാസങ്ങളിലും ഇതേ പ്രകടനം തുടരാന്‍ ആള്‍ട്ടോക്ക് സാധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
മാരുതി സുസുക്കി ആള്‍ട്ടോ K10 ഹാച്ചിന്റെ ഇന്ത്യന്‍ വിപണിയിലെ നിലവിലെ പ്രാരംഭ വില വെറും 3.70 ലക്ഷം രൂപ മാത്രമാണ്. അതിന്റെ ടോപ്പ് വേരിയന്റിന്റെ വിലയും വെറും 5.45 ലക്ഷം രൂപ മാത്രമാണ്. മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ സൂചിപ്പിച്ചിരിക്കുന്ന എക്‌സ്-ഷോറൂം വിലകളാണിവ.
സില്‍വര്‍, ഗ്രേ, റെഡ്, ബ്ലൂ, ഗോള്‍ഡ്, വൈറ്റ്, ബ്ലാക്ക് തുടങ്ങി വിവിധ കളര്‍ ഓപ്ഷനുകളിലും ഈ വാഹനം ലഭ്യമാണ്.

ഡിസൈന്‍ വശം നോക്കുമ്പോള്‍ ഹണികോമ്പ് ഗ്രില്ലും മറ്റ് ആകര്‍ഷകമായ സവിശേഷതകളും ആള്‍ട്ടോ K10-നെ വ്യത്യസ്തമാക്കുന്നു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മൗണ്ടഡ് കണ്‍ട്രോളുകളുള്ള മള്‍ട്ടിഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ റിമോട്ട് കീ ആക്‌സസ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎമ്മുകള്‍, നാല് ഡോറിലും പവര്‍ വിന്‍ഡോകള്‍ എന്നിവയടക്കം അത്യാവശ്യം വേണ്ട ഫീച്ചറുകളെല്ലാം കാറില്‍ മാരുതി സജ്ജീകരിച്ചിട്ടുണ്ട്.
മാരുതി സുസുക്കി ആള്‍ട്ടോ K10 ഹാച്ചില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 67 bhp പവറും 89 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ തെരഞ്ഞെടുക്കാം. 5 സ്പീഡ് മാനുവലിനൊപ്പം സിഎന്‍ജി പവര്‍ട്രെയിനും ലഭ്യമാണ്.

മികച്ച മൈലേജാണ് ആള്‍ട്ടോ K10 മോഡലിന്റെ എടുത്ത് പറയാവുന്ന മറ്റൊരു സവിശേഷത. സിഎന്‍ജി വേരിയന്റ് ഒരു കിലോയ്ക്ക് 33.40 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു. പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 24.90 കിലോമീറ്റര്‍ മൈലേജാണ് കമ്പനി പറയുന്നത്. ഉപയോക്താക്കളും ഈ മൈലേജ് സ്ഥിരീകരിക്കുന്നുണ്ട്.
6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്ന ഈ കുഞ്ഞന്‍ കാറിന്റെ എല്ലാ വേരിയന്റുകളിലും ഇലക്ട്രാണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ESP) ലഭ്യമാണ്. വളരെ താങ്ങാവുന്ന വിലയില്‍ കുറഞ്ഞ അറ്റകുറ്റപ്പണികളും ഉയര്‍ന്ന ഇന്ധനക്ഷമതയും വിശ്വസനീയമായ ബ്രാന്‍ഡ് മൂല്യവും ആഗ്രഹിക്കുന്നവര്‍ക്ക് ആള്‍ട്ടോ K10 ഒരു മികച്ച ചോയ്സാണ്. നഗരത്തിലെ തിരക്കുകളിലും ചെറിയ റോഡുകളിലും എളുപ്പത്തില്‍ ഓടിക്കാന്‍ കഴിയുന്ന ഒതുക്കമുള്ള കാര്‍ തേടുന്നവര്‍ക്ക് ഇത് ഉറപ്പായും പരിഗണിക്കാം.


Click it and Unblock the Notifications








