7 പേര്‍ക്ക് കയറാവുന്ന മാരുതി എസ്‌യുവി വരുന്നു, അത് ഇവിറ്റാരയല്ല! പൈസ റെഡിയാക്കി വെച്ചോ, ഈ വര്‍ഷമെത്തും
ബജറ്റ് കാറുകളുടെ തമ്പുരാക്കന്‍മാരായ മാരുതി സുസുക്കി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്‌പോര്‍ട് യൂടിലിറ്റി വാഹന വിഭാഗത്തിലും ചുവടുറപ്പിച്ചിട്ടുണ്ട്. ഗ്രാന്‍ഡ് വിറ്റാര, ബ്രെസ, ഫ്രോങ്ക്‌സ് എന്നീ മാരുതി എസ്‌യുവികള്‍ മികച്ച വില്‍പ്പന നേടുന്ന സാഹചര്യത്തില്‍ തങ്ങളുടെ എസ്‌യുവി പോര്‍ട്‌ഫോളിയോ വിപീലീകരിക്കാന്‍ പോകുകയാണ് കമ്പനി. ഈ സാമ്പത്തിക വര്‍ഷം രണ്ട് പുത്തന്‍ എസ്‌യുവികള്‍ പുറത്തിറക്കാനാണ് പ്ലാന്‍. അതില്‍ ഒന്ന് ഏവര്‍ക്കും അറിയാവുന്നത് പോലെ ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് കാര്‍ ആയ ഇവിറ്റാരയാണ്. 2025-ന്റെ രണ്ടാം പകുതിയില്‍ മറ്റൊരു എസ്‌യുവി കൂടി വിപണിയില്‍ എത്തുമെന്ന് അടുത്തിടെ മാരുതി സ്ഥിരീകരിച്ചിരുന്നു.
വരാനിരിക്കുന്ന എസ്‌യുവിയെക്കുറിച്ച് മാരുതി മൗനം പാലിക്കുന്നുണ്ടെങ്കിലും, ഇത് മിക്കവാറും ഗ്രാന്‍ഡ് വിറ്റാരയുടെ മൂന്ന് നിര പതിപ്പായിരിക്കും. 7 സീറ്റര്‍ മാരുതി ഗ്രാന്‍ഡ് വിറ്റാര കുറച്ചുകാലമായി ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നുണ്ട്. ഇതിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇതിനോടകം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വരാന്‍ പോകുന്ന എസ്‌യുവിയെ കുറിച്ച് ഇതുവരെ അറിയാവുന്ന വിവരങ്ങള്‍ ചുവടെ വിശദമായി വായിക്കാം.

മാരുതി സുസുക്കിയുടെ പുതിയ എസ്‌യുവി പ്രീമിയം നെക്സ വഴി വില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോംപാക്ട് എസ്‌യുവിയായ ഗ്രാന്‍ഡ് വിറ്റാരയ്ക്കും പ്രീമിയം എംപിവിയായ ഇന്‍വിക്‌റ്റോക്കും ഇടയിലായിരിക്കും പുതിയ മോഡല്‍ സ്ഥാനം പിടിക്കുക. 5 സീറ്റര്‍ ഗ്രാന്‍ഡ് വിറ്റാര പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ എസ്‌യുവി. പവര്‍ട്രെയിന്‍ ഉള്‍പ്പെടെ കോംപാക്റ്റ് എസ്‌യുവിയുടെ മിക്ക ഘടകങ്ങളും ഇത് പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.
7 സീറ്റര്‍ മാരുതി ഗ്രാന്‍ഡ് വിറ്റാരയുടെ മുന്‍വശത്ത് അല്‍പ്പം പരിഷ്‌കാരങ്ങള്‍ വരുത്തുമെന്നാണ് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ഹെഡ്ലാമ്പുകള്‍ ബമ്പറില്‍ താഴെയായി സ്ഥാപിക്കും. വശങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ പുതിയ എസ്‌യുവിക്ക് 5 സീറ്റര്‍ ഗ്രാന്‍ഡ് വിറ്റാരയേക്കാള്‍ നീളമുണ്ടാകും. കൂടാതെ വലിയ ക്വാര്‍ട്ടര്‍ ഗ്ലാസ് ഏരിയയുള്ള ശ്രദ്ധേയമായ റിയര്‍ ഓവര്‍ഹാംഗും ഇതിന്റെ സവിശേഷതയാണ്.

