വിലയിലും 'വെന്നിക്കൊടി' പാറിച്ച് വിക്ടോറിസ്; ബേസ് മോഡലിൻ്റെ വില 10.50 ലക്ഷം മുതൽ
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് മാരുതി സുസുക്കി തങ്ങളുടെ വിക്ടോറിസിൻ്റെ വില പ്രഖ്യാപിച്ചിരിക്കുകയാണ്. ഭാരത് എൻക്യാപ്പിലും ഗ്ലോബൽ എൻക്യാപിലും മോഡൽ ഫൈവ് സ്റ്റാർ നേടിയതിന് പിന്നാലെയാണ് കമ്പനി തങ്ങളുടെ പുത്തൻ മോഡലിൻ്റെ വില പുറത്ത് വിട്ടിരിക്കുന്നത്. 10.50 ലക്ഷം രൂപ പ്രാരംഭ വിലയിൽ നിങ്ങൾക്ക് വിക്ടോറിസ് സ്വന്തമാക്കാം. FWD, 4WD കോൺഫിഗറേഷനുകളിലുടനീളം 8 വേരിയൻ്റുകളിൽ മാരുതി വിക്ടോറിസ് (Maruti Suzuki Victoris) സ്വന്തമാക്കാൻ സാധിക്കുന്നതാണ്. LXi, VXi, ZXi, ZXi (O), ZXi+, ZXi+ (O), ZXi+ 4WD, ZXi+(O) 4WD എന്നിവയായിരിക്കും മാരുതി സുസുക്കിയുടെ പുത്തൻ എസ്‌യുവിയിലെ ആ വേരിയന്റുകൾ.
LXi വേരിയൻ്റ് മാനുവൽ ട്രാൻസ്മിഷൻ മോഡലിൻ്റെ എക്സ്ഷോറൂം വില 10.50 ലക്ഷം രൂപയാണ്.1.5 ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ മോഡലായ ടോപ്പ് എൻഡ് വേരിയൻ്റ് ZXi+ ന് 17.70 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി വരുന്നത്. ഇനി ഓൾവീൽഡ്രൈവ് അല്ലെങ്കിൽ സിഎൻജി വേരിയൻ്റിലേക്ക് നോക്കിയാൽ 14.57 ലക്ഷം രൂപ മുതൽ 18.64 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

ഇനി എല്ലാവർക്കും അറിയേണ്ടത് സ്ട്രോങ്ങ് ഹൈബ്രിഡ് വേരിയൻ്റിൻ്റെ വിലയായിരിക്കുമല്ലോ. 16.38 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. എന്തായാലും വിലയുടെ കാര്യത്തിൽ മാരുതി സുസുക്കി വളരെ ശ്രദ്ധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ എതിരാളികൾ നല്ല രീതിയിൽ തന്നെ വിയർക്കേണ്ടി വരും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
വരാനിരിക്കുന്ന മാരുതി സുസുക്കി ഇ വിറ്റാര ഇലക്ട്രിക് എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു പുതിയ ഡിസൈൻ ശൈലിയാണ് വിക്ടോറിസ് സ്വീകരിച്ചിരിക്കുന്നത്. മുൻവശത്ത് ക്രോം സ്ട്രിപ്പുള്ള സ്ലിം ഗ്രിൽ കവർ, കട്ടിയുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ്, സിൽവർ സ്കിഡ് പ്ലേറ്റ്, എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയാണ് എക്സ്റ്റീരിയറിൽ വിക്ടോറിസിനെ വേറിട്ടുനിർത്തുന്നത്. വശക്കാഴ്ച്ചയിൽ എസ്‌യുവിയുടെ 18 ഇഞ്ച് അലോയ് വീലുകൾ തന്നെയാണ് വാഹനത്തിൻ്റെ ലുക്ക് വർധിപ്പിക്കുന്നത്.

അതോടൊപ്പം കറുപ്പിൽ ഒരുക്കിയിരിക്കുന്ന പില്ലറുകൾ, സിൽവർ റൂഫ് റെയിലുകൾ, ചതുരാകൃതിയിലുള്ള ബോഡി ക്ലാഡിംഗ് എന്നിവയും വശങ്ങളെ മനോഹരമാക്കുന്നുണ്ട്. പിന്നിലേക്ക് വന്നാൽ ഒരു സെഗ്‌മെന്റഡ് എൽഇഡി ലൈറ്റ് ബാറും 'വിക്ടോറിസ്' ലെറ്ററിംഗുമാണ് എസ്‌യുവിയെ കിടിലമാക്കാനായി എത്തിയിരിക്കുന്നത്. മൊത്തത്തിൽ 10 കളർ ഓപ്ഷനുകളിൽ പുതിയ എസ്‌യുവി സ്വന്തമാക്കാം.
ആർട്ടിക് വൈറ്റ്, സ്പ്ലെൻഡിഡ് സിൽവർ, എറ്റേണൽ ബ്ലൂ, സിസ്ലിംഗ് റെഡ്, ബ്ലൂയിഷ് ബ്ലാക്ക്, മാഗ്മ ഗ്രേ, മിസ്റ്റിക് ഗ്രീൻ, ബ്ലാക്ക് റൂഫുള്ള സ്പ്ലെൻഡിഡ് സിൽവർ, ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, ബ്ലാക്ക് റൂഫുള്ള എറ്റേണൽ ബ്ലൂ എന്നിവയാണ് വാഹനത്തിലെ കളർ ഓപ്ഷനുകൾ. ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കിയുള്ള ഈ എസ്‌യുവി ഗ്രാൻഡ് വിറ്റാരയേക്കാൾ വലുപ്പത്തിൽ വലുതാണ്. അതോടൊപ്പം ഗ്രാൻഡ് വിറ്റാരയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് വിക്ടോറിസിന്റെ ഉൾഭാഗം.
1.5 ലിറ്റർ, 4 സിലിണ്ടർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 ലിറ്റർ, 3 സിലിണ്ടർ സ്ട്രോങ്ങ് ഹൈബ്രിഡ്, 1.5 ലിറ്റർ പെട്രോൾ-സിഎൻജി ഓപ്ഷൻ എന്നിങ്ങനെ മൂന്ന് എഞ്ചിനുകളിൽ വിക്ടോറിസ് വാങ്ങാനാവും.മാരുതി സുസുക്കി സിഎൻജി ടാങ്ക് അണ്ടർബോഡിയിലേക്ക് മാറ്റിയിട്ടുണ്ട്. ആയതിനാൽ ബൂട്ട് സ്പേസ് കൂടുതൽ സ്വതന്ത്രമാക്കാനായിട്ടുണ്ട്. പെട്രോൾ എഞ്ചിന് 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോ, സ്ട്രോംഗ് ഹൈബ്രിഡിന് ഇ-സിവിടി, സിഎൻജി വേരിയന്റുകൾക്ക് 5-സ്പീഡ് മാനുവൽ എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനുകൾ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








