3 മാസത്തിനിടെ 3-ാമതും വിലകൂട്ടി! മാരുതിയുടേത് നിവൃത്തികേടോ അതോ അഹങ്കാരമോ?
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ മാരുതി സുസുക്കിയാണെന്ന് ഈ രാജ്യത്തെ ചെറിയ കുട്ടികള്‍ക്ക് വരെ അറിയാം. ഓരോ മാസവും പതിനായിരക്കണക്കിന് കാറുകളാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ വിറ്റഴിക്കുന്നത്. 2025 ഫെബ്രുവരിയില്‍ മൊത്തം 1,99,400 യൂണിറ്റുകളാണ് വിറ്റത്. 2024 ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ (1,97,471 യൂണിറ്റുകള്‍) 0.97 ശതമാനത്തിന്റെ നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര വിപണിയില്‍ കമ്പനി 1,63,501 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ടൊയോട്ടക്ക് 10,878 കാറുകള്‍ നല്‍കുകയും 25,021 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു. സ്ഥിരമായി മികച്ച വില്‍പ്പന നിലനിര്‍ത്താന്‍ സാധിച്ചിട്ടും അതൊന്നും പോരെന്ന നിലപാടിലാണ് കമ്പനി ഇപ്പോള്‍.
പ്രവര്‍ത്തനച്ചെലവുകള്‍ കൂടുന്നത് കാരണം ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് തങ്ങളുടെ മോഡല്‍ നിരയില്‍ വില വര്‍ധനവ് നടപ്പാക്കിയത്. ഇപ്പോള്‍ 2025 ഏപ്രില്‍ മുതല്‍ തങ്ങളുടെ കാറുകളുടെ വില 4 ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ജനുവരി, ഫെബ്രുവരി മാസങ്ങള്‍ക്ക് ശേഷം ഇത് മൂന്നാം തവണയാണ് കമ്പനി വില വര്‍ധനവ് പ്രഖ്യാപിക്കുന്നത്.

ജനുവരിയില്‍ മാരുതി കാറുകളുടെ വില 4 ശതമാനം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനം 2024 ഡിസംബറിലായിരുന്നു. ഫെബ്രുവരിയിലും തങ്ങളുടെ കാറുകള്‍ക്ക് 1 ശതമാനം മുതല്‍ 4 ശതമാനം വരെ വില കൂട്ടി. തിങ്കളാഴ്ച റെഗുലേറ്ററി ഫയലിംഗിലാണ് ഏപ്രിലില്‍ തങ്ങളുടെ കാറുകള്‍ക്ക് വില കൂടുമെന്ന് മാരുതി അറിയിച്ചത്. ഈ വാര്‍ത്തയ്ക്ക് പിന്നാലെ കമ്പനിയുടെ ഓഹരികള്‍ ഏകദേശം 2% ഉയര്‍ന്നു.
ഇന്‍പുട്ട് ചെലവുകളും പ്രവര്‍ത്തന ചെലവുകളും വര്‍ദ്ധിച്ചതിനാലാണ് കമ്പനിക്ക് ഈ തീരുമാനം എടുക്കേണ്ടി വന്നതെന്ന് മാരുതി സുസുക്കി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു. ഉപഭോക്താക്കളില്‍ ഉണ്ടാകുന്ന ആഘാതം കുറയ്ക്കാന്‍ കമ്പനി നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും വര്‍ദ്ധിച്ച ചെലവിന്റെ ഒരു ഭാഗം ഉപഭോക്താക്കള്‍ക്ക് കൈമാറേണ്ടത് ആവശ്യമായി വന്നിരിക്കുന്നുവെന്നാണ് കമ്പനി പറയുന്നത്.

വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളും പ്രവര്‍ത്തന ചെലവുകളും കണക്കിലെടുത്ത് 2025 ഏപ്രില്‍ മുതല്‍ കമ്പനി വില വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച മാരുതി സുസുക്കി ഓരോ മോഡലിനും വില വര്‍ധനവ് വ്യത്യസ്തമായായിരിക്കും നടപ്പാക്കുക. ഏത് മോഡലിന് എത്ര വില വര്‍ധനവ് ഉണ്ടാകുമെന്ന് മാരുതി സുസുക്കി വെളിപ്പെടുത്തിയിട്ടില്ല.
ഫെബ്രുവരിയില്‍ മാരുതി സുസുക്കി വ്യത്യസ്ത മോഡലുകളെ ആശ്രയിച്ച് 1,500 മുതല്‍ 32,500 വരെയാണ് വില കൂട്ടിയത്. ഇത്തവണയും, ആഗോളതലത്തില്‍ സാധനങ്ങളുടെ വിലക്കയറ്റം, അസംസ്‌കൃത വസ്തുക്കള്‍ ഉയര്‍ന്ന ഇറക്കുമതി തീരുവ, വിതരണ ശൃംഖലയിലെ തടസങ്ങള്‍ തുടങ്ങിയ കാരണങ്ങളാണ് കമ്പനി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മാരുതി നിലവില്‍ ഇന്ത്യയില്‍ പെട്രോള്‍, സിഎന്‍ജി പവര്‍ട്രെയിനുകളിലായി ഒന്നര ഡസനിലേറെ കാറുകള്‍ പുറത്തിറക്കുന്നു.
മാരുതി നിലവില്‍ ആള്‍ട്ടോ K10, എസ്-പ്രെസ്സോ, , ഇക്കോ, സെലേറിയോ, വാഗണ്‍ ആര്‍, , ഇഗ്‌നിസ്, സ്വിഫ്റ്റ്, ബലേനോ , ഡിസയര്‍, ഫ്രോങ്ക്‌സ്, ബ്രെസ, എര്‍ട്ടിഗ, സിയാസ്, ഗ്രാന്‍ഡ് വിറ്റാര, XL6, ജിംനി, ഇന്‍വിക്‌റ്റോ തുടങ്ങിയ മോഡലുകളാണ് പുറത്തിറക്കുന്നത്. നിങ്ങള്‍ ഒരു മാരുതി സുസുക്കി കാര്‍ വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍ 2025 ഏപ്രിലിന് മുമ്പ് അത് വാങ്ങുന്നത് ഗുണം ചെയ്യും. 4% വരെയാണ് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ കൂടാന്‍ പോകുന്നത്.
ഉപഭോക്താക്കള്‍ക്ക് മൂല്യാധിഷ്ഠിത മൊബിലിറ്റി സെല്യൂഷനുകള്‍ നല്‍കുന്നതില്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാണ് വില വര്‍ധനവവ് പ്രഖ്യാപന വേളയില്‍ മാരുതി പറയുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ എന്നിവയുമായി പൊരുതുന്ന മറ്റ് ഓട്ടോമോട്ടീവ് നിര്‍മ്മാതാക്കളില്‍ നിന്നുള്ള ചിലപ്പോള്‍ സമാനമായ പ്രഖ്യാപനങ്ങള്‍ വരുംദിവസങ്ങളില്‍ വന്നേക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








