കൂടുന്നത് 32000 രൂപ വരെ! മാരുതി കാര്‍ വാങ്ങുന്നവർ ഇപ്പോള്‍ ഷോറൂമിലേക്ക് വിട്ടോ...
വര്‍ഷങ്ങള്‍ കുറേ ആയി ഇന്ത്യക്കാര്‍ പുതിയ കാര്‍ വാങ്ങുമ്പോള്‍ അവരുടെ മുന്നിലുള്ള ആദ്യത്തെ ചോയ്‌സ് മാരുതി സുസുക്കിയാണ്. പെട്രോള്‍, സിഎന്‍ജി പവര്‍ട്രെയിനുകളിലായി ഒന്നര ഡസനിലേറെ കാറുകളാണ് മാരുതി വിപണിയില്‍ എത്തിക്കുന്നത്. ഈ മാസം ഓട്ടോ എക്‌സ്‌പോയിലൂടെ ആദ്യത്തെ ഇലക്ട്രിക് കാറും മാരുതി അവതരിപ്പിച്ചു. വില പ്രഖ്യാപനത്തിന് മുമ്പേ തന്നെ ഇ-വിറ്റാര ഇലക്ട്രിക് എസ്‌യുവിയുടെ ബുക്കിംഗ് നിരവധി ഡീലര്‍ഷിപ്പുകള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ ഒരു മാരുതി പെട്രോള്‍ അല്ലെങ്കില്‍ സിഎന്‍ജി കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ആണെങ്കില്‍ ഇന്ന് തന്നെ വാങ്ങാന്‍ ശ്രമിക്കുക.
കാരണം 2025 ഫെബ്രുവരി 1 അതായത് നാളെ മുതല്‍ മാരുതി സുസുക്കി കാറുകള്‍ ചെലവേറിയതായിത്തീരും. 2025 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് കമ്പനി 2024 ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും കമ്പനി ഔദ്യോഗികമായ വില വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ് തങ്ങളുടെ മോഡല്‍ നിരയിലുടനീളം വില വര്‍ധനവ് നടപ്പാക്കാന്‍ പോകുകയാണെന്ന് കമ്പനി അറിയിച്ചത്.

പണപ്പെരുപ്പവും ഇന്‍പുട് ചെലവുകളും വര്‍ധിച്ചത് കാരണം അതിന്റെ ആഘാതത്തിന്റെ ഒരു പങ്ക് ഉപഭോക്താക്കള്‍ക്ക് കൈമാറുകയല്ലാതെ നിര്‍വാഹമില്ലെന്നാണ് കമ്പനി അറിയിച്ചത്. നിലവില്‍ 3.99 ലക്ഷം രൂപ വില വരുന്ന എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ആള്‍ട്ടോ കെ-10 മുതല്‍ മുതല്‍ 28.92 ലക്ഷം രൂപ വിലയുള്ള ഇന്‍വിക്റ്റോ വരെയാണ് മാരുതിയുടെ പോര്‍ട്ഫോളിയോയില്‍ അണിനിരക്കുന്നത്.
വില വര്‍ധനവ് വരുത്തുന്ന മോഡലുകളില്‍ ആള്‍ട്ടോ കെ-10, എസ്-പ്രെസോ, സെലേറിയോ, വാഗണ്‍ ആര്‍, സ്വിഫ്റ്റ്, ഡിസയര്‍, ബ്രെസ, എര്‍ട്ടിഗ, ഈക്കോ, ഇഗ്‌നിസ്, ബലേനോ, സിയാസ്, XL6, ഫ്രോങ്ക്‌സ്, ഇന്‍വിക്‌റ്റോ, ജിംനി, ഗ്രാന്‍ഡ് വിറ്റാര എന്നിവ ഉള്‍പ്പെടുന്നു. വില വര്‍ധനവ് 1,500 മുതല്‍ 32,500 രൂപ വരെയാണ്.

