ഞെട്ടിച്ച് മാരുതി, മികച്ച യാത്രാസുഖമുള്ള ഈ കാര്‍ നിര്‍ത്തലാക്കുന്നു! കാരണം എന്താണെന്ന് അറിയണോ?
ഇന്ത്യയില്‍ മിഡ്‌സൈസ് സെഡാന്‍ വിഭാഗത്തില്‍ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന മോഡലാണ് സിയാസ്. 2014-ല്‍ SX4-ന്റെ പകരനായാണ് സിയാസ് വിപണിയില്‍ എത്തിയത്. തുടക്കത്തില്‍ ഇത് വന്‍ വിജയമായിരുന്നു. ഐതിഹാസിക മോഡലുകളായ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ എന്നിവയ്ക്കെതിരെ സെഗ്മെന്റില്‍ കട്ടക്ക് മത്സരിക്കാന്‍ സിയാസിനായി. എന്നാല്‍ നിങ്ങള്‍ ഒരു മാരുതി ആരാധകനോ അല്ലെങ്കില്‍ സിയാസ് വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയോ ആണെങ്കില്‍ ഒരു സങ്കട വാര്‍ത്തയുണ്ട്. ഈ കാറിന്റെ നിര്‍മ്മാണം അടുത്ത മാസം മുതല്‍ നിര്‍ത്താന്‍ പോകുകയാണ്. 2025 ഏപ്രിലോടെ സിയാസ് പൂര്‍ണമായി വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ പോകുകയാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2025 മാര്‍ച്ചോടെ കാറിന്റെ ഉത്പാദനം നിര്‍ത്തും. ഏപ്രിലോടെ വില്‍പ്പനയും നിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ട് ആരെങ്കിലും പുതിയ സിയാസ് വാങ്ങാന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ അധികം വൈകാന്‍ നില്‍ക്കാതെ വേഗം ഷോറൂമിലേക്ക് വിട്ടോളൂ. ഏപ്രില്‍ കഴിഞ്ഞാല്‍ പിന്നെ ഈ കാര്‍ യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്ന് മാത്രമേ കിട്ടൂ. ഇന്ത്യയില്‍ മാരുതി സിയാസ് നിര്‍ത്തലാക്കുന്നതിന് പിന്നില്‍ ഒന്നിലേറെ കാരണങ്ങള്‍ ഉണ്ട്. അവ എന്താാണെന്ന് നമുക്ക് നോക്കാം.

ഒന്നാമത്തെ കാരണം ജനങ്ങള്‍ എസ്‌യുവികള്‍ക്ക് പിറകെ പോകാന്‍ തുടങ്ങിയതോടെ മിഡ്‌സൈസ് സെഡാനുകളുടെ ഡിമാന്‍ഡ് കുറഞ്ഞു എന്നതാണ്. 2015-ല്‍ ഇന്ത്യയിന്‍ കാര്‍ വിപണിയില്‍ സെഡാനുകളുടെ വിഹിതം 20 ശതമാനമായിരുന്നു. എന്നാല്‍ 2024-ല്‍ എത്തിയപ്പോള്‍ അത് പകുതി കുറഞ്ഞ് 10 ശതമാനമായി കുറഞ്ഞു. ഇന്ത്യയില്‍ നിലവില്‍ വില്‍ക്കുന്നതില്‍ 50 ശതമാനത്തിലധികവും എസ്‌യുവികളാണ്.
ഹോണ്ട, ഹ്യുണ്ടായി, മാരുതി തുടങ്ങിയ ബ്രാന്‍ഡുകള്‍ ആധിപത്യം സ്ഥാപിച്ചിരുന്ന മിഡ്‌സൈസ് സെഡാന്‍ വിഭാഗം ഇപ്പോള്‍ പഴയ പ്രതാപത്തിന്റെ നിഴലിൽ മാത്രമാണുള്ളത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 97,466 മിഡ്‌സൈസ് സെഡാന്‍ വാഹനങ്ങള്‍ മാത്രമാണ് വിറ്റുപോയത്. ഇത് സിയാസിനെയും ബാധിച്ചു. സിയാസിന്റെ സമീപകാലത്തെ വില്‍പ്പന പ്രകടനം ഒട്ടും ആശാവഹമായിരുന്നില്ല. 2024 ഒക്‌ടോബറില്‍ 659 യൂണിറ്റുകളും നവംബറില്‍ 597 യൂണിറ്റുകളും ഡിസംബറില്‍ 464 യൂണിറ്റുകളുമായിരുന്നു വില്‍പ്പന.

