ബുള്ളറ്റിന്റെ മൈലേജ് തരുന്ന കാര്‍ വെറും 5.64 ലക്ഷത്തിന്! 5 പേര്‍ക്ക് പോകാം, 6 എയര്‍ബാഗുമുണ്ട്
ഇന്ത്യക്കാരുടെ ഉപഭോക്തൃ പരിഗണന ഏറെ മാറിയിട്ടുണ്ടെങ്കിലും വലിയ രീതിയില്‍ മാറ്റം വരാത്തത് മൈലേജിന്റെ കാര്യത്തില്‍ മാത്രമാണ്. പെട്രോള്‍, ഡീസല്‍ വില കത്തിക്കയറിയതോടെ ഇന്ത്യക്കാര്‍ ഇപ്പോള്‍ സിഎന്‍ജി കാറുകളിലേക്ക് തിരിഞ്ഞത് അതിന് ഒരു ഉദാഹരണമാണ്. കംപ്രസ്ഡ് നാചുറല്‍ ഗ്യാസിന് പെട്രോള്‍, ഡീസല്‍ എന്നിവയേക്കാള്‍ വില കുറവാണെന്ന് മാത്രമല്ല അവയേക്കാള്‍ എത്രയോ കൂടുതല്‍ മൈലേജും നല്‍കുന്നു. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് തരുന്ന കാറുകളുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍പന്തിയിലുണ്ടാകുന്ന കാറുകളില്‍ ഒന്നാണ് മാരുതി സുസുക്കി സെലേറിയോ (Maruti Suzuki Celerio).
ഈ ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 34.43 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ ശരാശരി മൈലേജ് 30-40 kmpl ആണെന്ന് ഓര്‍ക്കണം. സെലേറിയോ പെട്രോള്‍ വേരിയന്റുകളുടെ ക്ലെയിംഡ് മൈലേജ് 25.17 കിലോമീറ്റര്‍ മുതല്‍ 26.33 കിലോമീറ്റര്‍ വരെയാണ്. പെട്രോളിലായാലും സിഎന്‍ജിയിലായാലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് തരുന്ന കാറുകളില്‍ ഒന്നാണ് സെലേറിയോ.

മൈലേജ് കിംഗ് ആയ സെലേറിയോയുടെ സേഫ്റ്റിയും അടുത്തിടെ മാരുതി കൂട്ടിയിരുന്നു. അരീന മോഡല്‍ നിരയിലാകെ നടപ്പാക്കിയ അപ്‌ഡേറ്റിന്റെ ഭാഗമായി ഇപ്പോള്‍ സെലേറിയോ ഹാച്ചിന്റെ ബേസ് വേരിയന്റ് വരെ 6 എയര്‍ബാഗുകള്‍ സജ്ജീകരിച്ചാണ് വരുന്നത്. നേരത്തെ രണ്ട് എയര്‍ബാഗുകള്‍ മാത്രമായിരുന്നു കാറില്‍ ഓഫര്‍ ചെയ്തിരുന്നത്. കണ്ണഞ്ചിപ്പിക്കുന്ന മൈലേജും 6 എയര്‍ബാഗിന്റെ സുരക്ഷയുമുള്ള ഈ കാറിന് വിലയും വളരെ കുറവാണ്.
മാരുതി സുസുക്കി സെലേറിയോയുടെ ബേസ് LXi വേരിയന്റിന് നിലവില്‍ 5.64 ലക്ഷം രൂപയാണ് വില. അതേസമയം ഈ കാറിന്റെ ഏറ്റവും ഉയര്‍ന്ന ZXI AGS വേരിയന്റിന് വെറും 7.37 ലക്ഷം രൂപയാണ് മുടക്കേണ്ടത്. ഈ വിലകള്‍ എക്സ്ഷോറൂം ആണ്. ഈ ഒരു സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ ഈ കാര്‍ വാങ്ങാന്‍ മത്സരിക്കുകയായിരിക്കും എന്ന് വിചാരിച്ചാല്‍ നിങ്ങള്‍ക്ക് തെറ്റി. കഴിഞ്ഞ കുറച്ച് മാസങ്ങളായി മാരുതി സെലേറിയോയുടെ വില്‍പ്പന മന്ദഗതിയിലാണ്.