ജിംനി, സിയാസ് എന്നിവയ്ക്കാണ് ഏറ്റവും കുറഞ്ഞ വര്‍ധനവ്. മാരുതി മോഡല്‍ നിരയില്‍ വില്‍പ്പന കുറഞ്ഞ പ്രീമിയം മോഡലുകള്‍ ആണ് ഇവ. 1500 രൂപ മാത്രമാണ് രണ്ട് കാറുകള്‍ക്കും കൂടുന്നത്. അതേസമയം സെലേറിയോ ഹാച്ച്ബാക്കിനാണ് എക്‌സ്-ഷോറൂം വിലയില്‍ ഏറ്റവും ഉയര്‍ന്ന കുതിപ്പ് അനുഭവപ്പെടുക. ഇതിന്റെ എക്സ്-ഷോറൂം വിലയില്‍ 32,500 രൂപ വരെ വര്‍ധനവുണ്ടാകും.
എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് കാറുകളായ ആള്‍ട്ടോ K-10ന് 19,500 രൂപ വരെയും എസ്-പ്രെസോയ്ക്ക് 5,000 രൂപ വരെയും വില ഉയരുമെന്ന് എക്സ്ചേഞ്ച് ഫയലിംഗില്‍ പറയുന്നു. കമ്പനിയുടെ ജനപ്രിയ മോഡലായ വാഗണ്‍-ആറിന് 15,000 രൂപ വരെയും സ്വിഫ്റ്റിന് 5,000 രൂപ വരെയുമാണ് കൂടുക. ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന ബ്രെസ, ഗ്രാന്‍ഡ് വിറ്റാര എസ്‌യുവികള്‍ക്ക് യഥാക്രമം 20000, 25000 രൂപ വരെയാണ് വില വര്‍ധിപ്പിക്കുന്നത്.

പ്രീമിയം ഹാച്ച്ബാക്കായ ബലേനോ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ ഇനി മുതല്‍ 9000 രൂപ വരെ അധികം മുടക്കാന്‍ തയാറാകണം. കോംപാക്റ്റ് എസ്‌യുവിയായ ഫ്രോങ്ക്‌സിന് 5,500 രൂപ വരെയും കോംപാക്റ്റ് സെഡാനായ ഡിസയറിന് 10,000 രൂപ വരെയുമാണ് വര്‍ധിക്കാന്‍ പോകുന്നത്. കോംപാക്ട് അര്‍ബന്‍ എസ്‌യുവി എന്ന് മാരുതി വിശേഷിപ്പിക്കുന്ന ഇഗ്നിസ് വാങ്ങുന്നവര്‍ ഇനി 6000 രൂപ വരെ അധികം മുടക്കേണ്ടതായി വരും.
എംപിവി മോഡലുകളായ എര്‍ട്ടിഗയ്ക്കും XL6-നും യഥാക്രമം 15000 മുതല്‍ 10000 രൂപ വരെയാണ് കൂടുക. ഇക്കോ വാനിനും 12000 രൂപ വരെ വര്‍ധിക്കുന്നുണ്ട്. കെമേഴ്ഷ്യല്‍ വാഹന വിഭാഗത്തിലെ സൂപ്പര്‍ ക്യാരി മിനി പിക്ക്-അപ്പ് ട്രക്കിന്റെ വിലയും കൂട്ടിയിട്ടുണ്ട്. 10000 രൂപ വരെയാണ് വാണിജ്യ വാഹനത്തിന് കൂടാന്‍ പോകുന്നത്. മാരുതി സുസുക്കിയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ ഇന്‍വിക്റ്റോ പ്രീമിയം എംപിവിക്ക് നാളെ മുതല്‍ 30,000 രൂപ വരെയാണ് ചെലവേറുന്നത്.
മുകളില്‍ സൂചിപ്പിച്ച മോഡലുകളില്‍ നിന്ന് ഏതെങ്കിലും ഒരു കാര്‍ ബുക്ക് ചെയ്യാന്‍ പദ്ധതിയിടുന്ന വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ നിലവിലെ വിലകള്‍ ലോക്ക് ചെയ്യുന്നതിന് ഇനിയുള്ള ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അവരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള മാരുതി സുസുക്കി അരീന, നെക്‌സ ഡീലര്‍ഷിപ്പുകളുമായി ബന്ധപ്പെടാന്‍ താല്‍പര്യപ്പെടുന്നു. ഉടന്‍ തന്നെ മാരുതി കാര്‍ വാങ്ങാന്‍ ഒരുങ്ങുന്ന സുഹൃത്തുക്കളോ ബന്ധുക്കളോ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ച് കൊടുക്കുമല്ലോ.


Click it and Unblock the Notifications








