ബലം 'നോ' എന്ന് കളിയാക്കിയവരെ ഇങ്ങ് വിളിക്ക്! ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ ബലേനോക്ക് 4 സ്റ്റാര്‍
ഇന്ത്യയിലെ നമ്പര്‍ 1 കാര്‍ കമ്പനിയാണ് മാരുതി സുസുക്കി. മാസം 2 ലക്ഷത്തിനടുത്ത് കാറുകളാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ വില്‍ക്കുന്നത്. രാജ്യത്തെ സാധാരണക്കാര്‍ മുന്‍കാലങ്ങളില്‍ ബജറ്റിനും മൈലേജിനും മാത്രമാണ് പ്രാധാന്യം കൊടുത്തിരുന്നതെങ്കില്‍ ഇന്ന് സേഫ്റ്റി ഏറ്റവും വലിയ ഉപഭോക്തൃ മുന്‍ഗണനകളില്‍ ഒന്നാണ്. കേന്ദ്ര സര്‍ക്കാര്‍ റോഡ് സേഫ്റ്റിക്ക് പ്രാധാന്യം കൊടുക്കുന്നതിനാലാണ് 2023-ല്‍ ഭാരത് ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാമിന് (BNCAP) തുടക്കമിട്ടത്. ഇപ്പോള്‍ രാജ്യത്തെ ഒരു ജനപ്രിയ കാര്‍ മോഡലിന്റെ ഭാരത് NCAP ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അത് വിശദമായി പരിശോധിക്കാം.
മാരുതി സുസുക്കിയുടെ ബെസ്റ്റ് സെല്ലര്‍ മോഡലുകളില്‍ ഒന്നാണ് ബലേനോ. ഇത് ഒരു പ്രീമിയം ഹാച്ച്ബാക്കാണ്. ശരാശരി 10,000 മുതല്‍ 15,000 വരെ ബലേനോ കാറുകള്‍ എല്ലാ മാസവും വില്‍ക്കപ്പെടുന്നു. ഈ ഒരു കാറിന്റെ വില, മൈലേജ്, ഫീച്ചര്‍ എന്നിവയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും നല്ല അഭിപ്രായമാണ്. എന്നാല്‍ സേഫ്റ്റി കുറവാണെന്ന കാരണം പറഞ്ഞ് ബലേനോയെ 'ബലം' 'നോ' എന്ന് കളിയാക്കുന്നവര്‍ ഉണ്ട്.

അവരെല്ലാം ഇപ്പോള്‍ പുറത്തുവന്ന ന്യൂ ഏജ് ബലേനോയുടെ ഭാരത് NCAP ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ കാണണം. 2023 അവസാനത്തോടെ അവതരിപ്പിച്ചതിനുശേഷം ഇന്ത്യന്‍ വിപണിയില്‍ ജനപ്രിയമായ നിരവധി കാറുകള്‍ ഭാരത് NCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിട്ടുണ്ട്. ബുധനാഴ്ച ഭാരത് NCAP രണ്ട് മാരുതി സുസുക്കി കാറുകളുടെ ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ രണ്ട് മാരുതി കാറുകളില്‍ ഡിസയര്‍ കോംപാക്ട് സെഡാന്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടി.
ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് ഞങ്ങള്‍ മറ്റൊരു ലേഖനമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവിടെ നമുക്ക് ബലേനോയ്ക്ക് ലഭിച്ച ക്രാഷ് ടെസ്റ്റ് സ്‌കോറുകള്‍ പരിശോധിക്കാം.നിലവില്‍ വില്‍പ്പനയിലുള്ള ബലേനോ കാറിന് ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5-ല്‍ 4-സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചു. മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ ഹാച്ച്ബാക്കിന് 4 സ്റ്റാറും കുട്ടികളുടെ സംരക്ഷണത്തില്‍ 3 സ്റ്റാറും ലഭിച്ചു. എന്നിരുന്നാലും, മുതിര്‍ന്നവരുടെ സേഫ്റ്റി റേറ്റിംഗ് ഏറ്റവും പ്രധാനപ്പെട്ടതിനാല്‍ ബലേനോയെ 4-സ്റ്റാര്‍ റേറ്റഡ് കാറായി പ്രഖ്യാപിച്ചു.