2025 മെയ് മാസത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അതേ ഫലം തന്നെ ആവര്‍ത്തിക്കപ്പെടുന്നു. അടുത്തിടെ പുറത്തിറങ്ങിയ വില്‍പ്പന റിപ്പോര്‍ട്ട് അനുസരിച്ച് 2025 മെയ് മാസത്തില്‍ മാരുതി സുസുക്കി 1,861 സെലേറിയോ കാറുകള്‍ മാത്രമാണ് വിറ്റിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് അതായത് 2024 മെയ് മാസത്തില്‍ ഈ കാറിന്റെ വില്‍പ്പന 3,314 യൂണിറ്റ് ആയിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പന ഇടിഞ്ഞിരിക്കുന്നത് 44 ശതമാനമാണ്.
അതേസമയം മുന്‍മാസമായ 2025 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍ കച്ചവടം കുറച്ച് കൂടി എന്നത് കമ്പനിക്ക് ആശ്വാസമാണ്. 2025 ഏപ്രിലില്‍ 1,474 മാരുതി സുസുക്കി സെലേറിയോ കാറുകള്‍ മാത്രമേ വിറ്റഴിക്കപ്പെട്ടുള്ളൂ. മെയില്‍ 1,861 മാരുതി സുസുക്കി സെലേറിയോ കാറുകള്‍ വിറ്റ് സെലേറിയോ 20.80 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

മാരുതി സുസുക്കി സെലേറിയോയുടെ വില്‍പ്പന കുറയാനുള്ള കാരണം ആരാഞ്ഞപ്പോള്‍ ഇന്റീരിയര്‍, ബില്‍ഡ് ക്വാളിറ്റി, ഡിസൈന്‍ എന്നിവ അത്ര മികച്ചതല്ലെന്നാണ് കസ്റ്റമര്‍ ഫീഡ്ബാക്ക് എന്നാണ് അറിയാന്‍ കഴിയുന്നത്. എതിരാളികളുമായി തട്ടിച്ച് നോക്കുമ്പോള്‍ സെലേറിയോ ഇക്കാര്യങ്ങളില്‍ ഏറെ പിറകിലാണെന്നാണ് പല ഉപഭോക്താക്കളും കരുതുന്നത്. ഏപ്രിലിനെ അപേക്ഷിച്ച് മെയ് മാസത്തില്‍ വില്‍പ്പന വര്‍ധനവ് രേഖപ്പെടുത്തിയത് മാരുതി സുസുക്കി സെലേറിയോയുടെ തിരിച്ചുവരവിന്റെ സൂചനയാണോ എന്ന് നാം കണ്ടറിയണം.
സെലേറിയോക്ക് ഇത് നിലനിര്‍ത്താന്‍ സാധിച്ചാല്‍ അത് മാരുതിക്ക് മുതല്‍ക്കൂട്ടാകും. കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി ചെറുകാര്‍ വിഭാഗത്തിന്റെ വില്‍പ്പന മന്ദഗതിയിലായത് മാരുതിക്ക് തലവേദനയാണ്. കഴിഞ്ഞ മാസം ഡിസയറിലൂടെ സെഡാന്‍ സെഗ്‌മെന്റ് വന്‍ തിരിച്ചുവരവിന്റെ സൂചന തന്നിരുന്നു. സമാനമായ രീതിയില്‍ വീണ്ടും ഹാച്ച്ബാക്കുകള്‍ക്കും പഴയ വസന്തകാലത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കട്ടേ എന്ന് ആശിക്കുന്നു.


Click it and Unblock the Notifications








