34Km മൈലേജുള്ള കാറിന് 6 എയര്‍ബാഗും! 4.23 ലക്ഷത്തിന് വിറ്റിട്ടും ഇന്ത്യക്കാര്‍ക്ക് വാങ്ങാന്‍ മടി
മാരുതി സുസുക്കി നിലവില്‍ കാറുകളുടെ സുരക്ഷയ്ക്ക് നല്ല പ്രാധാന്യം കൊടുക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം പുറത്തു വന്ന ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാമിന്റെ (BNCAP) ക്രാഷ് ടെസ്റ്റ് ഫലങ്ങളില്‍ മാരുതിയുടെ രണ്ട് മോഡലുകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. നാലാം തലമുറ ഡിസയര്‍ സെഡാന്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയപ്പോള്‍ ബലേനോ 4 സ്റ്റാര്‍ നേടി. ഇതില്‍ ബലേനോയില്‍ ഇനിയും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കേണ്ടതായുണ്ട്. നിലവില്‍ മാരുതി തങ്ങളുടെ അരീന ചാനല്‍ വഴി വില്‍ക്കുന്ന കാറുകളുടെ ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകളുടെ സുരക്ഷ വാഗ്ദാനം ചെയ്യുന്നു.
ഇതില്‍ കമ്പനിയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡല്‍ ആയ ആള്‍ട്ടോ K10 (Maruti Alto K10) ഉള്‍പ്പെടുന്നു. നിലവില്‍ വെറും 4.23 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ഈ ഹാച്ച്ബാക്ക് കാര്‍ ലഭ്യമാണ്. ഈ കാറിന്റെ ടോപ് വേരിയന്റ് സ്വന്തമാക്കാന്‍ വെറും 6.21 ലക്ഷം രൂപ മുടക്കിയാല്‍ മതി. എക്‌സ്-ഷോറൂം വിലകള്‍ ആണിത്. കുറഞ്ഞ വിലയില്‍ 6 എയര്‍ബാഗുകളുടെ പരിരക്ഷ കിട്ടുമെന്ന് മാത്രമല്ല മികച്ച മൈലേജും ഈ കാറിന്റെ പ്രത്യേകതയാണ്.

ആള്‍ട്ടോ K10 ഹാച്ച്ബാക്ക് പെട്രോള്‍, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളിലും മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും വാഗ്ദാനം ചെയ്യുന്നു. 5,500 ആര്‍പിഎമ്മില്‍ 66.62 bhp പവറും 3,500 ആര്‍പിഎമ്മില്‍ 89 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍ K10C ത്രീ-സിലിണ്ടര്‍ ഡ്യുവല്‍ ജെറ്റ് ഡ്യുവല്‍ VVT പെട്രോള്‍ എഞ്ചിനാണ് കുഞ്ഞന്‍ കാറിന്റെ ഹൃദയം.
ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. സിഎന്‍ജി പതിപ്പുകളുടെ പവര്‍ ഔട്ട്പുട്ട് അല്‍പ്പം കുറയുമെങ്കിലും കൊതിപ്പിക്കുന്ന മൈലേജ് കിട്ടും. ആള്‍ട്ടോ സിഎന്‍ജി പതിപ്പിന്റെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 34.90 കിലോമീറ്ററാണ്. പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 24.90 കിലോമീറ്റര്‍ മൈലേജാണ് കമ്പനി പറയുന്നത്.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മൗണ്ടഡ് കണ്‍ട്രോളുകളുള്ള മള്‍ട്ടിഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ റിമോട്ട് കീ ആക്സസ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎമ്മുകള്‍, നാല് ഡോറിലും പവര്‍ വിന്‍ഡോകള്‍ എന്നിവയടക്കം അത്യാവശ്യം വേണ്ട ഫീച്ചറുകളെല്ലാം കാറില്‍ മാരുതി സജ്ജീകരിച്ചിട്ടുണ്ട്.
കുറഞ്ഞ വിലയ്ക്ക് ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന കാര്‍ തിരയുന്ന ഉപഭോക്താക്കള്‍ക്ക് മാരുതി സുസുക്കി ആള്‍ട്ടോ K10 മികച്ച ഓപ്ഷനാണ്. എന്നാല്‍ 6 എയര്‍ബാഗുകള്‍ ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്തിട്ടും ആള്‍ട്ടോ K10-ന്റെ വില്‍പ്പന താഴേക്കാണ്. 2025 മെയ് മാസത്തില്‍ മാരുതി സുസുക്കി ആള്‍ട്ടോ K10 ഹാച്ചിന്റെ വില്‍പ്പനയില്‍ കുത്തനെ ഇടിവ് സംഭവിച്ചു. 2025 മെയ് മാസത്തില്‍ മാരുതി സുസുക്കി ആള്‍ട്ടോ K10 കാറിന്റെ വില്‍പ്പന 4970 യൂണിറ്റ് ആയിരുന്നു.

ഒരു വര്‍ഷം മുമ്പ് അതായത് 2024 മെയ് മാസത്തില്‍ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കിന് 7,675 പുതിയ ഉപഭോക്താക്കളെ ലഭിച്ചിരുന്നു. 35 ശതമാനമാണ് വാര്‍ഷിക വില്‍പ്പന ഇടിവ് രേഖപ്പെടുത്തിയത്. തൊട്ടുമുമ്പത്തെ 2025 ഏപ്രില്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ പോലും മാരുതി ആള്‍ട്ടോ K10 ന്റെ വില്‍പ്പനയില്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. 2025 ഏപ്രിലില്‍ 5,606 മാരുതി സുസുക്കി ആള്‍ട്ടോ K10 കാറുകള്‍ വിറ്റിരുന്നു. ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് വില്‍പ്പന 11.34 ശതമാനം കുറഞ്ഞിട്ടുണ്ട്.
ഇത്രയും കുറഞ്ഞ വിലയും മികച്ച മൈലേജും 6 എയര്‍ബാഗുകളും ഉണ്ടായിട്ടും ഈ കാറിന്റെ വില്‍പ്പന കുറയാനുള്ള കാരണം ഇന്ത്യക്കാരുടെ ഉപഭോക്തൃ മുന്‍ഗണനകളിലെ മാറ്റങ്ങളാണ്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഇപ്പോള്‍ കുറഞ്ഞ വിലയുള്ള ചെറുകാറുകള്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നില്ല എന്ന് വിപണി നിരീക്ഷിക്കുമ്പോള്‍ മനസ്സിലാകും. ഹാച്ച്ബാക്കിന്റെ അതേവിലയില്‍ അല്ലെങ്കില്‍ കുറച്ച് പൈസ കൂടി ചേര്‍ത്താല്‍ സ്‌റ്റൈലിഷും ഇന്ധനക്ഷമതയുള്ളതും ഫീച്ചര്‍ റിച്ചുമായ ചെറു എസ്‌യുവികള്‍ കിട്ടും. ഈ സാഹചര്യത്തിലാണ് ഇന്ത്യക്കാര്‍ ചെറുകാറുകളെ ഗൗനിക്കാത്തതെന്നാണ് തോന്നുന്നത്.


Click it and Unblock the Notifications