വേരിയന്റുകളെ ആശ്രയിച്ച് ബലേനോ കാറിന് ലഭിച്ച സ്‌കോറുകള്‍ അല്‍പ്പം വ്യത്യാസപ്പെടുന്നു. പ്രീമിയം ഹാച്ച്ബാക്കിന്റെ വിലയേറിയ സീറ്റ, ആല്‍ഫ വകഭേദങ്ങള്‍ മുതിര്‍ന്നവര്‍ക്ക് അധിക സംരക്ഷണം നല്‍കുന്നതായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ വിലയേറിയ മുന്‍നിര വകഭേദങ്ങള്‍ മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ 32-ല്‍ 26.52 പോയിന്റുകള്‍ നേടിയിട്ടുണ്ട്. അതുപോലെ, ബലേനോയുടെ വിലകുറഞ്ഞ സിഗ്മ, ഡെല്‍റ്റ വകഭേദങ്ങള്‍ക്ക് മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ 32-ല്‍ 24.04 പോയിന്റുകള്‍ മാത്രമേ നേടാനായിട്ടുള്ളൂ.
ഈ വ്യത്യാസത്തിന് പ്രധാന കാരണം ബലേനോയുടെ ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രമാണ് 6 എയര്‍ബാഗുകള്‍ ലഭിക്കുന്നത് എന്നതാണ്. താഴ്ന്ന വേരിയന്റുകളില്‍ 2 എയര്‍ബാഗുകള്‍ മാത്രമേ ലഭിക്കുന്നുള്ളൂ. കുട്ടികളുടെ സുരക്ഷയില്‍ ബലേനോയുടെ എല്ലാ വേരിയന്റുകളും 49-ല്‍ 34.81 പോയിന്റുകള്‍ നേടിയിട്ടുണ്ട്. ഫ്രണ്ടല്‍ ഓഫ്സെറ്റ് ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റില്‍ രണ്ട് പതിപ്പുകള്‍ 16.00-ല്‍ 11.54 പോയിന്റ് നേടി, അതേസമയം സൈഡ് മൂവബിള്‍ ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റില്‍, റേറ്റിംഗുകള്‍ വ്യത്യസ്തമായിരുന്നു.

6 എയര്‍ബാഗുകള്‍ ഉള്ള പതിപ്പിന് ഇത് 12.50 പോയിന്റും 2 എയര്‍ബാഗുകള്‍ ഉള്ള പതിപ്പിന് 16.00 ല്‍ 14.99 പോയിന്റും ലഭിച്ചു. ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇഎസ്സി, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സിസ്റ്റം, സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനറുകള്‍, ലോഡ് ലിമിറ്ററുകള്‍, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് ആങ്കറേജ് പോയിന്റുകള്‍ എന്നിവ ബലേനോയിലെ സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റി ഫീച്ചറുകള്‍ ആണ്.
ഉയര്‍ന്ന വേരിയന്റുകളില്‍ നാല് അധിക എയര്‍ബാഗുകളുടെ രൂപത്തില്‍ കൂടുതല്‍ സുരക്ഷ ലഭിക്കുന്നതിനാലാണ് സ്‌കോര്‍ വ്യത്യാസപ്പെട്ടത്. നിലവില്‍ 6.70 ലക്ഷം മുതല്‍ 9.92 ലക്ഷം രൂപ വരെയാണ് മാരുതി ബലേനോയുടെ എക്‌സ്‌ഷോറൂം വില. ടാറ്റ ആള്‍ട്രോസ്, ഹ്യുണ്ടായി i20, ടൊയോട്ട ഗ്ലാന്‍സ എന്നിവയാണ് ബലേനോയുടെ എതിരാളികള്‍. ഇതില്‍ ആള്‍ട്രോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് അടുത്തിടെയാണ് വമ്പന്‍ അപ്‌ഡേറ്റുകളോടെ പുറത്തിറങ്ങിയത്. ആള്‍ട്രോസിന്റെ വെല്ലുവിളി നേരിടാന്‍ പുതിയ ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ മാരുതിക്ക് ഉയര്‍ത്തിക്കാട്ടാം.


Click it and Unblock the Notifications








