34Km മൈലേജുള്ള കാറിന്റെ വില 3.70 ലക്ഷം മാത്രം! ഡ്രൈവിംഗ് പഠിക്കാന്‍ ഇനി പുതിയ കാര്‍ തന്നെ വാങ്ങാം
ഇന്ത്യക്കാര്‍ക്കുള്ള ദീപാവലി സമ്മാനമായി നൂറിലേറെ ഉല്‍പ്പന്നങ്ങളുടെ ചരക്ക് സേവന നികുതി കുറയ്ക്കാന്‍ പോകുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ന്യൂഡല്‍ഹിയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഇത് അംഗീകരിക്കുകയും ചെയ്തു. പുതിയ ജിഎസ്ടി നിരക്കുകള്‍ സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍ ജിഎസ്ടി നിരക്കുകള്‍കുറച്ചതിനാല്‍ വിവിധ വസ്തുക്കളുടെ വിലയില്‍ കുറവുണ്ടാകും. ഇതില്‍ കാറുകളുടെ വിലയും ഉള്‍പ്പെടുന്നു. ജിഎസ്ടി നികുതി ഇളവ് പ്രാബല്യത്തില്‍ വരാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ കാറുകളുടെ വില എത്രത്തോളം കുറയ്ക്കുമെന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് വാഹന നിര്‍മാതാക്കള്‍.
രാജ്യത്തെ ഒന്നാം നമ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയും തങ്ങളുടെ കാറുകളുടെ വില എത്രയാണ് കുറയ്ക്കാന്‍ പോകുന്നതെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മാരുതി സുസുക്കിയുകെ ഏറ്റവും ജനപ്രിയമായ എന്‍ട്രി ലെവല്‍ കാറുകളുടെ വിലക്കുറവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അവര്‍ പുറത്തുവിട്ടിട്ടുണ്ട്. ഈ ലേഖനത്തില്‍ മാരുതി സുസുക്കി ആള്‍ട്ടോ K10 ഹാച്ച്ബാക്കിന്റെ വില എത്രത്തോളം കുറയുമെന്ന് നമുക്ക് നോക്കാം.

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ആള്‍ട്ടോ K10 ഹാച്ച്ബാക്കിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന്റെ വില വെറും 4.23 ലക്ഷം രൂപയാണ്. എന്നാല്‍ ഗാഡിവാഡി വെബ്സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം മാരുതി സുസുക്കി ആള്‍ട്ടോ K10 ഹാച്ചിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന്റെ വില ഇനി വെറും 3.70 ലക്ഷം രൂപയായിരിക്കും. അതായത്, മാരുതി സുസുക്കി ആള്‍ട്ടോ K10 കാറിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന്റെ വില 53,000 രൂപ കുറയും.
നിലവില്‍, മാരുതി സുസുക്കി ആള്‍ട്ടോ K10 ന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന്റെ വില എത്രത്തോളം കുറയുമെന്ന് മാത്രമാണ് ഞങ്ങളുടെ കൈവശമുള്ള ഔദ്യോഗിക വിവരം. ഈ കാറിന്റെ ശേഷിക്കുന്ന വേരിയന്റുകളുടെ പുതിയ ഔദ്യോഗിക വില പട്ടിക ഇതുവരെ ലഭ്യമല്ല. എന്നിരുന്നാലും, മാരുതി സുസുക്കി ആള്‍ട്ടോ K10 ന്റെ വില പരമാവധി 1,07,600 രൂപ വരെ കുറച്ചതായി ഗഡിവാഡി വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനാല്‍, മറ്റ് വേരിയന്റുകളുടെ വിലയും ഗണ്യമായി കുറയുമെന്ന് നമുക്ക് ഉറപ്പിക്കാം. നിലവില്‍, ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ആള്‍ട്ടോ K10 ന്റെ ടോപ്പ് വേരിയന്റിന്റെ വില 6.21 ലക്ഷം രൂപയാണ്. ഈ വേരിയന്റിന്റെ വില 1,07,600 രൂപ വരെ കുറയാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും, ഇത് സ്ഥിരീകരിക്കുന്നതിനായി വേരിയന്റ് തിരിച്ചുള്ള വില വിവര പട്ടിക കമ്പനി പൂര്‍ണമായി പുറത്ത് വിടുന്നത് വരെ നമ്മള്‍ കാത്തിരിക്കേണ്ടി വരും.
മാരുതി സുസുക്കി ആള്‍ട്ടോയെ കുറിച്ച് പറയുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ മോഡല്‍ ആണ്. മാരുതി സുസുക്കി ആള്‍ട്ടോ K10 വളരെ താങ്ങാനാവുന്ന വിലയില്‍ ലഭിക്കുന്ന കാറാണ്. മാത്രമല്ല ഇത് ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്നു. മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ആള്‍ട്ടോ K10 -ന്റെ സിഎന്‍ജി വേരിയന്റുകള്‍ കിലോഗ്രാമിന് 33.40 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

