മാരുതിയുടെ ഈ കാര്‍ ഇനി ആര്‍ക്കും വാങ്ങാനാകില്ല! സ്‌റ്റോക്ക് മുഴുവന്‍ വിറ്റ് തടിയൂരി കമ്പനി
2025 ഓഗസ്റ്റ് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തു വന്നപ്പോള്‍ ഇന്ത്യയിലെ നമ്പര്‍ 1 ബ്രാന്‍ഡ് ആയ മാരുതി സുസുക്കി അത്ര സുഖകരമായ വാര്‍ത്തകള്‍ ആയിരുന്നില്ല ലഭിച്ചത്. 2024 ഓഗസറ്റുമായും 2025 ജൂലൈ മാസമായും താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റിലെ സെയില്‍സ് ചാര്‍ട്ടുകള്‍ കമ്പനി പങ്കുവെച്ചപ്പോള്‍ മിഡ്‌സൈസ് വിഭാഗത്തില്‍ പോസിറ്റീവ് ഫലങ്ങളാണുണ്ടായത്. 2025 ഏപ്രിലില്‍ മാസമാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രീമിയം സെഡാന്‍ ആയ സിയാസിന്റെ (Maruti Suzuki Ciaz) ഉത്പാദനം കമ്പനി അവസാനിപ്പിച്ചത്. കമ്പനിയുടെ നെക്‌സ ഡീലര്‍മാരില്‍ കുറച്ച് സ്റ്റോക്ക് ബാക്കിയുണ്ടായിരുന്നതിനാല്‍ കാര്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നില്ല.
എന്നാല്‍ കമ്പനി ഇപ്പോള്‍ സിയാസിന്റെ മൊത്തം സ്‌റ്റോക്കും വിറ്റഴിച്ചതായാണ് ലൈവ്ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാരുതി സുസുക്കിയുടെ 2025 ഓഗസ്റ്റിലെ വില്‍പ്പന റിപ്പോര്‍ട്ടില്‍ സിയാസിനെ കുറിച്ച് കമ്പനി പരാമര്‍ശിച്ചിട്ടില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് ഈ കാര്‍ നിലവില്‍ സ്റ്റോക്കില്ലെന്ന് പറയുന്നത്. സ്‌റ്റോക്ക് ക്ലിയറന്‍സ് സെയിലിന്റെ ഭാഗമായി അടുത്ത കാലത്ത് കമ്പനി സിയാസ് സെഡാന് 50,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്തിരുന്നു. 9.41 ലക്ഷം രൂപയായിരുന്നു കാറിന്റെ പ്രാരംഭ വില.

