നിർത്തിപോയ വണ്ടിയുടെ CRASH TEST നടത്തുന്ന മാരുതിയുടെ ചങ്കൂറ്റം! CIAZ-ന് കിട്ടിയത് കേട്ടാൽ കണ്ണുത്തളളും
ഇന്ത്യൻ വിപണിയിലുള്ള മാരുതി സിയാസ് സെഡാനെ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിരിക്കുകയാണ്. ഈ മോഡലിന് മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ ഒരു സ്റ്റാർ റേറ്റിംഗും, കുട്ടികളുടെ സംരക്ഷണത്തിൽ മൂന്നു സ്റ്റാർ റേറ്റിംഗുമാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ മാർക്കറ്റിൽ വാഹനത്തെ ഔദ്യോഗികമായി പിൻവലിച്ചിട്ടില്ല എന്നുളളത വാഹനത്തിൻ്റെ തിരിച്ചുവരവിനെ ആണോ സൂചിപ്പിക്കുന്നത് എന്നും സംശയമാണ്. മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ 34 പോയിന്റിൽ 20.86 പോയിന്റാണ് മാരുതി സിയാസ് നേടിയത്. ഡ്രൈവറുടെ തലയ്ക്ക് മികച്ച സംരക്ഷണം ലഭിച്ചെങ്കിലും, ഡ്രൈവറുടെ കാൽപ്പാദങ്ങൾക്ക് മോശം സംരക്ഷണം മാത്രമാണ് ടെസ്റ്റിൽ ലഭിച്ചത്.
2 എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), സീറ്റ് ബെൽറ്റ് വാർണിങ്ങ് സംവിധാനം എന്നിവ ഈ വാഹനത്തിൽ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16 പോയിന്റിൽ 7.362 പോയിന്റ് മാത്രമാണ് ജാപ്പനീസ് നിർമ്മിത ഈ ഇടത്തരം സെഡാൻ നേടിയത്. ഈ പരിശോധനയിൽ ഡ്രൈവറുടെ തലയ്ക്ക് മികച്ച സംരക്ഷണം ലഭിച്ചിട്ടുണ്ട്.

എന്നാൽ നെഞ്ചിനും തുടകൾക്കും മിതമായ സംരക്ഷണവും, കാൽപ്പാദങ്ങൾക്ക് മോശം സംരക്ഷണവുമാണ് സിയാസിന് ലഭിച്ചത്. മുൻവശത്തെ യാത്രക്കാരന് അത്യാവശം സംരക്ഷണം ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16-ൽ 12.494 പോയിന്റ് നേടിയ സിയാസ്, ഡ്രൈവറുടെ നെഞ്ചിന് ദുർബലമായ സംരക്ഷണമാണ് നൽകിയത്.
കർട്ടൻ എയർബാഗുകളുടെ അഭാവം കാരണം സൈഡ് പോൾ ഇംപാക്ട് ടെസ്റ്റിന് ഗ്ലോബൽ NCAP ഈ വാഹനത്തെ വിധേയമാക്കിയില്ല. ഫുട്‌വെൽ ഏരിയയും ബോഡിഷെല്ലും അസ്ഥിരമാണെന്നും, കൂടുതൽ ആഘാതങ്ങളെ പ്രതിരോധിക്കാൻ കെൽപ്പില്ല എന്നാണ് വിലയിരുത്തിയത്. കുട്ടികളുടെ സുരക്ഷാ വിഭാഗത്തിൽ 49 പോയിന്റിൽ 28.57 പോയിന്റാണ് സിയാസ് നേടിയത്. ഇതിൽ ഡൈനാമിക് സ്കോർ 24-ൽ 24-ഉം ആയിരുന്നു.

എന്നാൽ, ചൈൽഡ് റെയ്‌സ്‌ട്രെയിൻറ് സിസ്റ്റം (CRS) ഇൻസ്റ്റാളേഷൻ വിഭാഗത്തിൽ 12-ൽ 4.57 പോയിന്റ് മാത്രമാണ് സിയാസിന് ലഭിച്ചത്. കൂടാതെ വെഹിക്കിൾ അസസ്‌മെന്റ് വിഭാഗത്തിൽ 13-ൽ പൂജ്യം പോയിന്റാണ് വാഹനം നേടിയത്. ഈ കുറഞ്ഞ സ്‌കോറുകൾ വാഹനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിലെ പോരായ്മകൾ എടുത്തുകാണിക്കുന്നു.
എല്ലാ സീറ്റുകളിലും ത്രീ-പോയിന്റ് ബെൽറ്റുകൾ ഇല്ലാത്തതും, പിൻവശത്തെ മധ്യസീറ്റിലെ ചൈൽഡ് റെയ്‌സ്‌ട്രെയിൻറ് സിസ്റ്റം (CRS) പരാജയപ്പെട്ടതും ഈ പോരായ്മകളിൽ പ്രധാനമായി എടുത്തു പറയേണ്ടതാണ്. പിൻഭാഗത്തേക്ക് തിരിഞ്ഞിരിക്കുന്ന CRS ഉപയോഗിക്കുമ്പോൾ മുൻവശത്തെ യാത്രക്കാരന്റെ എയർബാഗ് പ്രവർത്തനരഹിതമാക്കാനുള്ള സൗകര്യം ഇല്ലാത്തതും ഒരു സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

വിപണിയിൽ നിന്ന് പിൻവാങ്ങുന്നതിന്റെ വക്കിലാണ് മാരുതി സിയാസ് എന്ന കാര്യം ഞാൻ ആദ്യമേ സൂചിപ്പിച്ചല്ലോ. സമീപഭാവിയിൽ ഇതിനൊരു പുതിയ പതിപ്പോ പകരം മോഡൽ പുറത്തിറങ്ങാനോ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 9.09 ലക്ഷം രൂപ മുതൽ 11.89 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം) ഈ മോഡലിന്റെ വില.
ഹോണ്ട സിറ്റി, സ്കോഡ സ്ലാവിയ, ഹ്യുണ്ടായി വെർണ, ഫോക്സ്‌വാഗൺ വെർട്ടിസ് എന്നിവയുൾപ്പെടെയുള്ള മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ മാരുതി സിയാസിന്റെ പ്രധാന എതിരാളികൾ. പഴകിയ മോഡലാണെങ്കിലും, വിശാലമായ ഉൾഭാഗവും താങ്ങാനാവുന്ന വിലയും സിയാസിന് ഇപ്പോഴും ഗുണകരമാണ്. എങ്കിലും സുരക്ഷാ കാര്യത്തിൽ സിയാസ് ഈ എതിരാളികളേക്കാൾ ഏറെ പിന്നിലാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








