ആ മാരുതി കാറിന്റെ യാത്ര അവസാനിച്ചു! ബലേനോയെ പോലൊരു മാസ് റീഎന്‍ട്രിക്ക് സാധ്യത
മാരുതി സുസുക്കി വിപണിയിലെത്തിക്കുന്ന മിഡ്‌സൈസ് സെഡാനായ സിയാസിന്റെ യാത്ര അവസാനിച്ചു. ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ എന്നീ അതികായന്‍മാരെ നേരിടാനായി മാരുതി സുസുക്കി 2014-ല്‍ അവതരിപ്പിച്ച സിയാസ് കയറ്റിറക്കങ്ങള്‍ കണ്ട ഒരു പതിറ്റാണ്ടിന് ശേഷമാണ് വിട പറയുന്നത്. വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് ഈ കാര്‍ ഏപ്രിലില്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്ന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പേ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ മാരുതി സുസുക്കിയുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസറായ പാര്‍ത്ഥോ ബാനര്‍ജി ഇക്കാര്യം സ്ഥിരീകരിച്ചു.
വിപണി ആവശ്യകതകളും ഉപഭോക്തൃ ഫീഡ്ബാക്കും അടിസ്ഥാനമാക്കി ഞങ്ങളുടെ ഉല്‍പാദനം കാലക്രമേണ വ്യത്യാസപ്പെടുന്നു. സിയാസിന്റെ ഉത്പാദനം നിര്‍ത്താന്‍ തങ്ങള്‍ തീരുമാനിച്ചതായും വിപണി ആവശ്യകതയെ അടിസ്ഥാനമാക്കി വീണ്ടും ഒരു തീരുമാനം എടുക്കുമന്നും ബാനര്‍ജി പറഞ്ഞു. കാറിന്റെ നിര്‍മാണം നിര്‍ത്തിയെന്ന് സ്ഥിരീകരിച്ചെങ്കിലും സിയാസ് ഇപ്പോഴും മാരുതി വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌റ്റോക്ക് വിറ്റ് തീരുന്നത് വരെ ഒരുപക്ഷേ കാര്‍ ഡീലിസ്റ്റ് ചെയ്‌തേക്കില്ല.

സിയാസ് ഉത്പാദനം നിര്‍ത്തിയാലും ആ പേര് മറ്റൊരു ബോഡിസ്‌റ്റൈലിലൂടെ തിരികെ കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ഹോണ്ട സിറ്റിക്കുള്ള എതിരാളിയായി മാരുതി ആദ്യം കൊണ്ടുവന്ന മോഡലിന്റെ പേര് ബലേനോ എന്നായിരുന്നു. 1998 മുതല്‍ 2007 വരെ ഈ കാര്‍ വില്‍പ്പനക്കെത്തിയിരുന്നു. ശേഷം 2015-ല്‍ പ്രീമിയം ഹാച്ച്ബാക്ക് രൂപത്തില്‍ 'ബലേനോ' നെയിംപ്ലേറ്റ് തിരികെയെത്തുകയായിരുന്നു. നിലവില്‍ രണ്ടാം തലമുറയില്‍ എത്തി നില്‍ക്കുന്ന ബലേനോ നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കാണ്.
കഴിഞ്ഞ കുറേ മാസങ്ങളായി സിയാസിന്റെ വില്‍പ്പന വളരെ കുറവായിരുന്നു. കഴിഞ്ഞ മാസം അതായത് 2025 മാര്‍ച്ചില്‍ മാരുതി 676 സിയാസ് വിറ്റഴിച്ചു. 2024 മാര്‍ച്ചിലെ 590 യൂണിറ്റിനെ അപേക്ഷിച്ച് നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ഇനി കഴിഞ്ഞ 6 മാസത്തെ വില്‍പ്പന കണക്കുകള്‍ നോക്കിയാല്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പന 2025 ഫെബ്രുവരിയിലായിരുന്നു, 1097 യൂണിറ്റുകള്‍. ആ മാസം കമ്പനി സ്റ്റോക്ക് ക്ലിയര്‍ ചെയ്യുന്നതിനായി നിരവധി വലിയ കിഴിവ് ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ 8,402 യൂണിറ്റായിരുന്നു കാറിന്റെ വില്‍പ്പന. അതേസമയം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 10,337 യൂണിറ്റായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാരുതി സിയാസിന്റെ വില്‍പ്പന ഗണ്യമായി കുറഞ്ഞുവെന്ന് ഈ കണക്ക് കാണിച്ച് തരുന്നു. ഓരോ മാസവും വില്‍പ്പന ഇടിഞ്ഞ് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മാരുതി ആ കടുത്ത തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ 6 മാസത്തിനിടെ ഒരു മാസം മാത്രമാണ് 1,000 യൂണിറ്റില്‍ കൂടുതല്‍ വില്‍പ്പന നടന്നത്.
മിഡ്‌സൈസ് സെഡാന്‍ സെഗ്മെന്റില്‍ ഹോണ്ട സിറ്റി, ഫോക്സ്വാഗണ്‍ വെര്‍ട്ടിസ്, സ്‌കോഡ സ്ലാവിയ, ഹ്യുണ്ടായി വെര്‍ണ തുടങ്ങിയ മോഡലുകളുമായാണ് സിയാസ് ഏറ്റുമുട്ടിയിരുന്നത്. എതിരാളികള്‍ എല്ലാം തന്നെ നൂതന സാങ്കേതികവിദ്യയും കൂടുതല്‍ സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന സമയത്ത് പതിവ് അപ്‌ഡേറ്റുകളുടെ അഭാവം സിയാസിനെ പ്രതികൂലമായി ബാധിച്ചു.

എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും ഉള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയവയാണ് കാറിന്റെ പ്രധാന സവിശേഷതകള്‍. സിയാസില്‍ 20-ലധികം സുരക്ഷാ സവിശേഷതകള്‍ മാരുതി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നിവ കാറിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡ് ആണ്. ഡ്യുവല്‍ എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (EBD) ഉള്ള ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) തുടങ്ങിയ സവിശേഷതകളും കാറില്‍ ലഭ്യമാകും. ഡീസല്‍ എഞ്ചിന്റെ അഭാവവും സിയാസിന്റെ വില്‍പ്പന കുറയാന്‍ ഒരു കാരണമായിട്ടുണ്ട്.
പരമാവധി 105PS പവറും 138Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന K15 സ്മാര്‍ട്ട് ഹൈബ്രിഡ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കാറിന്റെ ഹൃദയം. 5-സ്പീഡ് MT, 4-സ്പീഡ് AT എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. മാനുവല്‍ പതിപ്പ് ലിറ്ററിന് 20.65 കിലോമീറ്റര്‍ വരെയും ഓട്ടോമാറ്റിക് പതിപ്പ് ലിറ്ററിന് 20.04 കിലോമീറ്റര്‍ വരെയും മൈലേജ് നല്‍കുമെന്ന് കമ്പനി പറയുന്നു. 11.14 ലക്ഷം രൂപ മുതല്‍ 12.34 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില പോകുന്നത്.


Click it and Unblock the Notifications