പുതുതായി രൂപകല്‍പ്പന ചെയ്ത അലോയ് വീലുകളും പുത്തന്‍ കാറിന് ലഭിക്കും. അതേസമയം കണക്റ്റഡ് ടെയില്‍ലാമ്പുകള്‍ ഇവിറ്റാരയുമായി സാമ്യമുള്ളതായിരിക്കും.വരാന്‍ പോകുന്ന എസ്‌യുവിയുടെ ഇന്റീരിയര്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. എന്നിരുന്നാലും ഗ്രാന്‍ഡ് വിറ്റാരയേക്കാള്‍ ഫീച്ചര്‍ റിച്ചായിരിക്കും പുത്തന്‍ മോഡല്‍. പുതിയ എസ്‌യുവിയില്‍ കമ്പനി പുനര്‍രൂപകല്‍പ്പന ചെയ്ത ഡാഷ്ബോര്‍ഡ്, ഫ്രീ-സ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഉള്‍പ്പെടുത്തിയേക്കും.
പുതിയ കാറില്‍ ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) സ്യൂട്ട് സജ്ജീകരിക്കാന്‍ സാധ്യത കൂടുതലാണ്.പുതിയ എസ്‌യുവി ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്നുള്ള പവര്‍ട്രെയിനുകള്‍ പങ്കുവെക്കും. ഇതിലെ 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ 120 bhp പവറും 137 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേരുന്നു.
രണ്ടാമത്തെ 1.5 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ 113 bhpപവറും 122 Nm ടോര്‍ക്കും നല്‍കുന്നു. ഗ്രാന്‍ഡ് വിറ്റാര ഹൈബ്രിഡ് ഇസിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനിലാണ് വരുന്നത്. ലിറ്ററിന് 27.97 കിലോമീറ്ററാണ് ഗ്രാന്‍ഡ് വിറ്റാര ഹൈബ്രിഡിന്റെ ക്ലെയിംഡ് മൈലേജ്. പുതിയ എസ്‌യുവിയില്‍ ഓള്‍-വീല്‍ ഡ്രൈവും സിഎന്‍ജി പവര്‍ട്രെയിനും ഉണ്ടാകുമോ എന്ന കാര്യം ഉറപ്പില്ല. ഗ്രാന്‍ഡ് വിറ്റാരയുടെ സിഎന്‍ജി പതിപ്പ് നിലവില്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നീക്കിയിട്ടുണ്ട്.
മാരുതി സുസുക്കിയുടെ ഖാര്‍ഖോഡ പ്ലാന്റിലായിരിക്കും പുത്തന്‍ എസ്‌യുവിയുടെ നിര്‍മാണം. ഗ്രാന്‍ഡ് വിറ്റാര 5 സീറ്റര്‍ പതിപ്പിന് നിലവില്‍ 11.42 ലക്ഷം മുതല്‍ 20.68 ലക്ഷം രൂപ വരെയാണ് വില. 5 സീറ്റര്‍ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ മോഡലിന് ഏകദേശം 3 മുതല്‍ 4 ലക്ഷം രൂപ വരെ കൂടാന്‍ സാധ്യതയുണ്ട്.

അങ്ങിനെ വരുമ്പോള്‍ പുതിയ 7 സീറ്റര്‍ എസ്‌യുവിക്ക് ഏകദേശം 15 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. മഹീന്ദ്ര XUV700, ഹ്യുണ്ടായി അല്‍കസാര്‍, ടാറ്റ സഫാരി എന്നിവയുമായി ഈ കാര്‍ മത്സരിക്കും. 2022 വരെ മാരുതി സുസുക്കിയുടെ പോര്‍ട്ട്ഫോളിയോയില്‍ പ്രധാനമായും ചെറുകാറുകളായിരുന്നു ആധിപത്യം സ്ഥാപിച്ചിരുന്നത്. അന്ന് ഒരു എസ്‌യുവി മാത്രമുണ്ടായിരുന്ന പോര്‍ട്‌ഫോളിയോയില്‍ ഇന്ന് നാല് മോഡലുകള്‍ ഉണ്ട്.
