1 ദിവസം 1 സര്‍വീസ് സെന്റര്‍ മാരുതിക്ക് നിര്‍ബന്ധാ..! മുക്കിലും മൂലയിലും വരെയുള്ള വണ്ടിക്കമ്പനികളിലെ 'ദൈവം'
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഒറ്റരാത്രി കൊണ്ടല്ല ഈ ഒരു സാമ്രാജ്യം സൃഷ്ടിച്ചെടുത്തത്. ഓരോ മാസവും ലക്ഷക്കണക്കിന് കാറുകള്‍ വില്‍ക്കുന്ന മാരുതി ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡ് ആയി മാറാന്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് വില്‍പ്പനാനന്തര സേവനം. രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലും ചെന്നാലും മാരുതി സുസുക്കിയുടെ സര്‍വീസ് സെന്ററുകള്‍ കാണാം. എതിരാളികളില്‍ പലരും സര്‍വീസിനെ കുറിച്ച് പരാതികള്‍ കേള്‍ക്കുമ്പോള്‍ മാരുതി അതിന് വലിയ പ്രാധാന്യം നല്‍കി വരുന്നു. ഇപ്പോള്‍ രാജ്യമെമ്പാടുമുള്ള തങ്ങളുടെ സര്‍വീസ് ശൃംഖല 5,500 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി ഇന്ത്യ.
രാജസ്ഥാനിലെ ഉദയ്പൂരില്‍ ഏറ്റവും പുതിയ സര്‍വീസ് സെന്റര്‍ ആരംഭിച്ചാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ആഫ്റ്റര്‍ സെയില്‍സ് സര്‍വീസില്‍ പുതിയ നാഴികക്കല്ല് തണ്ടിയത്. ഈ വിപുലീകരണത്തോടെ മാരുതി സുസുക്കിയുടെ വില്‍പ്പനാനന്തര സര്‍വീസ് ശൃംഖലയിലെ സര്‍വീസ് ബേകളുടെ എണ്ണം ഏകദേശം 40,000 ആയി മാറി. ഇത് പ്രതിവര്‍ഷം 3 കോടി വാഹനങ്ങള്‍ക്ക് വരെ സേവനം നല്‍കാന്‍ കമ്പനിയെ പ്രാപ്തമാക്കുന്നു.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി സുസുക്കി 2.7 കോടിയിലധികം വാഹനങ്ങള്‍ സര്‍വീസ് ചെയ്ത് നല്‍കി. ഒരു സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സര്‍വീസ് കണക്കാണിത്. ഇന്ത്യയിലെ അതിവേഗം വളരുന്ന പാസഞ്ചര്‍ വാഹന മേഖലയിലെ വില്‍പ്പനാനന്തര സേവനങ്ങള്‍ക്ക് വര്‍ധിച്ചുവരുന്ന ഡിമാന്‍ഡാണ് സര്‍വീസ് ശൃംഖലയുടെ വളര്‍ച്ചയുടെ പ്രധാന കാരണം.
മുമ്പ് നോണ്‍ മെട്രോ നഗരങ്ങളില്‍ സര്‍വീസ് സെന്ററുകളുടെ എണ്ണം താരതമ്യേന കുറവായിരുന്നു. എന്നാല്‍ പുതിയ കാലത്ത് വാഹനം വിറ്റാല്‍ മാത്രം പോര സര്‍വീസും മികച്ചതാകണമെന്ന സ്ഥിയിലെത്തി. ചെറുപട്ടണങ്ങളില്‍ ഉള്ളവര്‍ വരെ തങ്ങളുടെ പ്രദേശത്ത് സര്‍വീസ് ലഭിക്കുന്ന കമ്പനി നോക്കി കാര്‍ നോക്കി വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം മാരുതി 460 പുതിയ സര്‍വീസ് സെന്റുറുകളാണ് സ്ഥാപിച്ചത്.

അതായത് പ്രതിദിനം ശരാശരി ഒരു പുതിയ സര്‍വീസ് സെന്റര്‍ എങ്കിലും കമ്പനി തുറക്കുന്നുണ്ടെന്ന് പറയാം. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതിനോടകം 91 സര്‍വീസ് സെന്ററുകള്‍ ആരംഭിച്ചു കഴിഞ്ഞു. 2025-26 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 500 പുതിയ കേന്ദ്രങ്ങള്‍ കൂടി തുറക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. നിലവില്‍ 2,764 നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മാരുതിയുടെ ഈ ശൃംഖല ഇന്ത്യന്‍ വാഹന മേഖലയിലെ ഏറ്റവും വലിയ സര്‍വീസ് ഇന്‍ഫ്രാസ്ട്രക്ചറുകളില്‍ ഒന്നാണ്.
'ഇന്ത്യന്‍ കാര്‍ ഉപഭോക്താക്കള്‍ എളുപ്പത്തിലും വിശ്വസനീയവുമായ സര്‍വീസുകള്‍ക്ക് ഇപ്പോഴും മുന്‍ഗണന നല്‍കുന്നു. ഒരു വാഹനം വാങ്ങാനുള്ള ഉപഭോക്താവിന്റെ തീരുമാനത്തെ വില്‍പ്പനാനന്തര സേവനത്തി ലഭ്യതയും വിശ്വാസ്യതയും ഒരുപാട് സ്വാധീനിക്കുന്നു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഡീലര്‍ പങ്കാളിത്തത്തിലൂടെയുള്ള കമ്പനിയുടെ ഈ വളര്‍ച്ച ഇന്ത്യയിലുടനീളമുള്ള വാഹന ഉടമകള്‍ക്ക് ന്യായമായ നിരക്കില്‍ മികച്ച സര്‍വീസ് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്' മാരുതി സുസുക്കി ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകൂച്ചി പറഞ്ഞു.
രാജ്യത്തെ ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ വാഹന വില്‍പ്പന കൂടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉപഭോക്തൃ അടിത്തറ നിലനിര്‍ത്താനും അവരുടെ ഓണര്‍ഷിപ്പ് എക്‌സ്പീരിയന്‍സ് ഉയര്‍ത്താനും സര്‍വീസ് ശൃംഖല വിപുലീകരിക്കേണ്ടത് അത്യാവശ്യമാണ്. മറ്റ് പല കാര്യങ്ങളിലും എതിരാകളികള്‍ക്ക് മാതൃകയാകുന്ന മാരുതി ആഫ്റ്റര്‍ സെയില്‍സ് സര്‍വീസ് എങ്ങിനെ ആയിരിക്കണമെന്നും മാതൃക കാണിച്ച് കൊടുക്കുകയാണ്. ഇതേ രീതിയില്‍ ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യുന്നത് കൊണ്ട് കൂടിയാണ് പതിറ്റാണ്ടുകളായി മാരുതിയുടെ സിംഹാസനത്തിന് ഇളക്കമൊന്നും തട്ടാത്തതും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.
Source: Press Release/Maruti Suzuki


Click it and Unblock the Notifications