2025 ജനുവരിയില്‍ സിയാസിന് 768 പുതിയ ഉപഭോക്താക്കളെ കിട്ടി. 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 10 മാസങ്ങളില്‍ 6629 വാഹനങ്ങള്‍ മാത്രമാണ് വിറ്റഴിക്കപ്പെട്ടത്. ഫോക്സ്വാഗണ്‍ വെര്‍ട്ടിസ്‌സ്, സ്‌കോഡ സ്ലാവിയ എന്നിവയുടെ വരവിനുശേഷം സിയാസിന്റെ വില്‍പ്പന അതിവേഗം കുറഞ്ഞു. ഇപ്പോള്‍ മിഡ്-സൈസ് സെഡാന്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറാണ് വെര്‍ട്ടിസ്. ഇതിനു പിന്നാലെയാണ് സ്‌കോഡ സ്ലാവിയയും ഹ്യുണ്ടായി വെര്‍ണയും വരുന്നത്.
ജര്‍മന്‍ സാങ്കേതികവിദ്യയും 5 സ്റ്റാര്‍ സുരക്ഷയും മോഡേണ്‍ ഫീച്ചറുകളുമായി വരുന്ന സ്ലാവിയക്കും വെര്‍ട്ടിസിനും ഒപ്പമെത്താന്‍ വെര്‍ണയും സിറ്റിയും സമീപകാലത്ത് അപ്‌ഡേറ്റിന് വിധേയമായിരുന്നു. എന്നാല്‍ സിയാസ് 2018-ലാണ് അവസാനമായി അപ്‌ഡേറ്റ് ചെയ്തത്. എതിരാളികള്‍ ADAS, സണ്‍റൂഫ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടര്‍ബോ-പെട്രോള്‍ എഞ്ചിനുകള്‍ എന്നിവ ഉപയോഗിച്ച് അവരുടെ മോഡലുകള്‍ അപ്ഡേറ്റ് ചെയ്തപ്പോള്‍ സിയാസില്‍ നാചുറലി ആസ്പിരേറ്റഡ് എഞ്ചിന്‍ മാത്രമാണുള്ളത്. ഇക്കാരണത്താല്‍ പല ഉപഭോക്താക്കളും മറ്റ് മോഡലുകളിലേക്ക് തിരിയുകയും വില്‍പ്പന കുറയുകയും ചെയ്തു.

മാരുതി സിയാസിന്റെ ജനപ്രീതി കുറയാന്‍ ഒരു കാരണം അതിന്റെ ഡീസല്‍ എഞ്ചിന്‍ പിന്‍വലിച്ചതാണെന്നും പറയാം. സിയാസിനായി സ്വന്തമായി വികസിപ്പിച്ചെടുത്ത 1.5 DDiS ഡീസല്‍ എഞ്ചിന്‍ പുറത്തിറക്കിയതിന് ഒരു വര്‍ഷത്തിന് ശേഷം 2020-ല്‍ പുതിയ BS VI എമിഷന്‍ മാനദണ്ഡങ്ങള്‍ കാരണം നിര്‍ത്തലാക്കേണ്ടി വന്നു. മലിനീകരണ നിയരന്തണ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തത് കാരണം ഡീസല്‍ എഞ്ചിന്‍ ഒഴിവാക്കിയതോടെ 1.5 ലിറ്റര്‍ പെട്രോള്‍ ഓപ്ഷനില്‍ മാത്രമാസണ് സിയാസ് ലഭ്യമായത്.
കാറിന്റെ വില്‍പ്പനയുടെ 30 ശതമാനം ഡീസല്‍ മോഡലുകളായിരുന്നു സംഭാവ ചെയ്തിരുന്നത്. ഇന്ത്യയിലും ട്രെന്‍ഡ് എസ്‌യുവികള്‍ക്ക് അനുകൂലമായതിനാല്‍ മാരുതി സുസുക്കിയും അതേ പാതയിലാണ്. ചെറുകാറുകളുടെയും സെഡാനുകളുടെയും വില്‍പ്പന കുറയുമ്പോള്‍ മാരുതി പിടിച്ച് നില്‍ക്കുന്നത് ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്ക്‌സ്, ബ്രെസ എന്നീ എസ്‌യുവികളുടെ ബലത്തിലാണ്. സിയാസിന് പകരം മാരുതി മറ്റൊരു മോഡലും പുറത്തിറക്കാന്‍ സാധ്യതയില്ല. ഉപഭോക്തൃ ഡിമാന്‍ഡ് കൂടി വരുന്നതിനാല്‍ കമ്പനി ഇപ്പോള്‍ എസ്‌യുവി വിഭാഗത്തില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.


Click it and Unblock the Notifications








