ഫ്ലൈറ്റിൽ പോയി വാങ്ങിയാലും ലാഭം! വെറും ₹8.99 ലക്ഷത്തിന് 27KM മൈലേജുളള മാരുതി വിറ്റ്തീര്‍ക്കുന്നു
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കോംപാക്ട് എസ്‌യുവിയാണ് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര. ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനിലടക്കം ഓഫര്‍ ചെയ്യുന്ന ഗ്രാന്‍ഡ് വിറ്റാര നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വില്‍ക്കുന്നത്. 2025 കലണ്ടര്‍ വര്‍ഷം അവസാനിക്കാനിരിക്കേ ഈ എസ്‌യുവിക്ക് കമ്പനി മികച്ച ഇയര്‍ എന്‍ഡ് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ മാസം ആകര്‍ഷകമായ ഓഫറുകള്‍ പ്രയോജനപ്പെടുത്താം. ഓരോ വര്‍ഷവും ഇന്‍പുട്ട് ചെലവുകള്‍ വര്‍ധിക്കുന്നതിനാല്‍ പൊതുവേ പുതുവര്‍ഷത്തില്‍ ബ്രാന്‍ഡുകള്‍ വില വര്‍ധിപ്പിക്കാറുണ്ട്. അതിനാല്‍ വില വര്‍ധനവിന് മുമ്പ് ആകര്‍ഷകമായ ഓഫറില്‍ കാര്‍ സ്വന്തമാക്കാനുള്ള ലാസ്റ്റ് ചാന്‍സായിരുന്നു ഡിസംബര്‍ ഓഫറുകള്‍.
2025 സെപ്റ്റംബറില്‍ ചരക്കുസേവന നികുതി (ജിഎസ്ടി) പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വന്നതിനാല്‍ 2026 ജനുവരിയില്‍ കാര്‍ നിര്‍മാതാക്കള്‍ വില വര്‍ധിപ്പിക്കുമോ എന്ന കാര്യം തീര്‍ച്ചയില്ല. ചില ആഡംബര കാര്‍ ബ്രാന്‍ഡുകള്‍ ഒഴികെ മാസ് മാര്‍ക്കറ്റ് ബ്രാന്‍ഡുകള്‍ ഒന്നും തന്നെ വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടില്ല. ഏതായാലും വര്‍ഷാവസാനം സ്റ്റോക്ക് ക്ലിയറന്‍സിനായി മാരുതി സുസുക്കി തങ്ങളുടെ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് മികച്ച ഡിസ്‌കൗണ്ടുകളും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്.

ഇപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിലയില്‍ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര വില്‍പ്പനക്ക് വെച്ച വിവരമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ചയാകുന്നത്. മാരുതി ഗ്രാന്‍ഡ് വിറ്റാരയുടെ ഈ ഡിസംബര്‍ ഓഫറുകളെ കുറിച്ചുള്ള വിവരങ്ങള്‍ _akashnidhi_vlogs എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പുറത്തുവന്നത്. ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള ഒരു മാരുതി സുസുക്കി ഡീലര്‍ഷിപ്പില്‍ നിന്നുള്ള ഓഫര്‍ വിവരങ്ങളടങ്ങുന്ന ദൃശ്യങ്ങളിലാണ് പോസ്റ്റില്‍ അടങ്ങിയിരിക്കുന്നത്.
ഷോറൂമിനുള്ളില്‍ പ്രദര്‍ശിപ്പിച്ച പോസ്റ്റര്‍ അനുസരിച്ച് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര വെറും 8.99 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം. ഇത് അവിശ്വസനീയമായ ഒരു ഓഫറാണെന്ന് പറയേണ്ടതില്ലെല്ലോ. ഡിസ്‌കൗണ്ട് ഇല്ലാതെ ഈ മിഡ്-സൈസ് എസ്‌യുവിയുടെ ബേസ് വേരിയന്റിന് 10.77 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. അതുകൊണ്ട് തന്നെ ഈ ഓഫര്‍ പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക് ഏകദേശം 1.78 ലക്ഷം രൂപ പോക്കറ്റിലാക്കാന്‍ കഴിയും.
ഈ ഡിസ്‌കൗണ്ടുകളുടെ കൃത്യമായ ഘടനയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എന്നിരുന്നാലും, ക്യാഷ് ബെനിഫിറ്റ്, എക്‌സ്‌ചേഞ്ച് ബോണസ്, ഓണര്‍ഷിപ്പ് പ്രോഗ്രാം, കോര്‍പറേറ്റ് ബെനഫിറ്റ്, സ്‌ക്രാപ്പേജ് ബോണസ് തുടങ്ങിയ പലതരം ആനുകൂല്യങ്ങള്‍ ഈ ഓഫറില്‍ ഉള്‍പ്പെട്ടിരിക്കാം. ഏതായാലും കേരളത്തിലടക്കമുള്ളവര്‍ക്ക് ഫൈ്‌ലറ്റ് പിടിച്ച് മഥുരക്ക് പോയാലും ഒരുപക്ഷേ ലാഭമായിരിക്കും.
എന്ന് കരുതി എടുത്ത് ചാടി പോകാതെ ഗ്രാന്‍ഡ് വിറ്റാരക്ക് കേരളത്തിലെ ഡീലര്‍മാര്‍ നല്‍കുന്ന ഓഫറുകളെ കുറിച്ച് അന്വേഷിക്കാന്‍ താല്‍പര്യപ്പെടുന്നു. ഡിസ്‌കൗണ്ട് ഓഫറുകള്‍ നഗരം അനുസരിച്ച് വ്യത്യാസപ്പെടുന്നതായിരിക്കുമെന്ന് പ്രത്യേകം ഓര്‍മിക്കുമല്ലോ. കൂടാതെ സ്റ്റോക്ക് ലഭ്യതയെ ആശ്രയിച്ചാവും പരമാവധി ഓഫറുകള്‍ ലഭ്യമാവുക. കൃത്യമായ വിവരങ്ങൾ അറിയാൻ ഏറ്റവും അടുത്തുള്ള മാരുതി സുസുക്കി ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം.