വില്‍പ്പന കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ 2024 ഫെബ്രുവരിയില്‍ പുത്തന്‍ സേഫ്റ്റി ഫീച്ചറുകളും കളര്‍ ഓപ്ഷന്‍സും ചേര്‍ത്ത് സിയാസ് അപ്‌ഡേറ്റ് ചെയ്തിരുന്നു. ബ്ലാക്ക് റൂഫ്ടോപ്പ് പേള്‍ മെറ്റാലിക് ഒപുലന്റ് റെഡ്, ബ്ലാക്ക് റൂഫ്ടോപ്പ് പേള്‍ മെറ്റാലിക് ഗ്രേ ഡീര്‍ ഗ്രേ, ബ്ലാക്ക് റൂഫ്ഡ് ഡിഗ്‌നിറ്റി ബ്രൗണ്‍ എന്നീ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍ ഇതിള്‍ ഉള്‍പ്പെടും. ഇവ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ലഭ്യമായിരുന്നു.
അതേസമയം സിയാസിന് മെക്കാനിക്കലായി മാറ്റങ്ങള്‍ ഒന്നും വരുത്തിയിരുന്നില്ല. 103bhp പവറും 138Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കാറിന് തുടിപ്പേകിയിരുന്നത്. 5-സ്പീഡ് മാനുവല്‍, 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഇത് ഓഫര്‍ ചെയ്തു. മികച്ച ഇന്ധനക്ഷമതയുള്ള ഒരു കാര്‍ ആയിരുന്നു സിയാസ്. സെഡാനിന്റെ മാനുവല്‍ പതിപ്പ് ലിറ്ററിന് 20.65 കിലോമീറ്റര്‍ വരെയും ഓട്ടോമാറ്റിക് പതിപ്പ് 20.04 കിലോമീറ്റര്‍ വരെയും മൈലേജ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മാരുതി സിയാസില്‍ 20-ലധികം സുരക്ഷാ സവിശേഷതകള്‍ ലഭ്യമായിരുന്നു. ഹില്‍-ഹോള്‍ഡ് അസിസ്റ്റ് സിസ്റ്റവും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമുമാണ് (ഇഎസ്പി) ഏറ്റവും അവസാനത്തെ അപ്‌ഡേറ്റില്‍ സ്റ്റാന്‍ഡേര്‍ഡായി ഉള്‍പ്പെടുത്തിയത്. ഡ്യുവല്‍ എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) തുടങ്ങിയവയാണ് കാറില്‍ ലഭ്യമായ മറ്റ് സുരക്ഷ സവിശേഷതകള്‍.
തുടക്കത്തില്‍ ഹോണ്ട സിറ്റിക്കും ഹ്യുണ്ടായി വെര്‍ണക്കും കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ച സിയാസ് പതുക്കെ കളമൊഴിയാന്‍ ഒന്നിലേറെ കാരണങ്ങള്‍ ഉണ്ട്. ലോകത്താകമാനം സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ക്ക് (എസ്‌യുവി) അനുകൂലമായുള്ള തരംഗം മൊത്തം സെഡാന്‍ സെഗ്‌മെന്റിനെ ബാധിച്ചിരുന്നു. അവയുടെ കൂടെ ജര്‍മന്‍ സാങ്കേതികവിദ്യയും 5 സ്റ്റാര്‍ സുരക്ഷയും മോഡേണ്‍ ഫീച്ചറുകളുമായി ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസും സ്‌കോഡ സ്ലാവിയയും ഇന്ത്യയിലെത്തി.

മോഡേണ്‍ ഫോറിന്‍ കാറുകളോട് മുട്ടിനില്‍ക്കാനായി ഹോണ്ട സിറ്റിയും ഹ്യുണ്ടായി വെര്‍ണയും കൃത്യമായ ഇടവേളകളില്‍ അപ്‌ഡേറ്റുകള്‍ക്ക് വിധേയമായപ്പോഴും സിയാസിന്റെ കാര്യത്തില്‍ മാരുതി നിസംഗ മനോഭാവം കാണിച്ചതും വിപണിയില്‍ തിരിച്ചടിയായി. സിയാസ് 2018-ലാണ് അവസാനമായി അപ്ഡേറ്റ് ചെയ്തത്. മാരുതി സിയാസിന്റെ ജനപ്രീതി കുറയാന്‍ ഒരു കാരണം അതിന്റെ ഡീസല്‍ എഞ്ചിന്‍ പിന്‍വലിച്ചതാണെന്നും പറയാം.
കാറിന്റെ വില്‍പ്പനയുടെ 30 ശതമാനം ഡീസല്‍ മോഡലുകളായിരുന്നു സംഭാവ ചെയ്തിരുന്നത്. ഏതായാലും സ്‌റ്റോക്കുകള്‍ വിറ്റഴിഞ്ഞ സ്ഥിതിക്ക് ഇനി സിയാസ് വാങ്ങാന്‍ പദ്ധതിയിട്ടവര്‍ യൂസ്ഡ് കാര്‍ മാര്‍ക്കറ്റില്‍ തപ്പേണ്ടി വരും. അതുമല്ലെങ്കില്‍ ഇനിയും ഏതെങ്കിലും നെക്‌സ ഡീലര്‍ഷിപ്പില്‍ സിയാസ് ലഭ്യമാണോ എന്ന് വിളിച്ച് അന്വേഷിക്കുന്നതും നന്നാകും.


Click it and Unblock the Notifications