സാധാരണയായി ആദ്യമായി കാര്‍ വാങ്ങുന്നവര്‍ യൂസ്ഡ് കാറുകള്‍ക്ക് പിറകെയാണ് പോകുക. എന്നാല്‍ ജിഎസ്ടി കട്ടിന്റെ ഫലമായി ഗണ്യമായ വിലക്കുറവില്‍ ലഭ്യമാകുന്നതിനാല്‍ ഈ ഉത്സവ സീസണില്‍ ഇന്ത്യയിലെ ഇടത്തരക്കാരായ ആളുകള്‍ പുതിയ മാരുതി സുസുക്കി ആള്‍ട്ടോ K10 വാങ്ങുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. കുറഞ്ഞ വിലയും മൈലേജും മാത്രമല്ല അത്യാവശ്യം ഒരു കാറില്‍ വേണ്ട എല്ലാ ഫീച്ചറുകളും ആള്‍ട്ടോയില്‍ ലഭ്യമാണ്.
ഹാര്‍ട്ട്ടെക്ട് പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ആള്‍ട്ടോ K10-ല്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മൗണ്ടഡ് കണ്‍ട്രോളുകളുള്ള മള്‍ട്ടിഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ റിമോട്ട് കീ ആക്‌സസ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎമ്മുകള്‍, നാല് ഡോറിലും പവര്‍ വിന്‍ഡോകള്‍ എന്നിവയടക്കം അത്യാവശ്യം വേണ്ട ഫീച്ചറുകളെല്ലാം കാറില്‍ മാരുതി സജ്ജീകരിച്ചിട്ടുണ്ട്.
6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്ന ഈ കുഞ്ഞന്‍ കാറിന്റെ എല്ലാ വേരിയന്റുകളിലും ഇലക്ട്രാണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ESP) ലഭ്യമാണ്. മാരുതി സുസുക്കി ആള്‍ട്ടോ K10 ഹാച്ചില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 67 bhp പവറും 89 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍.

5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ തെരഞ്ഞെടുക്കാം. 5 സ്പീഡ് മാനുവലിനൊപ്പം സിഎന്‍ജി പവര്‍ട്രെയിനും ലഭ്യമാണ്. മികച്ച മൈലേജാണ് ആള്‍ട്ടോ K10 മോഡലിന്റെ എടുത്ത് പറയാവുന്ന മറ്റൊരു സവിശേഷത. സിഎന്‍ജി വേരിയന്റ് ഒരു കിലോയ്ക്ക് 33.40 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു.
പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 24.90 കിലോമീറ്റര്‍ മൈലേജാണ് കമ്പനി പറയുന്നത്. ഉപയോക്താക്കളും ഈ മൈലേജ് സ്ഥിരീകരിക്കുന്നുണ്ട്. മാരുതി സുസുക്കി ആള്‍ട്ടോ K10 ന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് അതിന്റെ വിലക്കുറവാണ്. 4 ലക്ഷത്തില്‍ താഴെ വിലയില്‍ ലഭ്യമാകുന്നതിനാല്‍ വരും മാസങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ആള്‍ട്ടോ K10 ഹാച്ചിന്റെ വില്‍പ്പന കൂടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.


Click it and Unblock the Notifications