ഗ്രാന്‍ഡ് വിറ്റാരയെ കുറിച്ച് പറയുമ്പോള്‍ മാരുതി സുസുക്കിയും ടൊയോട്ടയും സംയുക്തമായാണ് ഈ എസ്‌യുവി നിര്‍മിച്ചത്. ഇതേ കാറിന്റെ ടൊയോട്ട കസിന്‍ മോഡലാണ് അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍. ഈ രണ്ട് എസ്‌യുവികളുടെയും ആകര്‍ഷകമായ ഘടകം ഇതിലെ ഹൈബ്രിഡ് പവര്‍ട്രെയിനാണ്. 115 bhp പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ഇ-സിവിടി ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള എസ്‌യുവികളില്‍ ഒന്നായ ഗ്രാന്‍ഡ് വിറ്റാരയുടെ ഹൈബ്രിഡ് വേരിയന്റുകള്‍ ലിറ്ററിന് 27.97 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഹൈബ്രിഡ് അല്ലാതെ മൈല്‍ഡ് ഹൈബ്രിഡ്, സിഎന്‍ജി ഓപ്ഷനുകളിലും ഈ കാര്‍ തെരഞ്ഞെടുക്കാം.
103 bhp പവര്‍ നല്‍കുന്ന ഗ്രാന്‍ഡ് വിറ്റാരയിലെ 1.5 ലിറ്റര്‍ K15C മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളുമായി ഇണചേര്‍ത്തിരിക്കുന്നു.

മൈല്‍ഡ് ഹൈബ്രിഡ് ടെക്കിനൊപ്പം ഗ്രാന്‍ഡ് വിറ്റാര ലിറ്ററിന് 20.58 കിലോമീറ്റര്‍ മുതല്‍ 21.11 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത നല്‍കുമെന്നാണ് കമ്പനി പറയുന്നത്. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം മാത്രം വാങ്ങാന്‍ സാധിക്കുന്ന ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 26.6 കിലോമീറ്ററാണ്. മികച്ച ഇന്ധനക്ഷമത മാത്രമല്ല ഫീച്ചര്‍ സമ്പന്നമായ ക്യാബിനും എസ്‌യുവിക്ക് ലഭിക്കുന്നു.
9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 6 എയര്‍ബാഗുകള്‍ എന്നിവയുള്‍പ്പെടെ നിരവധി നൂതന സവിശേഷതകള്‍ ഇതിന് ലഭിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, എംജി ആസ്റ്റര്‍ എന്നിവയയാണ് ഗ്രാന്‍ഡ് വിറ്റാരയുടെ എതിരാളി.


Click it and Unblock the Notifications








