ഷോറൂമില്‍ പോയി ഞെട്ടേണ്ട... ഈ മാരുതി കാറുകള്‍ നാളെ മുതല്‍ പഴയ വിലയില്‍ കിട്ടില്ല
ഇന്ത്യയിലെ നമ്പര്‍ 1 കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഏപ്രില്‍ എട്ടാം തീയതി മുതല്‍ ചില ജനപ്രിയ മോഡലുകളുടെ വില കൂട്ടാന്‍ പോകുകയാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാരുതി നെക്‌സ, അരീന ഡീലര്‍ഷിപ്പുകളിലൂടെ വില്‍ക്കുന്ന നിരവധി കാറുകളെ വില വര്‍ധനവ് ബാധിക്കും. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് കമ്പനി വില പരിഷ്‌കരിക്കുന്നത്. നേരത്തെ 2025 ജനുവരിയിലും ഫെബ്രുവരിയിലും കമ്പനി വില വര്‍ധിപ്പിച്ചിരുന്നു. വില വര്‍ധനവ് പ്രാബല്യത്തില്‍ വരാന്‍ ഇനി ഏതാനംും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കമ്പനിയുടെ ഈ തുരുമാനം ബാധിച്ച കാറുകള്‍ ഏതൊക്കെയാണെന്ന് വിശദമായി നോക്കാം.
ആദ്യം നമുക്ക് മാരുതി സുസുക്കി ഇപ്പോള്‍ കാറുകളുടെ വില പരിഷ്‌കരിക്കാന്‍ ഉണ്ടായ സാഹചര്യം പരിശോധിക്കാം. ഇന്‍പുട്ട് ചെലവ്, പ്രവര്‍ത്തന ചെലവുകള്‍ എന്നിവ വര്‍ധിച്ചതിനൊപ്പം ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകളും പണപ്പെരുപ്പവുമെല്ലാമാണ് വില വര്‍ധനവിന് കാരണമായി കമ്പനി ഉയര്‍ത്തിക്കാണിക്കുന്നത്. ചെലവുകള്‍ ഒപ്റ്റിമൈസ് ചെയ്യുന്നതിനും ആഘാതം കുറയ്ക്കുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെങ്കിലും, വര്‍ദ്ധിച്ച ചിലവുകള്‍ ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ കമ്പനി നിര്‍ബന്ധിതരായതായി മാരുതി റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി.

മാരുതി സുസുക്കി കാറുകളുടെ വില വര്‍ധനവ് വ്യത്യസ്ത മോഡലുകള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടുന്നു. 2,500 മുതല്‍ 62,500 വരെയാണ് ഇനി പറയാന്‍ പോകുന്ന മാരുതി കാറുകള്‍ക്ക് കൂടാന്‍ പോകുന്നത്. പ്രീമിയം ഹാച്ച്ബാക്കായ ബലേനോയെ അടിസ്ഥാനമാക്കിയുള്ള കോംപാക്റ്റ് എസ്‌യുവിയായ ഫ്രോങ്ക്‌സിനാണ് ഏറ്റവും കുറഞ്ഞ വില വര്‍ധനവ്. ജനപ്രിയ എസ്യുവി വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ ഇനി 2500 രൂപ കൂടി അധികം കരുതണം.
ഫ്‌ളീറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് വിതരണം ചെയ്യുന്ന ഡിസയര്‍ ടൂര്‍ എസിന് 3000 രൂപ കൂടും. മാരുതി സുസുക്കിയുടെ ജനപ്രിയ എംപിവി മോഡലുകളായ എര്‍ട്ടിഗ, XL6 എന്നിവയ്ക്ക് 12,500 രൂപയുടെ വര്‍ധനവുണ്ടാകും. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളില്‍ ഒന്നാണ് മാരുതി സുസുക്കി വാഗണ്‍ ആര്‍. മാര്‍ച്ച് 31 ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 198,451 യൂണിറ്റുകള്‍ വിറ്റഴിച്ചതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി ഇത് മാറി.

ഏപ്രില്‍ 8 മുതല്‍ ഈ ടോള്‍ബോയ് ഹാച്ച്ബാക്കിന്റെ വില 14,000 രൂപ വര്‍ധിക്കും. അതേസമയം മാരുതി സുസുക്കി ഈക്കോ വാനിന് 22,500 രൂപ കൂടും. മിഡ്‌സൈസ് എസ്‌യുവിയായ ഗ്രാന്‍ഡ് വിറ്റാരയ്ക്കാണ് ഏറ്റവും ഉയര്‍ന്ന വില വര്‍ധനവ് ലഭിച്ചിട്ടുള്ളത്. ഹ്യുണ്ടായി ക്രെറ്റ എതിരാളിക്ക് 62,000 രൂപ വരെയാണ് കൂടുക. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളില്‍ ഒന്നാണ് ഗ്രാന്‍ഡ് വിറ്റാര.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി സുസുക്കി മൊത്തം 2,234,266 യൂണിറ്റ് വില്‍പ്പന നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തെ 2,135,323 യൂണിറ്റ് വില്‍പ്പനയെ അപേക്ഷിച്ച് 4.63 ശതമാനം വില്‍പ്പന വളര്‍ച്ച നേടി. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ബ്രാന്‍ഡ് 2 ദശലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയത്. ഈ വര്‍ഷം കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 0.05 ശതമാനം ഉയര്‍ന്ന് 1,760,767 യൂണിറ്റിലെത്തി.

12 മാസം മുമ്പ് ഇത് 1,759,881 യൂണിറ്റായിരുന്നു. 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതിയുടെ കാര്യത്തിലും മാരുതി സുസുക്കി നേട്ടമുണ്ടാക്കി. 12 മാസം കൊണ്ട് മൂന്ന് ലക്ഷം വാഹനങ്ങളാണ് കമ്പനി കപ്പല്‍ കയറ്റി വിട്ടത്. 2023-2024 സാമ്പത്തിക വര്‍ഷം ഇത് 283,067 യൂണിറ്റുകളായിരുന്നു. എന്നാല്‍ 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 332,585 യൂണിറ്റുകളായി കൂടി.
നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ആരെങ്കിലും ഇപ്പോള്‍ ഗ്രാന്‍ഡ് വിറ്റാര, ഇക്കോ, വാഗണ്‍ആര്‍, ടൂര്‍ എസ്, XL6, എര്‍ട്ടിഗ, ഫ്രോങ്ക്‌സ് എന്നീ മോഡലുകള്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ ഉണ്ടെങ്കില്‍ വില വര്‍ധനവിനെ കുറിച്ച് അവരെ അറിയിക്കുക. ഇന്ന് അതായത് ഏപ്രില്‍ ഏഴിന് കാര്‍ വാങ്ങിയാല്‍ ഉയര്‍ന്ന വില വര്‍ധനവില്‍ നിന്ന് അവര്‍ക്ക് രക്ഷപ്പെടാനാകും.


Click it and Unblock the Notifications