ഇവിറ്റാരയും പുതിയ മോഡലും കൂടി ചേരുന്നതോടെ അത് വലുതാകാന്‍ പോകുകയാണ്. വരാന്‍ പോകുന്ന എസ്‌യുവിഏതാണെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അത് ഗ്രാന്‍ഡ് വിറ്റാരയുടെ 7 സീറ്റര്‍ പതിപ്പായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. കമ്പനിയില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി നമുക്ക് കാത്തിരിക്കാം. 2025 ഏപ്രില്‍ 25 വെള്ളിയാഴ്ച നടന്ന ഏര്‍ണിംഗ്സ് കോണ്‍ഫറന്‍സില്‍ മാരുതി സുസുക്കി ഈ വര്‍ഷത്തെ തങ്ങളുടെ റോഡ്മാപ്പ് വെളിപ്പെടുത്തിയിരുന്നു.

ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് കാറിന്റെ ഡെലിവറി ടൈംലൈന്‍ സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം കോണ്‍ഫറന്‍സില്‍ ഉണ്ടായിരുന്നു. 2025 ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച ഇവിറ്റാരയുടെ വില പ്രഖ്യാപനം അടുത്ത മാസം നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മാരുതി ഇവിറ്റാരയുടെ ഡെലിവറി ആരംഭിക്കാന്‍ ഇനിയും മാസങ്ങള്‍ എടുക്കുമെന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
ഇവിറ്റാരയുടെ സെപ്റ്റംബര്‍ അവസാനത്തിന് മുമ്പ് ആഭ്യന്തര വില്‍പ്പന ആരംഭിക്കുമെന്ന് വെള്ളിയാഴ്ച നടന്ന കോണ്‍ഫറന്‍സ് കോളില്‍ മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ പറഞ്ഞു. ഈ വര്‍ഷം ഏകദേശം 70,000 ഇവി യൂണിറ്റുകള്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതിയെന്നും ഇതില്‍ ഭൂരിഭാഗവും കയറ്റുമതിക്കായി നീക്കിവയ്ക്കുമെന്നും ഭാര്‍ഗവ പറഞ്ഞു. ഇന്ത്യന്‍ വിപണിയിലെ ഡിമാന്‍ഡ് അനുസരിച്ച് ശേഷിക്കുന്ന യൂണിറ്റുകള്‍ ആഭ്യന്തരമായി വിതരണം ചെയ്യും.
മെയ് അല്ലെങ്കില്‍ ജൂണ്‍ മാസങ്ങളില്‍ മാരുതി സുസുക്കി ഇവിറ്റാരയുടെ ഉത്പാദനം ആരംഭിക്കുമെന്നും ആദ്യത്തെ കുറച്ച് ബാച്ചുകള്‍ വിദേശ വിപണികളിലേക്ക് അയയ്ക്കുമെന്നും മാരുതി ചെയര്‍മാന്‍ പറഞ്ഞു. മാരുതി ഇ വിറ്റാരയെ കുറിച്ച് പറയുമ്പോള്‍ ഇലക്ട്രിക് എസ്‌യുവി സ്റ്റാന്‍ഡേര്‍ഡ്-റേഞ്ച് FWD, ലോംഗ് റേഞ്ച് FWD വേരിയന്റുകളില്‍ ലഭ്യമാകും. ഇവിയുടെ ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ഫുള്‍ ചാര്‍ജില്‍ 500 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫീച്ചര്‍ വശം നോക്കുമ്പോള്‍ മാരുതി ഇവിറ്റാരയ്ക്ക് എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍, ഫിക്സഡ് ഗ്ലാസ് സണ്‍റൂഫ്, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേഷന്‍ ഫംഗ്ഷനോടുകൂടിയ 10-വേ പവര്‍ ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് പാസഞ്ചര്‍ സീറ്റ് തുടങ്ങിയവ ലഭിക്കും.
ലെവല്‍ 2 ADAS, ഡിസ്‌ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഡ്രൈവര്‍ കാല്‍മുട്ട് എയര്‍ബാഗ് ഉള്‍പ്പെടെ ഏഴ് എയര്‍ബാഗുകള്‍ എന്നിവയടക്കമുള്ള സേഫ്റ്റി ഫീച്ചറുകളും കാറില്‍ ഓഫര്‍ ചെയ്യുന്നു. ഇത് ഇവിറ്റാരയെ മാരുതിയുടെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നാക്കി മാറ്റുന്നു. ഏകദേശം 16 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയാണ് ഇലക്ട്രിക് എസ്‌യുവിയുടെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








